1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 12, 2022

സ്വന്തം ലേഖകൻ: ഒമാന്‍ തലസ്ഥാനമായ മസ്‌ക്കറ്റില്‍ ആക്രി സാധനങ്ങള്‍ ശേഖരിക്കാനും അവ വില്‍പ്പന നടത്താനും ബന്ധപ്പെട്ട ഏജന്‍സികളില്‍ നിന്നുള്ള ലൈസന്‍സ് നിര്‍ബന്ധമാക്കിക്കൊണ്ട് പുതിയ ഉത്തരവ്. മസ്‌കറ്റ് ഗവര്‍ണറും സഹമമന്ത്രിയുമായ സഊദ് ബിന്‍ ഹിലാല്‍ ബിന്‍ ഹമദ് ബൂ സഈദിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയത്. ഇത് ഗസറ്റില്‍ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്നും അധികൃതര്‍ അറിയിച്ചു.

ഉത്തരവ് പ്രാബല്യത്തില്‍ വന്നു കഴിഞ്ഞാല്‍ മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ റെസിഡന്‍ഷ്യല്‍ ഏരിയകള്‍ കേന്ദ്രീകരിച്ച് വീടുകള്‍ കയറിയുള്ള സ്‌ക്രാപ്പ് ശേഖരണവും അവയുടെ വില്‍പ്പനയും നിയമ വിരുദ്ധമാവും. ബിസിനസില്‍ ഏര്‍പ്പെടുന്ന ആളുകള്‍ മുന്‍കൂട്ടി ലൈസന്‍സ് എടുക്കണമെന്ന് നിയമം അനുശാസിക്കുന്നു. ഇത്തരം സ്ഥാപനങ്ങള്‍ ഇന്‍ഡസ്ട്രിയല്‍ പ്രദേശങ്ങളില്‍ മാത്രമേ സ്ഥാപിക്കാവൂ.

ആക്രി കച്ചവടത്തില്‍ ഏര്‍പ്പെടുന്നവര്‍ ആക്രി സാധനങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കാനുള്ള പ്രത്യേക സ്ഥലം കണ്ടെത്തണം. സ്വന്തം സ്ഥലം അല്ലെങ്കില്‍ അത് ലീസിന് എടുത്തതിന്റെ രേഖകള്‍ ഹാജരാക്കണം. ഈ സ്ഥലം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച ശേഷം ഏതെങ്കിലും രീതിയിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാവുമോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കും. ഈ ടെക്നിക്കല്‍ ഓഡിറ്റിന് ശേഷം മാത്രമേ ആക്രക്കച്ചവടത്തിന് ലൈസന്‍സ് നല്‍കുകയുള്ളൂ.

അപേക്ഷാ ഫോറം ഉള്‍പ്പെടെ ലൈസന്‍സിന് 305 റിയാലാണ് ഈടാക്കുക. ലൈസന്‍സ് പുതുക്കാന്‍ 300 റിയാല്‍ നല്‍കണം. അതേസമയം ലൈസന്‍സ് ഇല്ലാതെ ആക്രി കച്ചവടത്തില്‍ ഏര്‍പ്പെട്ടാല്‍ 50 മുതല്‍ 500 റിയാല്‍ വരെയായിരിക്കും പിഴ. ഇത് ആവര്‍ത്തിച്ചാല്‍ പിഴയും ഇരട്ടിയാവും. അതോടൊപ്പം ചില തരം ആക്രി സാധനങ്ങള്‍ ശേഖരിക്കുന്നതിന് മുമ്പ് ഒമാന്‍ പോലീസിന്റെ പ്രത്യേക അനുമതി ആവശ്യമാണെന്നും നിയമം അനുശാസിക്കുന്നുണ്ട്. ഇത്തരം സാധനങ്ങള്‍ കൊണ്ടുപോവുന്നതിന് മുമ്പായി അതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ രേഖപ്പെടുത്തിയ അപേക്ഷ ആക്രി സാധനങ്ങളുടെ ഉമടസ്ഥനാണ് പോലീസിന് നല്‍കേണ്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.