സ്വന്തം ലേഖകൻ: ഒമാനിൽ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കുന്നത് ആലോചനയിൽ. ഇതിന് പുറമെ സർക്കാർ ഓഫീസുകളിൽ പ്രവേശിക്കുന്നതിനും ഒമാനിലേക്കും രാജ്യത്തിന് പുറത്തേക്കുമുള്ള യാത്രക്കും വാക്സിനെടുക്കൽ നിർബന്ധമാക്കുന്നത് സംബന്ധിച്ച പഠനങ്ങൾ നടന്നുവരുകയാണെന്നും സുപ്രീം കമ്മിറ്റി വ്യാഴാഴ്ച അറിയിച്ചു.
രോഗപ്രതിരോധ കുത്തിവെപ്പ് വഴി പൊതുജനാരോഗ്യം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. വ്യാഴാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗം രാജ്യത്തെ ലോക്ഡൗൺ സമയത്തിൽ മാറ്റം വരുത്തുകയും ചെയ്തു. രാത്രി പത്ത് മുതൽ പുലർച്ചെ നാല് വരെയാണ് പുതുക്കിയ ലോക്ഡൗൺ സമയം. വ്യാഴാഴ്ച രാത്രി മുതൽ പുതിയ സമയം നിലവിൽ വരും. വൈകുന്നേരം അഞ്ച് മുതൽ പുലർച്ചെ നാല് വരെയായിരുന്നു കഴിഞ്ഞ ദിവസം വരെ ലോക്ഡൗൺ.
അതിനിടെ ആദ്യ ഡോസ് കോവിഡ് വാക്സീൻ സ്വീകരിച്ച് 10 ആഴ്ച പൂർത്തിയാക്കിയവർക്ക് ഒന്നുമുതൽ രണ്ടാമത്തെ ഡോസ് നൽകിത്തുടങ്ങുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നു വൈകിട്ടു മുതൽ ഒാൺലൈനിൽ റജിസ്റ്റർ ചെയ്യാം. സൈറ്റ്: http://covid19.moh.gov.om. തരാസുദ് പ്ലസ് ആപ് വഴിയും റജിസ്റ്റർ ചെയ്യാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല