സ്വന്തം ലേഖകൻ: ഒമാനികളല്ലാത്ത തൊഴിലാളികൾക്ക് ജൂൺ ഒന്നുമുതൽ പുതിയ വർക്ക് പെർമിറ്റ് ഫീസ് പ്രാബല്യത്തിൽ വരുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ഉയർന്നതും, ഇടത്തരം തൊഴിലുകൾക്കും സാങ്കേതികവും സ്പെഷലൈസ്ഡ് ജോലികൾ ചെയ്യുന്നവർക്കുമാണ് പുതിയ ഫീസ്. പുതിയ വർക് പെർമിറ്റ് എടുക്കാനും ബിസിനസ് തുടങ്ങാനും പുതുക്കിയ ഫീസ് ബാധകമായിരിക്കും.
സ്വകാര്യ മേഖലയിൽ ഒമാനികൾക്ക് കൂടുതൽ ജോലി ലഭ്യമാക്കുന്നതിനാണ് തീരുമാനമെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. പുതുതായി നൽകുന്ന അപേക്ഷകർക്കും ഈ തീരുമാനം നടപ്പാക്കുന്ന തീയതിക്ക് മുമ്പായി തൊഴിലുടമകൾ ഫീസ് അടച്ചിട്ടില്ലെങ്കിൽ നിലവിൽ നൽകിയ അപേക്ഷകർക്കും തീരുമാനം ബാധകമായിരിക്കുമെന്നും ഒമാൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു,
ഒമാനി പൗരന്മാർക്ക് കൂടുതൽ ജോലി നൽകുന്നതിെൻറ ഭാഗമായി പുതിയ ഫീസ് നിരക്ക് നടപ്പാക്കുമെന്ന് ഇക്കഴിഞ്ഞ ജനുവരിയിൽതന്നെ അറിയിച്ചിരുന്നു. പുതുക്കിയ ഫീസ് ഉയർന്ന തൊഴിലുകളിലെ വിസക്ക് 2001റിയാലും ഇടത്തരം തൊഴിലുകളിലേതിന് 1001റിയാലും സാങ്കേതികവും സ്പെഷലൈസ്ഡ് ജോലികൾക്കും 601റിയാലും ആയിരിക്കുമെന്നാണ് മുമ്പ് അറിയിച്ചിരുന്നത്.
പുതിയ ഫീസ് നിലവിൽ വരുന്നത് പ്രവാസികൾക്ക് സാമ്പത്തികമായ അധിക ബാധ്യത സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ, സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഇതു സൃഷ്ടിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
സ്വദേശിവൽക്കരണം ഊർജിതമാക്കിയ രാജ്യത്ത് ഈ വർഷം 32,000 സ്വദേശികൾക്കു നിയമനം നൽകാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഉത്തരവ് പുറത്തിറങ്ങി. സർക്കാർ സർവീസിൽ 12,000 പേർക്കു നിയമനം നൽകും. കൂടാതെ 2,000 പേരെ താൽക്കാലികമായിയും നിയമിക്കും. വിവിധ ഗവർണറേറ്റുകളിൽ പാർട് ടൈം അടിസ്ഥാനത്തിൽ കൂടുതൽ സ്വദേശികളെ നിയമിക്കാനും നിർദേശമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല