സ്വന്തം ലേഖകൻ: ഒമാനില്‍ കൂടുതൽ തൊഴിൽ തസ്തികളിലേക്കു സ്വദേശിവത്കരണം നടപ്പിലാക്കണമെന്ന് ശൂറാ കൗൺസിലിന്റെ ശുപാർശ. വിഷയം മന്ത്രിസഭയുടെ പരിഗണനയിലാണെന്നും അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും ശൂറാ കൗൺസിൽ വ്യക്തമാക്കി. ഇതോടെ മലയാളികളടക്കം നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടി വരും.
ലാബ് ടെക്നീഷ്യന്‍, ഫിസിയോതെറാപ്പി ടെക്നീഷ്യന്‍, നഴ്‍സിങ് ജോലികള്‍, ഫാര്‍മസി ജോലികള്‍, എക്സ്‍റേ ടെക്നീഷ്യന്‍, സൂപ്പര്‍വൈസര്‍, ഹെല്‍ത്ത് ഒബ്‍സര്‍വര്‍ തുടങ്ങിയ തസ്തികളിൽ സ്വദേശികളെ നിയമിക്കണമെന്നാണ് ശൂറാ കൗൺസിലിന്റെ നിര്‍ദ്ദേശം. രാജ്യത്തെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നും വിദേശികളെ ഒഴിവാക്കിക്കൊണ്ട് സ്വദേശികൾക്കു കൂടുതൽ അവസരങ്ങൾ നൽകുവാനാണ് ശൂറാ ലക്ഷ്യമിടുന്നത്.
ഈ വിഭാഗങ്ങളിൽ ധാരാളം സ്വദേശികൾ തൊഴിൽരഹിതരായി രാജ്യത്തുണ്ടെന്നാണ് കൗൺസിലിന് ലഭിച്ചിരിക്കുന്ന റിപ്പോർട്ടുകൾ. ഇതിനു പുറമെ രാജ്യത്തെ സർക്കാർ സ്കൂളുകളിൽ നിന്നും വിദേശി അദ്ധ്യാപകരെ ഒഴിവാക്കുവാനും മന്ത്രാലയം നടപടികൾ ആരംഭിച്ചു കഴിഞ്ഞു. വിനോദ സഞ്ചാര മേഖലയിൽ സ്വദേശിവത്കരണം ഈ വര്ഷം 44.1 ശതമാനം പാലിക്കണമെന്നാണ് സർക്കാർ തീരുമാനം.
ചരക്കുനീക്ക രംഗത്ത് 20 ശതമാനവും വ്യവസായ മേഖലയില്‍ 35 ശതമാനവും സ്വദേശിവത്കരണമാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. മലയാളികളടക്കം നിരവധി പ്രവാസികള്‍ ജോലി ചെയ്തു വരുന്ന വിവിധ മേഖലകളിലാണ് സ്വദേശിവത്കരണം പുരോഗമിച്ചു വരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല