സ്വന്തം ലേഖകൻ: സ്കൂൾ ബാഗിൻ്റെ ഭാരം കുറയ്ക്കാൻ നടപടിയുമായി ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം. അമിതഭാരമുള്ള ബാഗുകൾ ചുമക്കുന്നതിൻ്റെ ദീർഘകാല പ്രത്യാഘാതങ്ങൾ തിരിച്ചറിഞ്ഞ് വിദ്യാർത്ഥികളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി. ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സ്കൂൾ ബാഗുകളുടെ ഭാരം മൂലമുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള പദ്ധതിയുമായാണ് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. ഭാരമുള്ള ബാഗുകൾ ചുമക്കുന്നത് മൂലം കുട്ടികളിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
ഭാരമുള്ള സ്കൂൾ ബാഗുകൾ നട്ടെല്ലിന് പ്രശ്നങ്ങളും വൈകല്യവും ഉണ്ടാക്കും, നടക്കാൻ പോലും ബുദ്ധിമുട്ട് ഉണ്ടാക്കും തുടങ്ങി നിരവധി പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഈ ശാരീരിക വെല്ലുവിളികൾ പലപ്പോഴും മാനസിക വ്യതിചലനങ്ങള്‍ക്കും പഠനത്തോടുള്ള ഇഷ്ടക്കുറവിനും കാരണമാകുന്നു. ഇത് കുട്ടിയുടെ അക്കാദമിക് മികവിനേയും മാനസികാരോഗ്യത്തേയും പ്രതികൂലമായി ബാധിക്കുന്നു.
ഈ അപകടസാധ്യതകൾ ലഘൂകരിക്കുന്നതിന് സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള പ്രായോഗിക നടപടികളാണ് വിദ്യാഭ്യാസ മന്ത്രാലയം അവതരിപ്പിച്ചിരിക്കുന്നത്. അതിൻ്റെ ഭാഗമായി ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ ബാഗിൻ്റെ ഭാരം കുറക്കാനായി ചില നിർദേശങ്ങൾ മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുണ്ട്. ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിലെ കുട്ടികൾ 80 ഷീറ്റുള്ള രണ്ട് നോട്ട് പുസ്തകങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. മന്ത്രാലയം നൽകുന്ന പുസ്തകങ്ങൾക്ക് പുറത്ത് ബൈൻഡ് ചെയ്യാനും മറ്റും പാടില്ല.
വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ സൂക്ഷിക്കാൻ അനുവദിക്കുന്നതിനായി സ്കൂളുകളിൽ ലോക്കറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് പുസ്തകങ്ങൾ ദിവസവും വീട്ടിലേക്ക് കൊണ്ടുപോകുന്ന പ്രവണത ഒഴിവാക്കാന്‍ സഹായിക്കും . വിദ്യാഭ്യാസ പോർട്ടലിൽ ലഭ്യമായ ഇ-പുസ്തകങ്ങളുടെ ഉപയോഗത്തെ മന്ത്രാലയം പ്രോത്സാഹിപ്പിക്കുന്നു. ഇത് വിദ്യാർത്ഥികളുടെ ഭാരം കൂടുതൽ ലഘൂകരിക്കും. വിദ്യാർത്ഥികൾ അനാവശ്യമായ സാധനങ്ങൾ കൊണ്ടുപോകുന്നില്ലെന്ന് ഉറപ്പാക്കാൻ ഹോംവർക്ക് അസൈൻമെൻ്റുകൾ ഏകോപിപ്പിക്കാൻ അധ്യാപകരോട് മന്ത്രാലയം ആവശ്യപ്പെട്ടു.
കുട്ടികൾക്കായി സ്കൂൾ ബാഗുകൾ തിരഞ്ഞെടുക്കുമ്പോൾ ഉചിതമായത് തിരഞ്ഞെടുക്കണമെന്ന് മാതാപിതാക്കളോട് മന്ത്രാലയം നിർദേശിച്ചു. ബാഗുകൾ വളരെ ഭാരമുള്ളതല്ലെന്നും നന്നായി ഫിറ്റാണെന്നും ഉറപ്പാക്കണം. സ്‌കൂൾ ദിനചര്യകൾ കാര്യക്ഷമമായി ഉപയോഗിക്കാൻ രക്ഷിതാക്കളും കുട്ടികളെ സഹായിക്കണം.
സ്‌കൂൾ ബാഗിൻ്റെ ഭാരവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആശങ്കകൾ ഉണ്ടെങ്കിൽ കുട്ടികളുടെ സ്‌കൂൾ മാനേജ്‌മെൻ്റുമായി ആശയവിനിമയം നടത്താൻ മന്ത്രാലയം രക്ഷിതാക്കളോട് നിർദ്ദേശിച്ചിട്ടുണ്ട്. സ്‌കൂൾ ബാഗുകൾ എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ച് രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി ബോധവൽക്കരണ പരിപാടികൾ നടത്താൻ പാരൻ്റ് കൗൺസിലുകളിലൂടെ സ്കൂൾ അഡ്മിനിസ്ട്രേഷനുകൾ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾ ലോക്കറുകൾ ശരിയായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രാലയത്തിൻ്റെ നിർദേശത്തിൽ പറയുന്നു.
സ്കൂൾ ബാഗുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. മാർക്കറ്റിൽ ലഭിക്കുന്ന സ്കൂൾ ബാഗുകളിൽ പലതും ഭാരം കൂടിയതാണ്. കുട്ടികൾക്ക് സൗകര്യപ്രദമല്ലാത്തതും കുട്ടികളുടെ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്തുമാണ്. പുസ്തകം പഠനോപകരണങ്ങൾ എന്നിവക്കൊപ്പം ബാഗിൻ്റെ ഭാരം കൂടിയാവുമ്പോൾ കുട്ടികളുടെ പ്രയാസം വർധിക്കുന്നു.
ബാഗുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. സുരക്ഷിതമായ സ്‌കൂൾ ബാഗുകൾക്കുള്ള സ്‌പെസിഫിക്കേഷനുകൾ മന്ത്രാലയം വിശദീകരിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളെ കണക്കിലെടുത്ത് വിദ്യാർത്ഥികളുടെ ബാഗുകളുടെ ഗുണനിലവാരം അധികൃതർ നിശ്ചയിച്ചിട്ടുണ്ട്. ഗുണനിലവാരമുള്ള വസ്തുക്കൾകൊണ്ടായിരിക്കണം ബാഗുകൾ നിർമ്മിക്കേണ്ടത്.
മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ സകൂൾ അധികൃതരും രക്ഷിതാക്കളും വിദ്യാർത്ഥികളും തമ്മിലുള്ള സഹകരണം ആവശ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല