സ്വന്തം ലേഖകൻ: പുതിയ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഇന്ന് (ഏപ്രില്‍ 23) മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ ഒമാന്റെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റ് വീശാനും തീരദേശങ്ങളില്‍ തിരമാല ഉയരാനും സാധ്യതയുണ്ട്.
മസ്‌കത്ത്, ബുറൈമി, ദാഖിലിയ, വടക്ക്‌തെക്ക് ബാത്തിന, വടക്ക്‌തെക്ക് ശര്‍ഖിയ, മുസന്ദം ഗവര്‍ണറേറ്റുകളെ ന്യൂനമര്‍ദ്ദം ബാധിക്കുമെന്നും ഇടിമിന്നലിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 15 മുതല്‍ 35 കി.മീറ്റര്‍ വേഗതയില്‍ കാറ്റുവീശും. ആലിപ്പഴം വര്‍ഷിക്കുകയും താപനില താഴുകയും ചെയ്യും.
മഴ തീവ്രത കുറാവായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, ബുധനാഴ്ച അല്‍ ഹജര്‍ പര്‍വ്വത നിരകളിലും അവയുടെ സമീപ പ്രദേശങ്ങളിലും അഞ്ച് മുതല്‍ 20 മില്ലിമീറ്റര്‍ വരെ മഴ പെയ്‌തേക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ നേരിയ മഴ ലഭിക്കുമെന്നും കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഒമാനിലും യുഎഇയിലും കനത്ത മഴയും വെള്ളപ്പൊക്കവും അനുഭവപ്പെട്ടതിനു പിന്നാലെ സൗദി അറേബ്യയിലും വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. അടുത്ത ചൊവ്വാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാജ്യത്തിന്റെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും ഏറിയും കുറഞ്ഞും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് സൗദി കാലാവസ്ഥാ അതോറിറ്റിയുടെ പ്രവചനം. ഇതിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളും കടുത്ത ജാഗ്രത പാലിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റും കാലാവസ്ഥാ അതോറിറ്റിയും നിര്‍ദ്ദേശം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല