സ്വന്തം ലേഖകൻ: ഒമാനില്‍ റമസാനിലെ തൊഴില്‍ സമയക്രമം തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ മേഖലയില്‍ ‘ഫ്ളെക്സിബിള്‍’ രീതി അനുസരിച്ചായിരിക്കും ജോലി സമയം. ഇത് പ്രകാരം സര്‍ക്കാര്‍ മേഖലയില്‍ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെയാണ് ഔദ്യോഗിക പ്രവൃത്തി സമയം.
എന്നാല്‍, യൂണിറ്റ് മേധാവികള്‍ക്ക് രാവിലെ ഏഴു മുതല്‍ ഉച്ചക്ക് 12, എട്ട് മുതല്‍ ഉച്ചക്ക് ഒരു മണി, ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി, രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് എന്നിങ്ങനെയുള്ള തൊഴില്‍ സമയക്രമം അനുസരിച്ച് തീരുമാനിക്കാവുന്നതാണ്. സ്വകാര്യ മേഖലയിലെ മുസ്ലിം ജീവനക്കാര്‍ക്ക് ദിവസവും ആറ് മണിക്കൂറാണ് ജോലി സമയം. ആഴ്ചയില്‍ 30 മണിക്കൂറില്‍ കൂടുതലാകാന്‍ പാടില്ലെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.
റമസാൻ പടിവാതിൽക്കലെത്തി നിൽക്കെ നാടും നഗരവും വരവേൽപ്പിനൊരുങ്ങി. റമസാനെ വരവേൽക്കാനുള്ള എല്ലാ ഒരുക്കങ്ങളും മാസങ്ങൾക്ക് മുമ്പുതന്നെ സ്വദേശികൾ ആരംഭിച്ചിരുന്നു. റമസാനിൽ ഉപയോഗിക്കാനുള്ള ഈത്തപ്പഴങ്ങളും ഖഅ്വയുടെ മസാല കൂട്ടുകളുമൊക്കെ നേരത്തേ തയാറാക്കി വെക്കുക സ്വദേശികളുടെ പതിവാണ്. റമസാനിൽ ഉപയോഗിക്കുന്ന ഇത്തരം ഉൽപന്നങ്ങൾ ഏറെ കരുതലോടെയാണ് സ്വദേശികൾ തയാറാക്കുന്നത്.
അതിനിടെ റമസാനിൽ പഴവർഗങ്ങളുടെ മറ്റും ലഭ്യത ഉറപ്പ് വരുത്താനും വിലവർധന പിടിച്ച് നിർത്താനും എല്ലാ ശ്രമങ്ങളുമായി അധികൃതരും രംഗത്തുണ്ട്. റമസാനിൽ ആവശ്യമായ പഴവർഗങ്ങൾ എത്തിക്കാനും ഇറക്കുമതി ചെയ്യാനും അധികൃതി പഴം പച്ചക്കറി മേഖലയിലെ ഇറക്കുമതിക്കാരുമായി നിരന്തരം ബന്ധപ്പെടുകയും ഇവയുടെ ലഭ്യതക്കായി എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. ഈ വർഷം സുഖകരമായ കാലാവസ്ഥയാണ് റമസാനിൽ പ്രതീക്ഷിക്കുന്നത്.
ഇപ്പോൾ ഒമാന്റെ പല ഭാഗത്തും തകർത്ത് ചെയ്യുന്ന മഴ സുഖകരമായ കാലാവസ്ഥക്ക് കാരണമാക്കും. എന്നാൽ മാങ്ങ അടക്കമുള്ള ചില പഴവർഗങ്ങളുടെ സീസൺ അല്ലാത്തതിനാൽ ഇത്തരം പഴവർഗങ്ങളുടെ വില ഉയർന്ന് തന്നെ നിൽക്കും.
കഴിഞ്ഞ ഏതാനും ആഴ്ചകളായി റമസാനിൽ ആവശ്യമായ വീട്ടുപകരണങ്ങളും മറ്റും വാങ്ങുന്ന തിരക്കിലായിരുന്ന സ്വദേശികൾ. ഇത് കാരണം മത്ര അടക്കമുള്ള മാർക്കറ്റുകളിലും സൂഖുകളിലും കഴിഞ്ഞ ഏതാനും ദിവസമായി നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. പാത്രങ്ങളും തളികകളും ഫ്ലാസ്കുകളും അടക്കമുള്ള നിരവധി ഉൽപന്നങ്ങൾക്ക് നല്ല ആവശ്യക്കാൻ ഉള്ളതായി മത്രയിലെ വ്യാപാരികൾ പറയുന്നു. പ്രധാന മാർക്കറ്റുകളിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും തിരക്ക് അനുഭവപ്പെടുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല