സ്വന്തം ലേഖകൻ: ഒമാനിലെ ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞു. ഒരു വർഷത്തിനിടെ 5.6 ശതമാനത്തിന്റെ കുറവാണ് ഇന്ത്യക്കാരുടെ എണ്ണത്തിലുണ്ടായതെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പറയുന്നു.
കഴിഞ്ഞ സെപ്റ്റംബർ വരെയുള്ള കണക്കുപ്രകാരം 6.28 ലക്ഷം ഇന്ത്യക്കാരാണ് ഒമാനിലുള്ളത്. 2018 സെപ്റ്റംബറിൽ 6.60 ലക്ഷം പേർ ഉണ്ടായിരുന്ന സ്ഥാനത്താണിത്. ഒമാനിലെ മൊത്തം വിദേശ തൊഴിലാളികളുടെ എണ്ണം ഒരു വർഷ കാലയളവിനുള്ളിൽ 3.8 ശതമാനം കുറഞ്ഞ് 17.35 ലക്ഷമായിട്ടുണ്ട്.
സ്വകാര്യ മേഖലയിലെ സ്വദേശി തൊഴിലാളികളുടെ എണ്ണത്തിലും വർധനവുണ്ട്. 29,862 സ്വദേശികൾ സ്വകാര്യ സ്ഥാപനങ്ങളിൽ മാനേജീരിയൽ തസ്തികകളിലാണ് തൊഴിലെടുക്കുന്നത്. അക്കൗണ്ടിങ്, ഫൈനാൻസിങ്, എഞ്ചിനീയറിങ് തുടങ്ങി 87 തസ്തികകളിൽ ഏർപ്പെടുത്തിയ താൽക്കാലിക വിസാ നിരോധനമാണ് ഈ മേഖലകളിലെ സ്വദേശികളുടെ എണ്ണം ഉയരാൻ കാരണം.
വിദേശികളുടെ എണ്ണത്തിലെ കുറവ് ഏറ്റവുമധികം ഉണ്ടായത് മസ്കത്തിലാണ്. വിദേശികളുടെ എണ്ണം ഇവിടെ 6.1 ശതമാനം കുറഞ്ഞ് 7.77 ലക്ഷമായി. വടക്കൻ ബാത്തിനയും ദോഫാറുമാണ് വിദേശി ജനസംഖ്യയിൽ തൊട്ടുപിന്നിലുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല