സ്വന്തം ലേഖകൻ: സുൽത്താൻ ഹൈതം ബിൻ താരിഖ് പ്രഖ്യാപിച്ച പുതിയ തൊഴിൽ നിയമം തൊഴിലാളികള്‍ക്ക് തൊഴില്‍ കരാര്‍ നല്‍കണമെന്ന് കണിശമായി നിര്‍ദേശിക്കുന്നതോടൊപ്പം കരാറില്‍ അനിവാര്യമായി ഉണ്ടാകേണ്ട വ്യവസ്ഥകള്‍ എന്തൊക്കെയാണെന്ന് നിര്‍ണയിക്കുകയും ചെയ്തിരിക്കുന്നു. വിദേശ തൊഴിലാളികളുടെ മിനിമം വേതനം പുതിയ നിയമത്തിൽ പരാമര്‍ശിച്ചിട്ടില്ലെങ്കിലും പ്രസ്തുത വിഷയത്തില്‍ സന്ദര്‍ഭോചിതമായ നിയമ നിര്‍മാണത്തിന് തൊഴില്‍ മന്ത്രിയെ ചുമതലപ്പെടുത്തിയിരിക്കുന്നത് കാണാം. തൊഴില്‍സമയത്തില്‍ കുറവ് വരുത്തിയതാണ് ശ്രദ്ധേയമായ ഒരു മാറ്റം.
ഒരു ദിവസം കൂടിയാല്‍ എട്ട് മണിക്കൂറും ഒരാഴ്ചയില്‍ കൂടിയാല്‍ 40 മണിക്കൂറുമാണ് പുതിയ നിയമപ്രകാരമുള്ള തൊഴില്‍ സമയം. ഓവര്‍ ടൈം അടക്കം കൂടിയാല്‍ 12 മണിക്കൂറാണ് ഒരു ദിവസത്തെ ജോലിസമയം. റദ്ദ് ചെയ്യപ്പെട്ട നിയമത്തില്‍ ഇത് ദിവസത്തില്‍ ഓവര്‍ ടൈം കൂടാതെ ഒമ്പതും ആഴ്ചയില്‍ 48 മണിക്കൂറുമായിരുന്നു. റമദാനിലെ തൊഴില്‍ സമയം ദിവസത്തില്‍ ആറു മണിക്കൂറില്‍നിന്ന് അഞ്ചായി കുറക്കുകയും ചെയ്തിട്ടുണ്ട്.
തൊഴില്‍ കരാര്‍ അവസാനിക്കുമ്പോള്‍ ലഭിക്കുന്ന ഗ്രാറ്റ്വിറ്റിയിലും പുതിയ നിയമം വര്‍ധന നല്കുന്നു. സർവിസ് കാലഘട്ടത്തിലെ ഓരോ വര്‍ഷത്തിനും ഒരുമാസത്തെ അടിസ്ഥാനവേതനം നല്‍കണമെന്ന് നിയമം നിര്‍ദേശിക്കുന്നു. ആദ്യ മൂന്നു വര്‍ഷങ്ങളില്‍ പകുതി മാസ വേതനമാണ് ഇതുവരെ നിലവില്‍ ഉണ്ടായിരുന്നത്.
തൊഴിലാളികളുടെ വേതനം ബാങ്ക് വഴി നല്കാന് നിയമത്തില്‍ കണിശമായ നിര്‍ദേശമുണ്ട്. തൊഴിലാളികള്‍ക്ക് സമയത്തിനുതന്നെ ശമ്പളം നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഇത് സഹായകമാകും. രണ്ടുമാസം തുടര്‍ച്ചയായി ശമ്പളം കിട്ടാത്ത ഒരാള്‍ക്ക് നിയമപരമായി ജോലി മതിയാക്കാന്‍ നിയമം അനുവാദം നല്കുന്നു. അതുവഴി അയാളുടെ സര്വിസാനന്തര ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുകയില്ല.
തൊഴില്‍ ദാതാവ് തൊഴില്‍ കരാറില്‍ വഞ്ചന കാണിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കുക, പൊതുമാന്യതക്ക് വിരുദ്ധമായ സമീപനമുണ്ടാവുക, ശാരീരിക ആക്രമണം നേരിടുക, തൊഴില്‍ സുരക്ഷ സംവിധാനങ്ങള്‍ ലഭിക്കാതിരിക്കുക എന്നീ കാരണങ്ങളാലും ജോലി മതിയാക്കാന്‍ നിയമം അനുവാദം നല്‍കുന്നുണ്ട്.
ലീവ്സാലറി അലവന്‍സ് കൂടാതെ അടിസ്ഥാന വേതനം മാത്രം ആയിരുന്നത് പുതിയ നിയമത്തില്‍ അലവന്‍സ് അടക്കമുള്ള മുഴുവൻ ശമ്പളമായി ഉയര്‍ത്തിയത് കാണാം. സിക്ക് ലീവിലും കാര്യമായ വര്‍ധന നല്‍കിയിട്ടുണ്ട്. ഒരുവര്‍ഷം കൂടിയാല്‍ 182 ദിവസത്തെ ലീവ് അനുവദിക്കും.
അതില്‍ ആദ്യ 21 ദിവസം ഫുള്‍ സാലറിയോട് കൂടിയാകും. ഇത് നേരത്തെ 14 ദിവസമായിരുന്നു. 22 ദിവസം മുതല്‍ 35 ദിവസം വരെ 75 ശതമാനം സാലറിയോടുകൂടിയും 36-70 ദിവസങ്ങളില്‍ 50 ശതമാനം സാലറിയോടു കൂടിയുമാകും ലീവ് നല്‍കേണ്ടത്. ഒരു വര്‍ഷത്തില്‍ 30 ദിവസത്തെ കാഷ് ലീവിന് പുറമെ 30 ദിവസം വിത്തൗട്ട് പേ സ്പെഷല്‍ ലീവും പുതിയ നിയമത്തില്‍ വരുത്തിയ മാറ്റത്തില്പെട്ടതാണ്.
മെറ്റെനിറ്റി ലീവ് 50 ദിവസത്തില്‍നിന്ന് 98 ദിവസമാക്കി അധികരിപ്പിക്കുകയും സര്‍വിസ് കാലത്ത് മൂന്നു പ്രാവശ്യമാക്കി നിയന്ത്രിച്ചിരുന്നത് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ആവശ്യമെങ്കില്‍ കുഞ്ഞിന്റെ സംരക്ഷണത്തിനുവേണ്ടി ഒരു വര്‍ഷത്തെ സ്പെഷല്‍ ലീവ് കൂടി മാതാവിന് അനുവദിച്ചു നല്കുന്നു.
ഭര്‍ത്താവ് മരിച്ച അമുസ്ലിം വനിതക്ക് 14 ദിവസത്തെ ലീവ് പഴയ നിയമത്തില്‍ ഇല്ലാത്തതാണ്. കുഞ്ഞ് പിറന്നാല്‍ ഏഴു ദിവസത്തെ കാഷ് ലീവ് പിതാവിന് അനുവദിച്ചത് തികച്ചും പുതിയതാണ്. ജനനതീയതി മുതല്‍ 98 ദിവസത്തിനുള്ളില്‍ ഈ ലീവ് ഉപയോഗപ്പെടുത്തിയിരിക്കണം. അതിനു പുറമെ സവിശേഷ സന്ദര്‍ഭങ്ങളിലെ ലീവുകളും നിയമം പരാമര്‍ശിക്കുന്നുണ്ട്.
തൊഴിലാളിയുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും മറ്റിതര രേഖകളും തൊഴിലുടമ വാങ്ങിവെച്ചാല്‍ അതിനു രസീത് നല്കാന് തൊഴിലുടമയെ നിയമം നിര്‍ദേശിക്കുന്നത് അഭ്യസ്തവിദ്യരായ തൊഴിലാളികള്‍ക്ക് വലിയ ആശ്വാസമായിരിക്കും.
തൊഴില്‍ നിയമങ്ങള്‍ കണിശമായി നടപ്പില്‍ വരുത്താന്‍ നിരന്തര നിരീക്ഷണവും നിയമലംഘകര്‍ക്ക് ശിക്ഷയും നിയമ നിര്‍മാണത്തിലൂടെ ഉറപ്പുവരുത്തുന്നു. പുതിയ തൊഴില്‍ നിയമത്തിലെ അവസാനത്തെ രണ്ട് അധ്യായങ്ങള്‍ ഈ ഉദ്ദേശ്യത്തോടെ ചേര്‍ക്കപ്പെട്ടതാണ്.
ഒമ്പതാം അധ്യായം രണ്ടു ഖണ്ഡങ്ങളാണ്. നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള നിരന്തര നിരീക്ഷണസംവിധാനവും തൊഴില്‍ മേഖല നേരിടുന്ന പ്രശ്നങ്ങള്‍ക്ക് സമയോചിത പരിഹാരം കണ്ടെത്താനുള്ള ഡയലോഗ് കമ്മിറ്റിയുടെ രൂപവത്കരണവും നിര്‍ദേശിക്കപ്പെട്ട ലേബര്‍ മന്ത്രിയുടെ നേതൃത്വത്തിലാകും പ്രവര്‍ത്തിക്കുക. തൊഴില്‍ ദാതാക്കളെയും തൊഴിലാളികളെയും ഒരേ ടേബിളില്‍ ഒന്നിപ്പിക്കാനുള്ള ശ്രമമാണ് കമ്മിറ്റി വഴി നടപ്പാവുക.
പുതിയ നിയമത്തിന്റെ അവസാനത്തെ അധ്യായം നിയമലംഘകര്‍ക്കുള്ള ശിക്ഷകള്‍ വിവരിക്കുന്നതാണ്. തൊഴിലാളികളെക്കാള്‍ തൊഴില്‍ ദാതാക്കളുടെ ഭാഗത്തുനിന്നുണ്ടാകാവുന്ന നിയമലംഘനങ്ങളെക്കുറിച്ചാണ് കൂടുതലായി പരാമര്‍ശിച്ചിട്ടുള്ളത്.
റദ്ദ് ചെയ്യപ്പെട്ട നിയമത്തില്‍ രണ്ടിടങ്ങളില്‍ മാത്രമാണ് തൊഴില്‍ദായകര്‍ക്ക് ജയില്‍ശിക്ഷ നിര്‍ദേശിച്ചിരുന്നത്. പുതിയതിലാകട്ടെ പതിനഞ്ചിലധികം ലംഘനങ്ങള്‍ക്ക് തൊഴില്‍ ദാതാക്കളുടെ മേല്‍ പത്ത് മുതല്‍ മുപ്പത് ദിവസം വരെ തടവും ആയിരം മുതല്‍ രണ്ടായിരം റിയാൽ വരെ പിഴയും ശിക്ഷ നിര്‍ദേശിച്ചിരിക്കുന്നതായി കാണാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല