1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 16, 2023

സ്വന്തം ലേഖകൻ: ചെറിയ പെരുന്നാളിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയെങ്കിലും ഒമാന്‍-കേരള സെക്ടറുകളില്‍ പതിവിന് വിപരീതമായി കുറഞ്ഞ നിരക്കില്‍ ടിക്കറ്റുമായി വിമാന കമ്പനികള്‍. വിമാന ടിക്കറ്റിന് ഇത്തവണ മാനം മുട്ടെ നിരക്കില്ല. കോഴിക്കോട്, കണ്ണൂര്‍, കൊച്ചി, തിരുവന്തപുരം റൂട്ടിലെല്ലാം ഇപ്പോഴും സാധാരണ നിരക്കുകളില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. ഒമാന്‍ എയര്‍ ഉള്‍പ്പെടെ വിമാനങ്ങളില്‍ നിരക്കുകള്‍ കുറവാണ്.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പകുതി നിരക്കില്‍ ടിക്കറ്റ് ലഭിക്കുന്ന സന്തോഷത്തിലാണ് പ്രവാസി മലയാളികള്‍. നാല് ഇരട്ടിവരെ ടിക്കറ്റ് നിരക്കുയര്‍ന്നിരുന്ന റമസാനിലെ അവസാന ദിനങ്ങളിലും ഇത്തവണ താരതമ്യേന കുറഞ്ഞ ചെലവില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. പെരുന്നാളിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ വരെ ചില സെക്ടറുകളില്‍ 50 റിയാലില്‍ താഴെ മാത്രമാണ് ടിക്കറ്റ് നിരക്ക്.

എയര്‍ ഇന്ത്യ എക്സ്പ്രസില്‍ മസ്‌കത്തില്‍ നിന്നും കോഴിക്കോട്ടേക്ക് ഏപ്രില്‍ 18 വരെ 37 റിയാലിന് ടിക്കറ്റുകള്‍ ലഭ്യമാണ്. പെരുന്നാളിന് തൊട്ടുമുമ്പുള്ള ദിവസങ്ങളായ ഏപ്രില്‍ 19, 20, ദിവസങ്ങളിലും 54 റിയാലണ് ടിക്കറ്റ് നിരക്ക്. 21 മുതല്‍ വീണ്ടും ടിക്കറ്റ് നിരക്ക് 37 റിയാലാകും. മസ്‌കത്ത്-കണ്ണൂര്‍ റൂട്ടില്‍ ഏപ്രില്‍ 17ന് 35 റിയാല്‍ ആണ് ടിക്കറ്റിന് ചെലവ് വരുന്നത്. 19ന് 64 റിയാലാണ്. കൊച്ചിയിലേക്ക് ഏപ്രില്‍ 18 വരെ 42 റിയാലില്‍ താഴെയാണ് ടിക്കറ്റ് നിരക്ക്.

ഏപ്രില്‍ 19ന് 71ഉം 20ന് 81 റിയാലുമാണ് നിരക്ക്. തിരുവനന്തപുരം സെക്ടറില്‍ ഏപ്രില്‍ 18 വരെ 42 റിയാലില്‍ താഴെയാണ് നിരക്ക്. തുടര്‍ന്നുള്ള ദിവസങ്ങളിലും 71 മുതല്‍ 81 റിയാല്‍ വരെ മാത്രമാണ് ടിക്കറ്റിന് ഈടാക്കുന്നത്. ഇതിന് ശേഷം വീണ്ടും നിരക്ക് താഴേക്ക് വരും. മുന്‍ വര്‍ഷങ്ങളില്‍ ഇതേ ദിവസങ്ങളില്‍ 150 റിയാലിന് മുകളിലായിരുന്നു ടിക്കറ്റ് നിരക്കുകള്‍.

അതേസമയം, ടിക്കറ്റ് നിരക്ക് കുറവാണെങ്കിലും മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ പെരുന്നാളിന് നാട്ടിലേക്ക് ടിക്കറ്റെടുത്തവര്‍ കുറവാണെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. പെരുന്നാള്‍ അവധി കുറഞ്ഞതും സ്‌കൂള്‍ പുതിയ അധ്യായന വര്‍ഷം ആരംഭിച്ചതും ഇതിന് കാരണമായി. കുടംബങ്ങള്‍ ഭൂരിഭാഗവും ഇത്തവണ പെരുന്നാളിന് നാടണയുന്നില്ല. ജൂണില്‍ സ്‌കൂള്‍ അവധിക്കാലത്ത് നാട്ടിലേക്ക് പറക്കാന്‍ കാത്തിരിക്കുകയാണ് ഭൂരിഭാഗം പേരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.