1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2024

സ്വന്തം ലേഖകൻ: പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് സലാല അന്താരാഷ്ട്ര വിമാനത്താവളം താല്‍കാലികമായി അടച്ചതിനാല്‍ സലാലയ്ക്കും മസ്‌കറ്റിനും ഇടയിലുള്ള വിമാനങ്ങള്‍ക്ക് കാര്യമായ കാലതാമസം നേരിടുമെന്ന് ഒമാന്‍ എയര്‍ അറിയിച്ചു. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ലൈന്‍ ക്ഷമാപണം നടത്തുന്നതായും തടസ്സങ്ങള്‍ പരമാവധി കുറയ്ക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും ഇന്നലെ രാത്ര പുറപ്പെടുവിച്ച പ്രസ്താവനയില്‍ അറിയിച്ചു.

നാഷണല്‍ സെന്റര്‍ ഓഫ് എര്‍ളി വാണിംഗ് സെന്ററിന്റെ അറിയിപ്പ് പ്രകാരം തിങ്കള്‍ മുതല്‍ ബുധനാഴ്ച വരെ (ഓഗസ്റ്റ് 19-21) ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഒമാനില്‍ കാര്യമായ മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗത്ത് അല്‍ ഷര്‍ഖിയ, അല്‍ വുസ്ത, ദോഫാര്‍, മസ്‌കറ്റിന്റെ ചില ഭാഗങ്ങള്‍, അല്‍ ഹജര്‍ പര്‍വതനിരകള്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ കനത്ത മഴ പ്രവചിക്കപ്പെട്ടിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്. കൂടാതെ താമസക്കാര്‍ ജാഗ്രത പാലിക്കാനും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാനും സെന്റര്‍ അഭ്യര്‍ത്ഥിച്ചു.

2024 ഓഗസ്റ്റ് 19 തിങ്കളാഴ്ച മുതല്‍ 2024 ഓഗസ്റ്റ് 21 ബുധനാഴ്ച വരെ അറബിക്കടലില്‍ നിന്നുള്ള ഉയര്‍ന്ന തോതിലുള്ള ന്യൂനമര്‍ദത്തിന്റെ ഫലമായാണ് ഒമാനില്‍ കനത്ത മഴയുണ്ടാവുക. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഒമാനിലെ മിക്ക ഗവര്‍ണറേറ്റുകളിലും മേഘാവൃതമായ ആകാശമാണ് പ്രതീക്ഷിക്കുന്നത്. വ്യത്യസ്ത തീവ്രതയുള്ളയും ഒറ്റപ്പെട്ടതുമായ മഴയ്ക്ക് ഇത് കാരണമാവും. സൗത്ത് അല്‍ ഷര്‍ഖിയ, നോര്‍ത്ത് അല്‍ ശര്‍ഖിയ, അല്‍ ദാഖിലിയ, അല്‍ വുസ്ത, ദോഫാര്‍, മസ്‌കറ്റിന്റെ ചില ഭാഗങ്ങള്‍, സൗത്ത് അല്‍ ബത്തിന, അല്‍ ദാഹിറ, അല്‍ ഹജര്‍ മലനിരകള്‍, സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്.

ദോഫാര്‍, അല്‍ വുസ്ത, അല്‍ ദാഹിറ, സൗത്ത് അല്‍ ഷര്‍ഖിയ, നോര്‍ത്ത് അല്‍ ഷര്‍ഖിയ, അല്‍ ദഖിലിയ എന്നിവയെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ള ഗവര്‍ണറേറ്റുകള്‍. ഇവിടങ്ങളില്‍ 45 മില്ലിമീറ്റര്‍ വരെ മഴ പെയ്യാന്‍ സാധ്യതയുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ ചില പ്രദേശങ്ങളിലെ വാദികളില്‍ ശക്തമായ ഒഴുക്കിന് അത് കാരണമാകാം. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ശക്തമായ കാറ്റില്‍ പൊടി ഉയരുന്നതിനാല്‍ അന്തരീക്ഷ കാഴ്ച കുറയാനും ഇടയുണ്ട്. അറബിക്കടലിന്റെയും ഒമാന്‍ കടലിന്റെയും തീരങ്ങളില്‍ നാലു മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയരാന്‍ ഇത് ഇടയാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ആഗസ്ത് 21 ബുധനാഴ്ച ഇടയ്ക്കിടെ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളിലും അല്‍ ഹജര്‍ പര്‍വതനിരകളിലും സമീപ പ്രദേശങ്ങളിലും ഉച്ചയ്ക്കും വൈകുന്നേരവും മേഘങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇവിടങ്ങളില്‍ 25 മില്ലിമീറ്റര്‍ വരെ മഴ പെയ്താല്‍ ചില പ്രദേശങ്ങളില്‍ വാദികളുടെ ഒഴുക്ക് വര്‍ധിക്കാം. 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും ഇടയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.