സ്വന്തം ലേഖകൻ: ഒമാനിൽ സ്വദേശിവത്കരണം ഊർജിതമാക്കാനൊരുങ്ങി ആരോഗ്യ മന്ത്രാലയം. 44 സ്വദേശികളെയാണ് പുതുതായി നിയമിക്കാൻ ഒരുങ്ങുന്നത്. വിദേശികൾ ജോലി ചെയ്തിരുന്ന തസ്തികകളിലാണ് നിയമനം.
ജനിറ്റിക്സ്, ബയോകെമിസ്ട്രി, മൈക്രോബയോളജി, ഹെമറ്റോളജി വിഭാഗങ്ങളിലെ ടെക്നീഷ്യൻ തസ്തികകളിൽ വിദേശ തൊഴിലാളികൾക്ക് പകരമായാണ് ഇവരെ നിയമിക്കുകയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വടക്കൻ ശർഖിയ, തെക്കൻ ബാത്തിന, ദാഖിലിയ, ബുമൈി ഗവർണറേറ്റുകളിലെ ആശുപത്രികളിലും ക്ലിനിക്കുകളിലും റോയൽ ആശുപത്രിയിലുമാണ് ഈ നിയമനങ്ങൾ നടക്കുക.
ആരോഗ്യ മന്ത്രാലയത്തിൽ കഴിഞ്ഞ വർഷങ്ങളിലായി സ്വദേശിവത്കരണ ശ്രമങ്ങൾ ഊർജിതമായി നടക്കുകയാണ്. നഴ്സുമാർ, ഫാർമസിസ്റ്റുമാർ, അസി.ഫാർമസിസ്റ്റുമാർ, ദന്ത ഡോക്ടർമാർ തുടങ്ങിയ തസ്തികകളിൽ മലയാളികളടക്കം നിരവധി വിദേശികൾക്ക് കഴിഞ്ഞ വർഷങ്ങളിലായി തൊഴിൽ നഷ്ടപ്പെട്ടിരുന്നു.
ഒമാനിലെ വിദ്യാദ്യാസ സ്ഥാപനങ്ങളിൽ നിന്നും പരിശീലന സ്ഥാപനങ്ങളിൽ നിന്നുമുള്ള ബിരുദധാരികളുടെ എണ്ണത്തിലെ വർധനവിനെ തുടർന്നാണ് സ്വദേശിവത്കരണ ശ്രമങ്ങൾ മന്ത്രാലയം ഊർജിതമാക്കിയത്. ചില മേഖലകളിൽ യോഗ്യത നേടിയ ഒമാനികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷങ്ങളായി വലിയ വർധനവ് ഉണ്ടായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല