സ്വന്തം ലേഖകൻ: തൊഴിൽ നിയമ ലംഘകരെയും നിയമവിധേയമല്ലാത്ത വ്യാപാരം നടത്തുന്നവരെയും കണ്ടെത്താൻ കർശന നടപടികളുമായി തൊഴിൽ മന്ത്രാലയം. ജനുവരി ആദ്യം മുതൽ തൊഴിൽ നിയമ ലംഘകരെകണ്ടെത്താനുള്ള പരിശോധന ശക്തമാക്കും. ഇതിനായി സെക്യൂരിറ്റി ആൻഡ് സേഫ്റ്റി കോർപറേഷനുമായി തൊഴിൽ മന്ത്രാലയം ധാരണയിലെത്തി. തൊഴിൽ മന്ത്രി മഹദ് ബിൻ സഈദ് ബവോയ്നും സെക്യൂരിറ്റി ആൻഡ് സേഫ്റ്റി കോർപറേഷൻ ചെയർമാൻ അബ്ദുല്ല ബിൻ അലി അൽ ഹാർത്തിയും അടുത്തിടെ കരാർ ഒപ്പുവെച്ചിരുന്നു.
ഈ സുരക്ഷ സംവിധാനം ഉപയോഗപ്പെടുത്തി തൊഴിൽ നിയമ ലംഘന പരിശോധന ശക്തമാക്കുകയും നിയമ ലംഘകരെ കണ്ടെത്തുകയുമാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. ഒമാനിൽ തൊഴിൽ നിയമ ലംഘനം വ്യാപകമാണെന്നും ഇതു തൊഴിൽ വിപണിയെ പ്രതികൂലമായി ബാധിക്കുന്നതായും കണ്ടെത്തിയിരുന്നു. രാജ്യത്ത് നിരവധി വിദേശികൾ നിയമവിരുദ്ധമായി ജോലി ചെയ്യുന്നുണ്ടെന്നാണു കണക്ക്. ഇതിൽ താമസ വിസയും അനുബന്ധ രേഖകളും ഇല്ലാത്തവരും നിരവധിയാണ്.
സ്പോൺസർ മാറി ജോലി ചെയ്യുന്നവർ, സ്വദേശികൾക്കായി നീക്കിവെച്ച മേഖലയിൽ ചെയ്യുന്നവർ, തൊഴിൽ കാർഡിൽ പറഞ്ഞതല്ലാത്ത ജോലികൾ ചെയ്യുന്നവർ എന്നിങ്ങനെ നിരവധി വിഭാഗങ്ങൾക്ക് പിടിവീഴും. ജനുവരി മുതൽ പ്രത്യേക സംഘമാണ് പരിശോധനക്കിറങ്ങുക. നിലവിൽ മറ്റു പല മേഖലകളിലും സെക്യൂരിറ്റി ആൻഡ് സേഫ്റ്റി കോർപറേഷൻ സേവനമനുഷ്ഠിക്കുന്നുണ്ട്. ഈ മേഖലകളിൽ കാര്യക്ഷമത തെളിയിച്ചവരാണ് ഈ വിഭാഗം.
അടുത്ത മാസംമുതൽ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും ശക്തമായ പരിശോധനയുണ്ടാവും. താമസ രേഖകൾ ശരിയല്ലാത്തവർ ഉടൻ ശരിപ്പെടുത്തുന്നതാവും ഉചിതം. അതോടൊപ്പം വിസ, ലേബർ കാർഡ് എന്നിവ കാലാവധി കഴിഞ്ഞവരും ഉടനെ ശരിയാക്കുന്നതും നല്ലതാവും. സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ലേബർ കാർഡിൽ പറഞ്ഞ ജോലിതന്നെയാണോ ചെയ്യുന്നതെന്നും ഉറപ്പാക്കണം. റോഡിൽ യാതൊരു രേഖയുമില്ലാതെ ഹോം ഡെലിവറിയും മറ്റും നടത്തുന്നവരും കുടുങ്ങും. അൽ ഹമരയ്യ അടക്കമുള്ള നഗരങ്ങളിൽ ഫ്രീ വിസയിൽ വന്നു നിർമാണ ജോലിക്കു പോകുന്നവരും നിരവധിയാണ്.
ആവശ്യക്കാർ ഇവിടെവന്നു തൊഴിലാളികളെ ജോലിക്കു കൊണ്ടു പോകാറുണ്ട്. നിയമം കർശനമാവുന്നതോടെ ഇത്തരക്കാർക്കെല്ലാം പിടിവീഴും. ഇത്തരമാളുകൾ പിടിക്കപ്പെട്ടാൽ ഭീമമായ പിഴയാണ് അടക്കേണ്ടിവരിക. അതു തൊഴിലുടമയാണ് അടക്കേണ്ടത്. തൊഴിലുടമ പിഴ അടച്ചില്ലെങ്കിൽ തടവിലും കഴിയേണ്ടിവരും. ഈ വർഷം ജൂൺവരെ മസ്കത്തിൽനിന്ന് മാത്രം 5724 തൊഴിൽ നിയമ ലംഘകരാണു പിടിയിലായത്. ഇതിൽ 3887 പേരെ നാടുകളിലേക്കു തിരിച്ചയച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല