സ്വന്തം ലേഖകൻ: യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കൾ കോടതിയെ സമീപിച്ചു. സനായിലെ അപ്പീൽ കോടതിയെ ആണ് യുവാവിൻറെ ബന്ധുക്കൾ സമീപിച്ചത്. നിമിഷപ്രിയയുടെ മോചനത്തിനായി ആക്ഷൻ കൗൺസിൽ രാജ്യാന്തരതലത്തിൽ ശ്രമങ്ങൾ തുടങ്ങിയിരുന്നു കേന്ദ്ര സർക്കാരും ഇടപെട്ടിരുന്നു.
എന്നാൽ നഷ്ടപരിഹാരം സ്വീകരിക്കാൻ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ തയാറാകാതെ വന്നതോടെയാണ് അനുരഞ്ജന ശ്രമങ്ങൾ നിർജീവമായത്. യെമൻ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ സനയിലെ ഹൈക്കോടതിയും ശരിവച്ചതോടെയാണ് മോചന സാധ്യത മങ്ങിയത്. മരിച്ച തലാലിൻറെ കുടുംബം മാപ്പ് നൽകിയാലേ ഇനി മോചനം സാധ്യമാകൂ. ഇതിനുള്ള പരിശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
2017 ജൂലൈ 25 നാണ് കേസിന് ആസ്പദമായ സംഭവം. നിമിഷ പ്രിയ യെമൻകാരനായ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വീട്ടിലെ വാട്ടർ ടാങ്കിൽ ഒളിപ്പിച്ചെന്നാണ് കേസ്. തലാലിനൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷപ്രിയ. സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമൻ പൗരൻ തലാൽ അബ്ദുമഹദി പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
അതിനിടെ മകളെ രക്ഷിക്കാന്‍ തന്റെ ജീവന്‍ നല്‍കാമെന്ന് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി മനോരമ ന്യൂസിനോട് പറഞ്ഞു. നിമിഷയുടെ കുട്ടിയെ വിചാരിച്ചെങ്കിലും ദയവുണ്ടാവണം. ദയാധനം യെമനിലെത്തിച്ച് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ സൗകര്യമൊരുക്കണമെന്നും അമ്മ ആവശ്യപ്പെട്ടു.
എത്രയും വേഗം എന്റെ മകളെ മോചിപ്പിക്കണമെന്ന് ഞാൻ എല്ലാവരോടും അപേക്ഷിച്ചിട്ടുണ്ട്. ദയാധനം നൽകാനുള്ള പണം ആക്ഷൻ കൗൺസിൽ ശരിയാക്കിയിട്ടുണ്ട്. എത്രയും വേഗം മോചനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഞാൻ. ഇപ്പോൾ നിമിഷയുമായി സംസാരിക്കാനുള്ള അവസരവും കുറഞ്ഞു.’– നിമിഷയുടെ അമ്മ പ്രേമകുമാരി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല