സ്വന്തം ലേഖകൻ: രണ്ട് തസ്തികകളിൽ കൂടി ഒമാൻ വിസാ വിലക്ക് ഏർപ്പെടുത്തി. സെയിൽസ് റെപ്രസേൻററ്റീവ്, പർച്ചേഴ്സസ് റെപ്രസേൻററ്റീവ് തസ്തികകളിലാണ് പുതുതായി വിദേശികളെ ജോലിക്കെടുക്കുന്നതിന് നിരോധനമേർപ്പെടുത്തിയത്.
മാനവ വിഭവശേഷിവകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ അബ്ദുല്ല അൽ ബക്രി പുറപ്പെടുവിച്ച ഉത്തരവിൽ ആണ് രണ്ട് തസ്തികകളിൽ കൂടി വിസാ വിലക്ക് ഏർപ്പെടുത്തിയത്. വിസാ വിലക്ക് ഏർപ്പെടുത്തിയ തസ്തികകളിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് നിലവിലെ വിസാ കാലാവധി കഴിയുന്നത് വരെ ജോലിയിൽ തുടരാം. ശേഷം വിസ പുതുക്കി നൽകുന്നതല്ലെന്നും ഉത്തരവിൽ പറയുന്നു.
സ്വദേശിവത്കരണം വ്യാപകമാക്കുന്നതിൻെറ ഭാഗമായാണ് തീരുമാനം. സ്വകാര്യ സ്ഥാപനങ്ങളിലെ മാനേജീരിയൽ, അഡ്മിനിസ്ട്രേറ്റീവ്, ക്ലറിക്കൽ തസ്തികകളിൽ പുതിയ വിസ അനുവദിക്കുന്നതിന് കഴിഞ്ഞ വർഷം മെയ് മാസത്തിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
അസി.ജനറൽ മാനേജർ, അഡ്മിനിസ്ട്രേഷൻ മാനേജർ, ഹ്യൂമൻ റിസോഴ്സസ് മാനേജർ, എംപ്ലോയി അഫെയേഴ്സ് മാനേജർ, ട്രെയ്നിങ് മാനേജർ, പബ്ലിക് റിലേഷൻസ് മാനേജർ, ഫോളോ അപ് മാനേജർ, അസി.മാനേജർ, അഡ്മിനിസ്ട്രേറ്റീവ്, ക്ലറിക്കൽ തസ്തികകളിലാണ് വിലക്ക് ബാധകം. ഇൗ തസ്തികകളിലും നിലവിൽ ജോലി ചെയ്യുന്നവർക്ക് വിസാ കാലാവധി കഴിയുന്നത് വരെ ജോലിയിൽ തുടരാം. ശേഷം വിസ പുതുക്കി നൽകുന്നതല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല