സ്വന്തം ലേഖകൻ: ബാങ്കിങ് വിവരങ്ങൾ പുതുക്കാനാണന്ന് പറഞ്ഞ് ഒമാനിൽ നടക്കുന്ന പുതിയ ഓൺലൈൻ ബാങ്കിങ് തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി അധികൃതർ. ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് വിളിക്കുന്ന അജ്ഞാതർക്ക് കാർഡ് വിവരങ്ങൾ കൈമാറരുതെന്ന് റോയൽ ഒമാൻ പൊലീസ് നേരത്തേതന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
കെ.വൈ.സി വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ അഭ്യർർഥിച്ച് ബാങ്കിൽ നിന്നാണെന്ന് കാണിച്ചാണ് എസ്.എം.എസ്, വാട്സ്ആപ്പ് സന്ദേശങ്ങൾ തട്ടിപ്പ് സംഘങ്ങൾ അയക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പ്രവാസികൾക്ക് ഇത്തരത്തിലുള്ള സന്ദേശങ്ങൾ ലഭിക്കുകയുണ്ടായി. കെ.വൈ.സി, പിൻ നമ്പർ, ഒ.ടി.പി എന്നിവയും മറ്റും ആവശ്യപ്പെട്ട് ഉപഭോക്താവിന് സന്ദേശങ്ങളും ഇമെയിലുകളും അയക്കുന്ന തട്ടിപ്പിനെ കുറിച്ച് ഒമാനിലെ ബാങ്കുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബാങ്കിങ് വിശദാംശങ്ങൾ ആരുമായും പങ്കിടരുതെന്നും ഇത്തരത്തില പിൻ, ഒ.ടി.പി, സി.വി.വി, കാർഡ് നമ്പർ എന്നിവ ഫോൺ, എസ്.എം.എസ്, വാട്ട്‌സ് ആപ്പ്, വെബ് ലിങ്ക് വഴി ആവശ്യപ്പെടില്ല എന്നും അധികൃതർ മുന്നറിയിപ്പിൽ പറയുന്നു. അജ്ഞാത ഇടപാട് കാരണം നിങ്ങളുടെ എ.ടി.എം കാർഡ് േബ്ലാക്ക് ചെയ്യപ്പെടും എന്ന് പറഞ്ഞ് വാട്സ് ആപ് സന്ദേശം അയച്ചാണ് മറ്റൊരു തട്ടിപ്പ് നടക്കുന്നത്.
ബാങ്കിന്റെ വ്യാജ ലോഗോ ഉപയോഗിച്ചാണ് തട്ടിപ്പ് സംഘം ഇത്തരത്തിൽ സന്ദേശം അയക്കുന്നത്. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും നമ്പർ ഉടൻ ബ്ലോക്ക് ചെയ്യുകയും ബാങ്കിനെ ഉടനെ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല