സ്വന്തം ലേഖകൻ: ഒമാനില്‍ കുറഞ്ഞ നിരക്കില്‍ പ്രവാസികളുടെ വിസ പുതുക്കാം. പുതിയ നിബന്ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ നിര്‍ദേശപ്രകാരമാണ് പ്രവാസികളുടെ വിസ നിരക്ക് കുറച്ചത്. ഇതിന്റെ പശ്ചാത്തലത്തില്‍ തൊഴില്‍ പെര്‍മിറ്റുകളുടെ കാലാവധി പുതുക്കുന്നതില്‍ കാലതാമസം വരുത്തിയവര്‍ക്കുള്ള പിഴയും ഒഴിവാക്കിയിട്ടുണ്ട്.
എന്നാല്‍, സെപ്തംബര്‍ ഒന്നിനകം നടപടികള്‍ പൂര്‍ത്തിയാക്കിയിരിക്കണം. വിസ ഇറക്കുന്നതിനും പുതുക്കുന്നതിനുമുള്ള നിരക്കുകള്‍ കുറച്ചിട്ടുണ്ട്. സുല്‍ത്താന്റെ നിര്‍ദേശത്തിന് പിന്നാലെ പുതിയ വിസ നിരക്കുകള്‍ ഒമാന്‍ മാനവ വിഭവശേഷി മന്താലയം നേരത്തെ തന്നെ പുറത്തിറക്കിയിരുന്നു. കൃത്യമായി സ്വദേശിവത്കരണ നിരക്ക് പാലിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് പുതിയ ഫീസില്‍ 30 ശതമാനം ഇളവും ലഭിക്കും.
മുമ്പ് 2001 റിയാല്‍ ഈടാക്കിയിരുന്ന ഏറ്റവും ഉയര്‍ന്ന വിഭാഗത്തില്‍ 301 റിയാലാക്കി ഫീസ് കുറച്ചിരുന്നു. സൂപ്പര്‍വൈസറി തസ്തികകളായ മാനേജര്‍മാര്‍, സ്ഥാപന മേധാവികള്‍, സ്പെഷ്യലിസ്റ്റുകള്‍, കണ്‍സള്‍ട്ടന്റുമാര്‍ എന്നിങ്ങനെ ഉള്ളവരാണ് ഈ വിഭാഗത്തില്‍ പെടുന്നത്. ഇതില്‍ തന്നെ സ്വദേശിവത്കരണ നിബന്ധനകള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 201 റിയാലായിരിക്കും ഫീസ്.
മുമ്പ് 601 റിയാല്‍ മുതല്‍ 10001 റിയാല്‍ വരെ ഈടാക്കിയിരുന്ന തസ്തികകളിലേക്ക് ഇനി മുതല്‍ 201 റിയാലായിരിക്കും വിസാ ചാര്‍ജ്. സ്പെഷ്യലൈസ്ഡ്, സാങ്കേതിക വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരാണ് ഇതില്‍ ഉള്‍പ്പെടുന്നവരില്‍ അധികവും. ഈ വിഭാഗത്തിലെ സ്വദേശിവത്കരണം നടപ്പാക്കിയ സ്ഥാപനങ്ങള്‍ക്ക് 176 റിയാല്‍ ആയിരിക്കും ഫീസ് ഈടാക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല