സ്വന്തം ലേഖകൻ: ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ മികവിന്റെ പാതയിലേക്ക് കുതിക്കുന്നു. കമ്പനിയുടെ തുടർച്ചയായ പ്രവർത്തന നഷ്ടവും സാമ്പത്തിക കട ബാധ്യതകളും കുറക്കുന്നതിന് വേണ്ടിയാണ് പ്രത്യേക പദ്ധതികൾ തയ്യാറാക്കിരിക്കുന്നത്. പ്രത്യേക പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഡയറക്ടർ ബോർഡ് സമഗ്രമായ പുനഃക്രമീകരണ പരിപാടിക്ക് അംഗീകാരം നൽകിയിരിക്കുന്നത്.
ഗതാഗത, കമ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രിയും ഒമാൻ എയർ ചെയർമാനുമായ സയീദ് ബിൻ ഹമൂദ് അൽ മവാലി വാർത്തസമ്മേളനത്തിലാണ് ഒമാൻ എയറിന്റെ ഭാവി പദ്ധതികൾ വെളിപ്പെടുത്തിയത്. ഡയറക്ടർ ബോർഡ് അംഗങ്ങളെ പുനഃസംഘടിപ്പിച്ച് ഒമാൻ എയറിന്റെ നിലവിലെ എക്സിക്യൂട്ടിവ് ടീമിൽ വരും മാസങ്ങളിൽ മാറ്റങ്ങൾ വരുത്തും.
പ്രാദേശികവും അന്തർദേശീയവുമായ വ്യോമയാന രംഗത്തെ പ്രമുഖരെ സംഘടിപ്പിച്ച് പുതിയ പ്രഖ്യാപനം നടത്തും. ഒമാൻ എയറിന്റെ നിലവിലെ സർവിസുകളുടെ ലക്ഷ്യസ്ഥാനങ്ങൾ പരിശോധിക്കും. ഇപ്പോഴുള്ള സർവീസുകൾ തുടരണോ അതോ അവസാനിപ്പിക്കണോ എന്ന കാര്യത്തിൽ തീരുമാനം എടുക്കും. ആഭ്യന്തര, അന്തർദേശീയ വിമാന സർവിസുകളിൽ സലാം എയറുമായി ഏകോപനം പരിഗണിക്കുന്നുണ്ട്.
സമഗ്ര പരിവർത്തന പരിപാടി നാല് വർഷം തുടരുമെന്നും സയീദ് ബിൻ ഹമൂദ് അൽ മവാലി പറഞ്ഞു. വ്യോമയാന മേഖലയിൽ വലിയ മത്സരം ആണ് നടക്കുന്നത്. കൂടുതൽ പരിഷ്കരണങ്ങൾ നടപ്പിലാക്കുന്നതോടെ അടുത്ത വർഷം ഒമാൻ എയറിന്റെ പ്രകടനം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ വിലയ വർധനവാണ് ഈ വർഷം ഒമാനിൽ ഉണ്ടായിരിക്കുന്നത്. ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യങ്ങളുടെ പട്ടികയിലും ഒമാൻ ഇടം പിടിച്ചിട്ടുണ്ട്. പട്ടികയിൽ ഏഴാം സ്ഥാനത്താണ് ഒമാൻ എത്തിയിരിക്കുന്നത്.
ഓസ്ട്രിയ, യുഎഇ, ഡൊമിനിക് റിപ്പബ്ലിക്, അണ്ടോറ, നെതർലൻഡ്സ്, ഖത്തർ എന്നീ രാജ്യങ്ങൾക്ക് ശേഷമാണ് ഒമാൻ സ്ഥാനം പിടിച്ചിരിക്കുന്നത്. 84 യാത്ര സൂചികകൾ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2020ലെ വലിയ തകർച്ചയിലായിരുന്നു ഒമാൻ വ്യാമേയാന മേഖല. ഇതിന് ശേഷം വലിയ തിരിച്ചുവരവാണ് നടത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല