![](https://www.nrimalayalee.com/wp-content/uploads/2021/11/Oman-National-Day-Celebration.jpg)
സ്വന്തം ലേഖകൻ: പ്രൗഢമായ ദേശീയദിനാഘോഷത്തില്‍ സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ നേതൃത്വത്തിന് കീഴില്‍ രാജ്യം ഇന്ന് 51ാം ദേശീയ ദിനാഘോഷത്തിന്റെ പൊലിമയിലാണ്. നാടും നഗരവും സ്വദേശികളും വിദേശികളും ദേശീയദിനം ആഘോഷപൂര്‍വം കൊണ്ടാടുന്നു.
കോവിഡ് സാഹചര്യത്തില്‍ നിയന്ത്രണങ്ങളോടെയാണ് ആഘോഷങ്ങള്‍. പൊതുപരിപാടികള്‍ക്ക് വിലക്കുണ്ട്. പാതയോരങ്ങളും കെട്ടിടങ്ങളും ദേശീയ പതാകകള്‍ കൊണ്ടും പതാക വര്‍ണങ്ങള്‍ കൊണ്ടും അലങ്കരിച്ചിട്ടുണ്ട്. എല്ലായിടത്തും സുല്‍ത്താന്റെ ചിത്രങ്ങൾ ആലേഖനം ചെയ്തും നാട് ആഘോഷത്തിന് കൊഴുപ്പുകൂട്ടി.
ലോക രാഷ്ട്രങ്ങളും ഭരണാധികാരികളുമടക്കം നിരവധി പേരാണ് ദേശീയദിനം ആഘോഷിക്കുന്ന രാജ്യത്തിന് ആശംസകള്‍ നേര്‍ന്നത്. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ നേതൃത്വം ഇനിയും ഏറെ കാലം രാജ്യത്തിന് ലഭിക്കട്ടെയെന്ന് ലോക നേതാക്കള്‍ ആശംസിച്ചു
അൽ മുതഫ കാമ്പിൽ സൈനിക പരേഡ് ഇന്ന് നടക്കും. സായുധ സേന സുപ്രീം കമാൻഡർ കൂടിയായ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് സല്യൂട്ട് സ്വീകരിക്കും. സൈന്യത്തിന്റെ ബാൻഡ് പരേഡും നടക്കും. റോയൽ ആർമി ഓഫ് ഒമാൻ, റോയൽ എയർ ഫേഴ്സ് ഓഫ് ഒമാൻ, റോയൽ നേവി ഓഫ് ഒമാൻ, റോയൽ ഗാർഡ് ഓഫ് ഒമാൻ, സുൽത്താൻ സ്പെഷ്യൽ ഫോഴ്സ്, റോയൽ ഒമാൻ പൊലീസ്, റോയൽ കോർട്ട് അഫയേഴ്‌സ് തുടങ്ങിയ വിഭാഗങ്ങളും ദേശീയദിന ബാൻഡ് പരേഡിൽ പങ്കെടുക്കും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വെടിക്കെട്ടും കരിമരുന്ന് പ്രയോഗവും വ്യാഴം, വെള്ളി ദിവസങ്ങളിലായി നടക്കും. ദോഫാര്‍, മസ്‌കത്ത് ഗവര്‍ണറേറ്റുകളിലാണ് ഇത്തവണ വെടിക്കെട്ട് നടക്കുന്നതെന്നു ദേശീയദിനാഘോഷ സെക്രട്ടറി ജനറല്‍ ശൈഖ് സിബാ ബിന്‍ ഹമദ് അല്‍ സഅദി അറിയിച്ചു. മസ്‌കത്ത് ഗവര്‍ണറേറ്റില്‍ ഇന്നും ദോഫാര്‍ ഗവര്‍ണറേറ്റില്‍ നാളെയുമാണ് വെടിക്കെട്ട് നടക്കുക. രാത്രി എട്ട് മുതലായിരിക്കും വെടിക്കെട്ട്.
ദേശീയദിന പരേഡിന്റെ ഭാഗമായി പാർക്കിങ്ങിന് നിയന്ത്രണം ഏർപ്പെടുത്തി റോയൽ ഒമാൻ പൊലീസ്. ഇന്നു രാവിലെ എട്ടു മണി മുതൽ വൈകുന്നേരം എട്ടു വരെ അൽ ബർക പാലസ് റൗണ്ട് എബൗട്ട് മുതൽ അൽ മുറഫ ക്യാംപിലെ മിലിട്ടറി പരേഡ് സ്‌ക്വയർ വരെയുളള പാതയുടെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല