സ്വന്തം ലേഖകൻ: ഒമാനില്‍ ഇന്ത്യന്‍ സ്‌കൂള്‍സ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിന് കീഴിലെ ഇന്ത്യന്‍ സ്‌കൂളുകളിലേക്കുള്ള അടുത്ത അധ്യയന വര്‍ഷത്തെ പ്രവേശന നടപടികള്‍ ഈ മാസം 21ന് ആരംഭിക്കും.തലസ്ഥാനത്തെയും പരിസരങ്ങളിലെയും ഏഴ് ഇന്ത്യന്‍ സ്‌കൂളുകളിലേക്കുള്ള അഡ്മിഷനാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ നടക്കുക.
കെ ജി മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള പ്രവേശനത്തിനാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍. അഡ്മിഷന്‍ നടപടികള്‍ പൂര്‍ണമായും ഓണ്‍ലൈനിലൂടെയാണ് നടക്കുന്നത്. രേഖകള്‍ സമര്‍പ്പിക്കുന്നതിനോ ഫീസ് അടക്കുന്നതിനോ രക്ഷിതാക്കള്‍ സ്‌കൂള്‍ സന്ദര്‍ശിക്കേണ്ടതില്ല.
www.indianschoolsoman.com എന്ന പോര്‍ട്ടലിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. മസ്‌കത്ത്, ദാര്‍സൈത്ത്, വാദി കബീര്‍, സീബ്, ഗുബ്ര, മബേല, ബൗഷര്‍ ഇന്ത്യന്‍ സ്‌കൂളുകളിലേക്കാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സൗകര്യമുള്ളത്. 2024 ഏപ്രില്‍ ഒന്നിന് മൂന്ന് വയസ് പൂര്‍ത്തിയായ കുട്ടികള്‍ക്കായിരിക്കും കിന്റര്‍ഗാര്‍ട്ടന്‍ പ്രവേശനത്തിന് അര്‍ഹതയുണ്ടാകുക.
റസിഡന്റ് വീസയുള്ള ഇന്ത്യക്കാരുടെ മക്കള്‍ക്കാണ് പ്രവേശനം ലഭിക്കുക. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികള്‍ക്കുള്ള പ്രവേശനം ഇന്ത്യന്‍ സ്‌കൂള്‍ മസ്‌കത്ത് പരിസരത്ത് സ്ഥിതി ചെയ്യുന്ന കെയര്‍ ആന്‍ഡ് സ്‌പെഷ്യല്‍ എജ്യുക്കേഷനില്‍ (സി എസ് ഇ) ലഭ്യമാണ്. പ്രവേശനത്തിനായി www.cseoman.com വഴി അപേക്ഷിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല