സ്വന്തം ലേഖകൻ: സലാലയിൽ കടലിൽ വീണു കാണാതായ ഇന്ത്യക്കാരിൽ ഒരു കുട്ടിയടക്കം രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുന്നു. കൂടുതൽ സുരക്ഷാ വിഭാഗങ്ങൾ രംഗത്തെത്തി. മൂന്നു കുട്ടികളടക്കം ഒരു കുടുംബത്തിലെ എട്ടു പേരാണു ഞായറാഴ്ച ഉച്ചയോടെ മുഗ്സെയിൽ ബീച്ചിൽ തിരമാലയിൽപ്പെട്ടു കടലിൽ വീണത്.
മൂന്നു പേരെ ഉടൻ രക്ഷപ്പെടുത്തി. സുരക്ഷാ ബാരിക്കേഡുകൾ മറികടന്നു ഫോട്ടോ എടുക്കാൻ ശ്രമിക്കവേയാണ് അപകടം. ദുബായിൽ നിന്നെത്തിയ ഉത്തരേന്ത്യക്കാരാണ് അപകടത്തിൽപ്പെട്ടത്. ഉയർന്നു പൊങ്ങിയ തിരമാലയിൽ പെടുകയായിരുന്നു ഇവർ. ഇതിന്റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു.
തിരച്ചിലിൽ സഹായിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനുമായി തിങ്കളാഴ്ച രാത്രിയോടെ നാഷനൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ടീം എത്തി. പ്രതിരോധ മന്ത്രാലയം, ആംബുലൻസ് റെസ്‌ക്യൂ ടീം എന്നിവയും തിരച്ചിലിന് ചേരുമെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസവും ഒമാന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയാണ് പെയ്തത്. ജാലന്‍ ബനീ ബൂ അലി പ്രദേശത്ത് 173 മില്ലിമീറ്റര്‍ മഴയാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. തുടര്‍ച്ചയായി പെയ്യുന്ന മഴ കാരണം ഗ്രാമങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. മലഞ്ചെരിവുകളില്‍ നിന്നുണ്ടായ മലവെള്ളപ്പാച്ചില്‍ കാരണം പലയിടങ്ങളിലും റോഡുകള്‍ തകര്‍ന്നിട്ടുണ്ട്. വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. തിരമാലകള്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല