1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 11, 2024

സ്വന്തം ലേഖകൻ: പ്രവചനാതീതമായ കാലാവസ്ഥ കണക്കിലെടുത്ത് നാളെ യുഎഇയിലുടനീളമുള്ള വിദ്യാലയങ്ങളോടും സ്വകാര്യ മേഖലാ കമ്പനികളോട് ഫ്ലെക്സിബിൾ വർക്കിങ് രീതികൾ സ്വീകരിക്കാൻ വിദ്യാഭ്യാസ റെഗുലേറ്ററായ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്‍റ് അതോറിറ്റിയും മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയവും ആവശ്യപ്പെട്ടു.

ദുബായിലെ സ്വകാര്യ സ്‌കൂളുകൾ, നഴ്‌സറികൾ, യൂണിവേഴ്‌സിറ്റികൾ എന്നിവ വിദ്യാർഥികളുടെ നേരിട്ടുള്ള ഹാജർ നയത്തിൽ അയവുള്ളവരായിരിക്കണമെന്നും അസ്ഥിരമായ കാലാവസ്ഥ കാരണം നാളെ ആവശ്യമെങ്കിൽ വിദൂരപഠനത്തിനുള്ള ഓപ്ഷൻ ഉപയോഗിക്കണമെന്നും അഭ്യർഥിച്ചു. ദുബായ് വിദ്യാഭ്യാസ റെഗുലേറ്ററായ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്‍റ് അതോറിറ്റി ഇന്നലെ വൈകിട്ട് എക്‌സിലെ ഒരു പോസ്റ്റിൽ ഇത് സംബന്ധിച്ച അറിയിപ്പ് നൽകി.

പ്രവചനാതീതമായ കാലാവസ്ഥയിൽ മാതാപിതാക്കളുടെയും ജീവനക്കാരുടെയും വിദ്യാർഥികളുടെയും ആവശ്യങ്ങൾ പരിഗണിക്കണമെന്നും നിർദേശിച്ചു. എല്ലാവരും സുരക്ഷിതരായിരിക്കുകയാണ് പ്രധാന ഉദ്ദേശ്യമെന്നും സന്ദേശത്തിൽ കൂട്ടിച്ചേർത്തു. ആവശ്യമെങ്കിൽ മാത്രം പുറംജോലി ഉറപ്പാക്കാനും തൊഴിൽപരമായ ആരോഗ്യ സുരക്ഷാ ആവശ്യകതകൾ പാലിക്കാനും കമ്പനികൾ ആവശ്യമായ നടപടികൾ കൈക്കൊള്ളേണ്ടതുണ്ടെന്നും മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം എക്‌സിലെ പ്രസ്താവനയിൽ പറഞ്ഞു.

ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഇന്ന് വൈകുന്നേരം മുതല്‍ കനത്ത മഴ ലഭിക്കുമെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ബുധനാഴ്ച വരെ മഴ തുടരും. മസ്‌കത്ത്, ദാഖിലിയ, തെക്ക്-വടക്ക് ശര്‍ഖിയ, തെക്ക്-വടക്ക് ബാത്തിന, അല്‍ വുസ്ത ഗവര്‍ണറേറ്റുകളിലാകും കൂടുതല്‍ മഴ ലഭിക്കുക. മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് മുഴുവന്‍ സുരക്ഷാ യൂണിറ്റുകളും പൂര്‍ണമായും സജ്ജമായിട്ടുണ്ട്.

പുലര്‍ച്ചെ മൂടല്‍ മഞ്ഞിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ അധികൃതര്‍ അറിയിച്ചു. രാജ്യത്ത് തീരപ്രദേശങ്ങളിൽ കടല്‍ പ്രക്ഷുബ്ധമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തീരദേശങ്ങളില്‍ തിരമാലകള്‍ 1.5 മീറ്റര്‍ മുതല്‍ 3.5 മീറ്റര്‍ വരെ ഉയരും. മുസന്ദമിലെ പടിഞ്ഞാറന്‍ തീരങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ കാറ്റ് വീശുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മഴ മുന്നറിയിപ്പിന്‍റെ പശ്ചാതലത്തില്‍ ഒമാനിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ മുഴുവന്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ക്കും ഞായറാഴ്ച ഉച്ചക്ക് ശേഷവും, തിങ്കളാഴ്ചയും അവധി നല്‍കി. മുന്‍കരുതലൊരുക്കാന്‍ സ്‌കൂളുകള്‍ക്ക് അധികൃതര്‍ മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂളുകള്‍ കാലവസ്ഥാ മുന്നറിയിപ്പുകളും സുരക്ഷാ നിര്‍ദേശങ്ങളും ശ്രദ്ധിക്കണമെന്നും അധികൃതര്‍ കൈമാറുന്ന ഔദ്യോഗിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്നും അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.