1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 3, 2024

സ്വന്തം ലേഖകൻ: ഒമാന്‍റെ വടക്കന്‍ ഗവര്‍ണറേറ്റുകളിലും ദോഫാറിന്‍റെപല ഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചു. ഇടിമിന്നലും കാറ്റും ആലിപ്പഴവും മഴയ്ക്കൊപ്പം എത്തി. ഇന്നലെ സര്‍ക്കാര്‍, സ്വകാര്യ, രാജ്യാന്തര സ്‌കൂളുകള്‍ക്കെല്ലാം ഓണ്‍ലൈന്‍ ക്ലാസുകളാണ് ക്രമീകരിച്ചിരുന്നത്. ജഅലാന്‍ ബനീ ബൂ ഹസന്‍, ബര്‍ക, സലാല, ത്വിവി, സര്‍ഫൈത്ത്, സാബ്, നഖല്‍, ത്വാഫ, വാദി അല്‍ മആവി, റുസ്താഖ്, സുവൈഖ്, സുഹാര്‍, മുസന്ന, തുംറൈത്ത്, ഖസബ്, ഖാബൂറ, ദല്‍കൂത്ത്, ബുറൈമി, റൂവി, വാദി കബീര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്.

വാദികള്‍ നിറഞ്ഞു കവിഞ്ഞതോടെ റോഡുകളില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. എന്നാല്‍ ഈ മഴയില്‍ ആളപായമോ വലിയ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മഴ മുന്നറിയിപ്പ് ലഭിച്ചതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രത പാലിക്കാന്‍ സാധിച്ചു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മസ്‌കത്ത്, തെക്കന്‍ ശര്‍ഖിയ, വടക്കന്‍ ശര്‍ഖിയ, തെക്കന്‍ ബാത്തിന, വടക്കന്‍ ബാത്തിന, ദാഖിലിയ, ദാഹിറ ഗവര്‍ണറേറ്റുകളിലും ദോഫാറിന്‍റെവിവിധ ഭാഗങ്ങളിലും ശനിയാഴ്ച വരെ മഴ തുടരുമെന്നും ഇടിമിന്നലിനുള്ള സാധ്യതയുണ്ടെന്നുമുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അധികൃതര്‍ ജനങ്ങളോട് ജാഗ്രത പാലിക്കാനും സുരക്ഷ ഉറപ്പുവരുത്താനും ആവശ്യപ്പെട്ടു. വാദികളില്‍ ഇറങ്ങരുതെന്നും കുട്ടികളെ വാദികളില്‍ കളിക്കാന്‍ അനുവദിക്കരുതെന്നും വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കരുതെന്നുമാണ് അധികൃതരുടെ നിര്‍ദ്ദേശം. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന്മസ്‌കത്ത് ഗവര്‍ണറേറ്റിലെ എല്ലാ പാര്‍ക്കുകളും ഗാര്‍ഡനുകളും താത്കാലികമായി അടച്ചു. പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ നടപടി.

അതിനിടെ അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ച് വാദികൾ മുറിച്ചുകടന്ന ഒരു കൂട്ടം ആളുകൾ ഒമാനിൽ അറസ്റ്റിൽ. ദോഫാർ ഗവർണറേറ്റ് പൊലീസ് കമാൻഡാണ് മുന്നറിയിപ്പ് അവഗണിച്ചവരെ പിടികൂടിയതെന്ന് റോയൽ ഒമാൻ പൊലീസ് എക്‌സിൽ അറിയിച്ചു. ഇവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായി വരികയാണെന്നും വ്യക്തമാക്കി.

അതേസമയം, മഴക്കെടുതി കുറഞ്ഞതോടെ ഒമാനിൽ എമർജൻസി റെസ്പോൺസ് യൂണിറ്റ് പ്രവർത്തനം അവസാനിപ്പിച്ചു. ഗവർണറേറ്റുകളിലെ സബ്കമ്മിറ്റികൾ ഉൾപ്പെടെയുള്ള എമർജൻസി റെസ്പോൺസ് യൂണിറ്റുകളുടെ പ്രവർത്തനം അവസാനിപ്പിച്ചതായി നാഷണൽ കമ്മിറ്റി ഫോർ എമർജൻസി സിറ്റുവേഷൻസ് മാനേജ്മെന്റാണ് എക്‌സിൽ അറിയിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.