![](https://www.nrimalayalee.com/wp-content/uploads/2021/06/Oman-Vaccination-Government-Offices.jpg)
സ്വന്തം ലേഖകൻ: ഒമാനില്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് കോവിഡിനെതിരെയുള്ള മൂന്നാം ഡോസ് വാക്‌സിന് അനുമതി നല്‍കി സുപ്രിം കമ്മിറ്റി. ഒമാനില്‍ പുതിയ കോവിഡ് കേസുകളില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തുകയും ഒമിക്രോണ്‍ കൂടുതല്‍ രാഷ്ട്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ചേര്‍ന്ന സുപ്രിം കമ്മിറ്റി യോഗത്തിലാണ് വാക്‌സിനേഷന് അനുമതി നല്‍കിയത്. ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയില്‍ ഞായറാഴ്ച രാത്രിയാണ് യോഗം ചേര്‍ന്നത്.
മൂന്നാം ഡോസ് വാക്‌സിനേഷനുള്ള മുന്‍ഗണനാ വിഭാഗങ്ങളെയും പദ്ധതികളെയും ആരോഗ്യ മന്ത്രാലയം ഉടന്‍ തന്നെ പ്രഖ്യാപിക്കും. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ വാക്‌സിന്‍ സ്വീകരിക്കാത്തവരുടെ പ്രവേശനം നിരീക്ഷിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും.
ആരാധനാലയങ്ങള്‍, കായിക പ്രവര്‍ത്തനങ്ങള്‍, പ്രദര്‍ശനങ്ങള്‍, വിവാഹ ചടങ്ങുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള പരിപാടികളിലെ പങ്കാളിത്തം ശേഷിയുടെ 50 ശതമാനമായി പരിമിതപ്പെടുത്താനും സുപ്രിം കമ്മിറ്റി നിര്‍ദേശിച്ചു. സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍ തുടങ്ങിയ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തണമെന്നും സുപ്രിം കമ്മിറ്റി വ്യക്തമാക്കി.
അയല്‍രാജ്യങ്ങളായ യുഎഇയിലും സൗദി അറേബ്യയിലും കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഒമാനില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഒമിക്രോണ്‍ വ്യാപനം തടയാന്‍ നടപടികള്‍ സ്വീകരിച്ചേക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ ദി അറേബ്യന്‍ സ്റ്റോറിസിനോട് പറഞ്ഞു.
പൊതുജനങ്ങള്‍ രോഗബാധിതരുമായി ബന്ധപ്പെടുന്നത് ഒഴിവാക്കണമെന്നും ഒത്തുകൂടലുകളും കൂട്ടം ചേരലുകളും മാറ്റിവയ്ക്കണമെന്നും സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്സിറ്റി ആശുപത്രിയിലെ പകര്‍ച്ചവ്യാധി വിഭാഗം ഡോക്ടറായ സൈദ് ഹല്‍ ഹിനായ് ആവശ്യപ്പെട്ടു. എല്ലാ മേഖലകളിലും സാമൂഹിക അകലം പാലിക്കണമെന്നും വാക്സിനേഷന്‍ പൂര്‍ണമായി എടുക്കണമെന്നും വിദഗ്ധര്‍ നിര്‍ദേശിച്ചു.
വാക്സിനേഷന്‍ നടപടികള്‍ ഊര്‍ജിതമാക്കിയ സാഹചര്യത്തില്‍ ഒമാന്‍ യാത്രാ നിയന്ത്രണങ്ങളില്‍ ഇളവുവരുത്താന്‍ തീരുമാനിച്ചിരുന്നു. ഇതോടെ ഒമാനില്‍ എത്തുന്ന യാത്രക്കാരുടെ എണ്ണത്തിൽ വലിയ വര്‍ധനവ് ആണ് രേഖപ്പെട്ടുത്തിയത്. ഒക്ടോബറിലെ കണക്കുകള്‍ ആണ് അധികൃതര്‍ പുറത്തുവിട്ടത്.
ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്‍റെ പുതിയ കണക്കു പ്രകാരം 1,08,000 ആളുകളാണ് ഒമാനില്‍ എത്തിയിരിക്കുന്നത്. ഇതില്‍ പകുതിയില്‍ അധികവും ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. 55,230 ആളുകളാണ് ജിസിസിയില്‍ നിന്ന് ഒമാനില്‍ എത്തിയത്. എന്നാല്‍ തൊട്ടു പിന്നില്‍ ഇന്ത്യ, യമൻ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരും ഉണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോൾ ഈ വര്‍ഷം യാത്രക്കാരുടെ എണ്ണം കൂടുതല്‍ ആണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല