സ്വന്തം ലേഖകൻ: പ്രഖ്യാപിച്ചിരുന്നതിൽ നിന്ന് ഒരു ദിവസം വൈകിയാണെങ്കിലും ഷാർജ –ഒമാൻ ബസ് സർവീസിന് ഗംഭീര തുടക്കം. രാവിലെ 6.15ന് ഷാർജ അൽ ജുബൈൽ സ്റ്റേഷനിലെത്തിയ ബസ് 6.45ന് പുറപ്പെട്ടു. ആധുനിക സൗകര്യങ്ങളുള്ള ഒമാന്‍റെ മുവൈസലാത് ബസിൽ കന്നി യാത്രയ്ക്ക് മൂന്ന് മലയാളികളടക്കം ഇരുപത്തഞ്ചോളം പേരാണുള്ളത്.
ഷാർജ എയർപോർട്ട് റോഡ് വഴി എമിറേറ്റ്സ് റോഡിൽ പ്രവേശിച്ച് കൽബ അതിർത്തി വഴിയാണ് ബസിന്‍റെ ഒമാനിലേയ്ക്കുള്ള സഞ്ചാരം. രാവിലെ 8 മണിയോടെ കൽബയിൽ ചായ കുടിക്കാനും മറ്റുമായി 15 മിനിറ്റോളം നിർത്തിയ ബസ് തുടർന്ന് കൽബ ചെക് പോസ്റ്റിലാണ് നിർത്തിയത്. ഇവിടെ എമിഗ്രേഷൻ പരിശോധന കഴിഞ്ഞാൽ ശൗചാലയവും മറ്റും ഉപയോഗിക്കാനുള്ള സൗകര്യമുണ്ട്.
ഉച്ചഭക്ഷണവും യാത്രാ മധ്യേ ആയിരിക്കും. 8 മണിക്കൂർ യാത്രയ്ക്ക് ശേഷം ഇന്ന് ഉച്ചയ്ക്ക് 2.30ന് ബസ് മസ്കത്തിലെ അസൈബ ബസ് സ്റ്റേഷനിലെത്തും. യാത്രക്കാര്‍ക്ക് ഏഴ് കിലോ ഹാന്‍ഡ് ബാഗും 23 കിലോ ലഗേജും അനുവദിക്കുന്നു. ഇന്നലെ ബസ് സർവീസ് ആരംഭിക്കുമെന്നായിരുന്നു നേരത്തെ അധികൃതർ അറിയിച്ചിരുന്നത്.
യുഎഇയിൽ നിന്ന് ഒമാനിലേക്ക് വൺവേ വിമാന ടിക്കറ്റ് നിരക്ക് 300 ദിർഹമാണ്. ബസിനാണെങ്കിൽ 100 ദിർഹം മതി. കൽബ ചെക് പോസ്റ്റിലെ എമിഗ്രേഷനിൽ 30 ദിർഹം ഫീസ് അടയ്ക്കണം.
യുഎഇ അടക്കമുള്ള ജിസിസി രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് എത്തുന്ന ഉയർന്ന ജോലിക്കാർക്ക് ഓൺ അറൈവൽ വീസ സൗജന്യമാണ്. 14 ദിവസത്തേയ്ക്കാണ് വീസ ലഭിക്കുക. അല്ലാത്തവർ ഓൺലൈനായി ഇ–വീസ എടുത്തിരിക്കണം. 10 ദിവസത്തെ ടൂറിസ്റ്റ് വീസയ്ക്ക് 500 ദിർഹവും 30 ദിവസത്തേയ്ക്ക് 850 ദിർഹവുമാണ് ടൂറിസ്റ്റ് കമ്പനികൾ ഈടാക്കുന്നത്.
സ്‌കത്തിലെ അസൈബ ബസ് സ്‌റ്റേഷനില്‍ നിന്ന് ഷാര്‍ജയിലെ അല്‍ ജുബൈല്‍ സ്‌റ്റേഷനിലേക്കും തിരിച്ചും പ്രതിദിനം രണ്ട് സര്‍വീസുകളാണുള്ളത്. അല്‍ ജുബൈലില്‍ നിന്ന് പുലര്‍ച്ചെ 6.30ന് പുറപ്പെടുന്ന ബസ് ഉച്ചക്ക് 2.30നും വൈകിട്ട് 4.00ന് പുറപ്പെടുന്ന ബസ് രാത്രി 11.50നും അസൈബ സ്‌റ്റേഷനില്‍ എത്തും. പുലര്‍ച്ചെ 6.30ന് അസൈബയില്‍ നിന്ന് പുറപ്പെടുന്ന ബസ് ഉച്ച തിരിഞ്ഞ് 3.40നും വൈകിട്ട് 4.30ന് പുറപ്പെടുന്ന ബസ് അര്‍ധരാത്രി 1.10നും ഷാർജ അല്‍ ജുബൈല്‍ സ്‌റ്റേഷനില്‍ എത്തും.
മസ്‌കത്തിനും ഷാര്‍ജക്കും ഇടയില്‍ ബസ് സര്‍വീസ് ആരംഭിക്കുന്നതിന് ഒമാന്‍ നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയായ മുവാസലാത്തും ഷാര്‍ജ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും തമ്മില്‍ നേരത്തെ ധാരണയിലെത്തിയിരുന്നു. യാത്രക്കാര്‍ക്ക് ഒമാന്‍ മുവാസലാത്ത് വെബ്‌സൈറ്റ് വഴിയോ ഇരു രാജ്യങ്ങളിലെയും ബസ് സ്‌റ്റേഷനുകളിലുള്ള സെയില്‍സ് ഔട്ലെറ്റുകള്‍ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല