1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2024

സ്വന്തം ലേഖകൻ: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളില്‍ വച്ചുണ്ടായ ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പിനെ കുറിച്ചുള്ള മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പോലീസിലെ (ആര്‍ഒപി) ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എന്‍ക്വയീസ് ആന്‍ഡ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം. രാജ്യത്തെ പൗരന്‍മാരും പ്രവാസികളും നിലവില്‍ വ്യാപകമായി പ്രചരിക്കുന്ന മൊബൈല്‍ സന്ദേശത്തിനെതിരേ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

ഏതെങ്കിലും ജിസിസി രാജ്യത്ത് നിന്ന് ഇന്ന തീയിതിയില്‍ താങ്കളുടെ വാഹനത്തിന് പിഴ ചുമത്തിയിട്ടുണ്ടെന്നും അത് എത്രയും വേഗം ഓണ്‍ലൈനായി അടയ്ക്കുന്നതിന് സന്ദേശത്തോടൊപ്പം നല്‍കിയിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കണമെന്നുമാണ് സന്ദേശത്തിലെ ഉള്ളടക്കം. വാഹനത്തിന്റെ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചേര്‍ത്താണ് സന്ദേശമെന്നതിനാല്‍ സന്ദേശം യഥാര്‍ഥമാണെന്ന് ആരും തെറ്റിദ്ധരിക്കാനിടയുണ്ടെന്നും എന്നാല്‍ ജാഗ്രതയോടെ മാത്രമേ ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാവൂ എന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

മൊബൈല്‍ സന്ദേശത്തിലെ ലിങ്ക് ഓപ്പണ്‍ ചെയ്താല്‍ വ്യക്തിവിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉള്‍പ്പെടെ ആവശ്യപ്പെടുകയും അതുവച്ച് അക്കൗണ്ട് ഹാക്ക് ചെയ്ത് പണം തട്ടുന്നതുമാണ് രീതി. ഇത്തരം മൊബൈല്‍ ലിങ്കുകളില്‍ ആവശ്യപ്പെടുന്ന രീതിയില്‍ വ്യക്തിപരമോ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ടതോ ആയ വിവരങ്ങള്‍ ഒരുക്കലും വെളിപ്പെടുത്തരുത്. ഇത് വലിയ തട്ടിപ്പിലേക്കാണ് നയിക്കുകയെന്നും റോയല്‍ ഒമാന്‍ പോലിസ് മുന്നറിയിപ്പ് നല്‍കി.

മറ്റേതെങ്കിലും ജിസിസി രാജ്യത്ത് വച്ചുണ്ടായ ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴ ഒടുക്കാന്‍ ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ നിലവില്‍ ഏകീകൃത സംവിധാനമുണ്ട്. ഇതുപ്രകാരം റോയല്‍ ഒമാന്‍ പോലിസിന്റെ വെബ്‌സൈറ്റ് വഴി മറ്റ് ജിസിസി രാജ്യങ്ങളിലേക്കുള്ള ട്രാഫിക് ഫൈനുകളും അടയ്ക്കാനാവും. സന്ദേശത്തില്‍ പറയുന്ന ട്രാഫിക് പിഴയുടെ കാര്യത്തില്‍ സംശയമുള്ളവര്‍ ഒമാന്‍ പോലിസ് ഡിപ്പാര്‍ട്ട്‌മെന്റിലോ ജിസിസി രാജ്യങ്ങളിലെ ട്രാഫിക് വിഭാഗങ്ങളുമായി നേരിട്ടോ ബന്ധപ്പെടാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.

സമാനമായ രീതിയിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പിനെ കുറിച്ച് കഴിഞ്ഞയാഴ്ച ബാങ്ക് ഓഫ് മസ്‌കറ്റ് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇമെയിലായോ എസ്എംഎസായോ ലഭിക്കുന്ന തെറ്റായ കൊറിയര്‍ അലേര്‍ട്ടുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നായിരുന്നു മുന്നറിയിപ്പ്. താങ്കള്‍ക്ക് ഒരു കൊറിയര്‍ വന്നിട്ടുണ്ടെന്നും എന്നാല്‍ അതിലെ മേല്‍വിലാസ് കൃത്യമല്ലാത്തതിനാല്‍ ഡെലിവറി ചെയ്യാന്‍ കഴിയുന്നില്ലെന്നുമാണ് സന്ദേശത്തിന്റെ ഉള്ളടക്കം. ആയതിനാല്‍ കൃത്യമായ പോസ്റ്റല്‍ അഡ്രസും പുതുതായി ഡെലിവറി ചെയ്യുന്നതിനുള്ള ഷിപ്പിംഗ് ചാര്‍ജായി നിശ്ചിത തുകയും നല്‍കണമെന്നും സന്ദേശത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.