സ്വന്തം ലേഖകൻ: മൂന്ന് മാസത്തെ വേനലവധിക്ക് ശേഷം സ്വദേശി സ്കൂളുകളിൽ സെപ്റ്റംബർ നാലിന് പുതിയ അധ്യയന വർഷം തുടങ്ങും. കോവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ രണ്ട് അധ്യയന വർഷങ്ങളിലും പഠനം ഓൺലൈനിലായിരുന്നു. ഒരിടവേളക്കുശേഷം വിദ്യാർഥികളെ സ്വീകരിക്കാൻ വിദ്യാലയങ്ങൾ ഒരുങ്ങി കഴിഞ്ഞു. 57,033 അധ്യാപകരാണ് ഈ അധ്യയന വർഷത്തിലുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. ഇതിൽ 69.5 ശതമാനവും വനിത അധ്യാപകരാണ്; 39,637 പേർ. 17,396 പുരുഷ അധ്യാപകരാണ് ഉള്ളത്. മൊത്തം അധ്യാപകരുടെ 30.5 ശതമാനം വരുമിത്. അധ്യാപകേതര അഡ്മിനിസ്ട്രേറ്റീവ്, ടെക്നിക്കൽ സ്റ്റാഫുകളുടെ എണ്ണം 10,834 ആണ്.
ഈ വർഷത്തേക്കുള്ള പാഠപുസ്തകങ്ങളിൽ ഏറെക്കുറെ എല്ലാം ലഭ്യമാണെന്ന് കരിക്കുലം ഡവലപ്മെന്റ് ജനറൽ ഡയറക്ടറേറ്റിലെ ഡയറക്ടർ ജനറൽ അറിയിച്ചു. രണ്ട് പുസ്തകങ്ങൾ ഇതുവരെ വിതരണത്തിന് തയാറായിട്ടില്ല. വിദേശത്താണ് ഇവയുടെ അച്ചടി നടക്കുന്നത്. 11ാം ഗ്രേഡിലെ ചില വിഷയങ്ങളിൽ കരിക്കുലത്തിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളും രക്ഷിതാക്കളും ചൂണ്ടിക്കാണിച്ച ചില മാറ്റങ്ങളാണ് വരുത്തിയതെന്ന് ഹ്യൂമൻ സയൻസസ് കരിക്കുലം ഡയറക്ടർ വ്യക്തമാക്കി.
ഫ്രഞ്ച്, ജർമ്മൻ എന്നിവ രാജ്യത്തെ എല്ലാ സ്കൂളുകളിലും ഉൾപ്പെടുത്തിയിട്ടുമില്ല. ലിവയിൽ മൂന്ന് പുതിയ സ്കൂളുകൾ കെട്ടിടങ്ങൾ നിർമിക്കാൻ അനുമതി നൽകിയിട്ടുമുണ്ട്. അതേസമയം, വിദ്യാർഥികൾക്ക് ആവശ്യമുള്ള സാധനങ്ങളെല്ലാം ന്യായമായ വിലക്ക് വിപണിയിൽ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പരിശോധന ശക്തമാക്കിയിട്ടുണ്ട്. വില സംബന്ധിച്ചോ സാധനങ്ങളുടെ ലഭ്യത സംബന്ധിച്ചോ രക്ഷിതാക്കളോ വിദ്യാർഥികളോ ആശങ്കപ്പെടേണ്ടതില്ലെന്നും വില കൂട്ടിയതായി ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെടുക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല