1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 3, 2022

സ്വന്തം ലേഖകൻ: ഒമാനില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ വലിയ തോതില്‍ കുറവുണ്ടായ സാഹചര്യത്തില്‍, കോവിഡ് പ്രതിരോധത്തിനായി രൂപീകൃതമായ സുപ്രീം കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിവിധ മേഖലകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒന്നൊന്നായി നിര്‍ത്തലാക്കുകയും രാജ്യത്ത് ജനജീവിതം സാധാരണ നിലയിലേക്ക് തിരികെ എത്തുകയും ചെയ്ത സാഹചര്യത്തിലാണ് സുപ്രീം കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ സുല്‍ത്താന്‍ ഹൈത്തം ബിന്‍ താരിഖ് നിര്‍ദ്ദേശം നല്‍കിയത്.

രാജ്യത്തെ കോവിഡ് വ്യാപന സാഹചര്യം വിലയിരുത്തുന്നതിനായി മെയ് 22ന് ചേര്‍ന്ന സുപ്രീം കമ്മിറ്റി യോഗം കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് രാജ്യത്ത് ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയാന്‍ തീരുമാനം കൈക്കൊണ്ടിരുന്നു. രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ അതിന്റെ വ്യാപനം തടയുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി സുപ്രിം കമ്മിറ്റി നിലവില്‍ വന്നിരുന്നു.

2020 ഫെബ്രുവരിയിലായിരുന്നു കമ്മിറ്റിയുടെ രൂപീകരണം. തുടര്‍ന്ന് ശക്തമായ നിയന്ത്രണങ്ങളിലൂടെയും ബോധവല്‍ക്കരണത്തിലൂടെയും രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രണാതീതമാവാതെ പിടിച്ചു നിര്‍ത്താന്‍ കമ്മിറ്റിക്ക് സാധിച്ചതായി കാബിനറ്റ് യോഗം വിലിയിരുത്തി. വിവിധങ്ങളായ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തെ കൊവിഡ് ഭീഷണിയില്‍ നിന്ന് മുക്തമാക്കിയാണ് കമ്മിറ്റി അതിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നത്.

മഹാമാരിയെ നിയന്ത്രിക്കുന്നതിന് ശാസ്ത്രീയവും ദീര്‍ഘവീക്ഷണത്തോടെയും സുപ്രിം കമ്മിറ്റി നടപ്പിലാക്കിയ ആസൂത്രിത പ്രവര്‍ത്തനങ്ങളാണ് വലിയ തോതില്‍ അതിന്റെ വ്യാപനം തടയാന്‍ സാധിച്ചതെന്ന് യോഗത്തില്‍ സുല്‍ത്താന്‍ അഭിപ്രായപ്പെട്ടു. കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ച, അദ്ദേഹം കമ്മിറ്റിയിലെ എല്ലാ അംഗങ്ങള്‍ക്കും നന്ദി പറയുകയും ചെയ്തു.

വരും ദിവസങ്ങളില്‍ രോഗപ്രതിരോധം ശക്തമായി തുടരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യ മന്ത്രാലയം നേതൃത്വം നല്‍കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. മറ്റ് വകുപ്പുകളുമായി ഇക്കാര്യത്തില്‍ മികച്ച സഹകരണം സാധ്യമാക്കണമെന്നും അദ്ദേഹം അറിയിച്ചു.

കൊവിഡ് നിയന്ത്രണങ്ങളെല്ലാം ഒഴിവാക്കിയ സാഹചര്യത്തില്‍ ഇനി കൊവിഡ് പ്രതിരോധ വാക്‌സിന്‍ എടുക്കാത്തവര്‍ക്കും ഒമാനിലെത്താം. കൊവിഡ് വാക്‌സിനെടുക്കാത്തവര്‍ക്ക് യാതൊരു നിബന്ധനകളും പാലിക്കാതെ ഇനി ഒമാനില്‍ പ്രവേശിക്കാമെന്ന് ആരോഗ്യ മന്ത്രാലയം വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡുമായി ബന്ധപ്പെട്ട് രാജ്യത്ത് ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും കഴിഞ്ഞ ദിവസം സുപ്രീം കമ്മിറ്റി എടുത്ത് കളഞ്ഞിരുന്നു.

ഇതിന്റെ ഭാഗമായി കോവിഡുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ഒഴിവാക്കിയിരുന്നു. കൊവിഡ് കാലയാത്രയ്ക്ക് ആവശ്യമായിരുന്ന വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, ഇ-മുഷ്രിഫ് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ ഇന്‍ഷൂന്‍സ് എന്നിവ ഇല്ലാതെ തന്നെ ഇനി ഒമാനിലേക്ക് യാത്ര ചെയ്യാനാവും.

തീരുമാനത്തെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വാഗതം ചെയ്തു. നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ചത് രാജ്യത്തേക്കുള്ള യാത്ര കൂടുതല്‍ സുഗമമാക്കുമെന്ന് ട്രാവല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെട്ടു. ഇത് രാജ്യത്തേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.