സ്വന്തം ലേഖകൻ: സമ്പദ്‌വ്യവസ്ഥ അഭിവൃദ്ധിപ്പെടുത്താന്‍ ലക്ഷ്യമിടുന്ന ഒമാന്‍ പുതിയ സാമ്പത്തിക നഗരവും രണ്ട് ഇക്കണോമിക് ഫ്രീ സോണുകളും സ്ഥാപിക്കും. ഇതു സംബന്ധിച്ച് ഒമാന്‍ ഭരണാധികാരി കഴിഞ്ഞ ദിവസം രണ്ട് രാജകീയ ഉത്തരവുകള്‍ പുറപ്പെടുവിച്ചു. സൗത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റില്‍ ഖസാഇന്‍ ഇക്കണോമിക് സിറ്റി സ്ഥാപിക്കുമെന്ന് ആദ്യ ഉത്തരവില്‍ പറയുന്നു. ഖസാഇന്‍ ഇക്കണോമിക് സിറ്റിക്കുള്ളില്‍ രണ്ട് ഫ്രീ സോണുകള്‍ സ്ഥാപിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് രണ്ടാമത്തെ ഉത്തരവെന്ന് ഒമാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കും ഫ്രീ സോണുകള്‍ക്കുമുള്ള പബ്ലിക് അതോറിറ്റിയുടെ മേല്‍നോട്ടത്തിലാണ് ഖസാഇന്‍ സാമ്പത്തിക നഗരം പ്രവര്‍ത്തിക്കുക. ഒമാന്‍ ലോജിസ്റ്റിക്‌സ് കമ്പനിയാണ് ഇക്കണോമിക് സിറ്റിയുടെയും അതില്‍ സജ്ജീകരിച്ചിരിക്കുന്ന രണ്ട് ഫ്രീ സോണുകളുടെയും പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത്. ഖസാഇന്‍ ഇക്കണോമിക് സിറ്റി കമ്പനിയാണ് ഖസാഇന്‍ ഇക്കണോമിക് സിറ്റിയുടെയും അതില്‍ സജ്ജീകരിച്ചിരിക്കുന്ന രണ്ട് ഫ്രീ സോണുകളുടെയും ഡെവലപ്പര്‍ എന്നും ഉത്തരവില്‍ പറയുന്നു.
സാമ്പത്തിക വൈവിധ്യവല്‍ക്കരണ സംരംഭങ്ങളുമായി മുന്നോട്ടുപോകുന്ന ഒമാന്റെ സമ്പദ്‌വ്യവസ്ഥ ശക്തമാണെന്ന് കഴിഞ്ഞ മാസം ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐ.എം.എഫ്) ചൂണ്ടിക്കാട്ടിയിരുന്നു. പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കുന്ന നടപടികളും സാമ്പത്തിക പരിഷ്‌കരണങ്ങളുമാണ് സമ്പദ് വ്യവസ്ഥയെ ശക്തിപെടുത്തിയത്. എണ്ണവിലയും നുകൂലമായി. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ നോണ്‍ ഒപെക് ഉല്‍പ്പാദകരായ ഒമാന്‍ ഈ വര്‍ഷം 1.3 ബില്യണ്‍ റിയാലിന്റെ ബജറ്റ് കമ്മി പ്രതീക്ഷിക്കുന്നു.
ഒമാനെ യുഎഇയുമായി ബന്ധിപ്പിക്കുന്ന 3 ബില്യണ്‍ ഡോളറിന്റെ റെയില്‍വേ ശൃംഖലയും സൗദി ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റുമായി 320 മില്യണ്‍ ഡോളറിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതി കരാറിലും ഒമാന്‍ ഒപ്പുവച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല