1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 22, 2023

സ്വന്തം ലേഖകൻ: ഒമാന്റെ ബജറ്റ് വിമാനമായ സലാം എയർ കരിപ്പൂരിലേക്കുള്ള സർവീസ് നിർത്തി. ഇന്ത്യയിലേക്കുള്ള സർവീസുകൾ അടുത്തമാസം ഒന്നുമുതൽ നിർത്തുന്നതിന്റെ ഭാഗമായാണ് കോഴിക്കോട് സർവീസും നിർത്തലാക്കുന്നത്. ഇതോടെ കോഴിക്കോട്-ഒമാൻ മേഖലയിൽ ആഴ്ചയിൽ 5,600 സീറ്റുകൾ ഒറ്റയടിക്ക് ഇല്ലാതാവും.

കുറഞ്ഞനിരക്കിൽ ഒമാനിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും കുറഞ്ഞ നിരക്കിൽ പറക്കാവുന്ന സാഹചര്യമാണ് ഇല്ലാതായത്. മറ്റ് വിമാനക്കമ്പനികൾ 15,000 രൂപയ്ക്കുമുകളിൽ ഈടാക്കിയിരുന്നയിടത്ത് സലാം എയറിൽ 6,000 രൂപയ്ക്കുവരെ ടിക്കറ്റുകൾ ലഭിച്ചിരുന്നു. ഗൾഫിലെ മിക്ക പ്രദേശങ്ങളിലേക്കും സൗദിയിലേക്കും കുറഞ്ഞ നിരക്കിൽ ഇവർ കണക്‌ഷൻ സർവീസുകളും നൽകിയിരുന്നു.

വിമാനങ്ങളുടെ കുറവുകൊണ്ട് ഇന്ത്യയിലേക്കുള്ള സർവീസ് നിർത്തുന്നുവെന്നാണ് ട്രാവൽ ഏജൻസികൾക്ക് അയച്ച സർക്കുലറിൽ കമ്പനി പറയുന്നത്. കമ്പനി വെബ്സൈറ്റിൽ ഒക്ടോബർ ഒന്നുമുതൽ ബുക്കിങ്ങ് സൗകര്യവും നീക്കിയിട്ടുണ്ട്. റിസർവേഷൻ ചെയ്ത എല്ലാ യാത്രക്കാർക്കും പൂർണമായും റീഫണ്ട് നൽകും. റീഫണ്ടിനെക്കുറിച്ച് സംശയം ഉണ്ടെങ്കിൽ ബന്ധപ്പടാവുന്നതാണെന്നും കമ്പനി അധികൃതർ അറിയിച്ചു. എത്ര കാലത്തേക്കാണ് സർവീസ് നിർത്തുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.

കുറഞ്ഞനിരക്കിൽ യാത്രചെയ്യാൻ കഴിഞ്ഞിരുന്ന സലാം എയറിൻറെ പിന്മാറ്റം മലയാളികളടക്കമുള്ള പ്രവാസികൾക്ക് ഏറെ തിരിച്ചടിയാണ്. നിലവിൽ കോഴിക്കോട്, തിരുവനന്തപുരം, ജയ്‌പുർ, ലഖ്നൗ എന്നീ നഗരങ്ങളിലേക്കാണ് സലാം എയർ സർവീസ് നടത്തുന്നത്. കോഴിക്കോട്ടേക്ക് സലാലയിൽനിന്ന് രണ്ട് സർവീസുകളാണുള്ളത്. അടുത്തമാസം ഒന്നുമുതൽ മസ്കറ്റിൽനിന്ന് കോഴിക്കോട്ടേക്ക് ഒരു പ്രതിദിന സർവീസ് ആരംഭിക്കാനിരിക്കേയാണ് അപ്രതീക്ഷിതമായി ഇന്ത്യൻ സെക്ടറിൽനിന്ന് സലാം എയർ പൂർണമായും പിൻവാങ്ങുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.