![](https://www.nrimalayalee.com/wp-content/uploads/2020/06/coronavirus-covid-19-lockdown-Vande-Bharat-Oman-Visiting-Visa-Gulf-Update.jpg)
സ്വന്തം ലേഖകൻ: കാലാവധി കഴിഞ്ഞിട്ടും പുതുക്കാത്ത വര്‍ക്ക് പെര്‍മിറ്റുകള്‍ പിഴയില്ലാതെ പുതുക്കാന്‍ അവസരം നല്കി ഒമാന്‍ ഭരണകൂടം. പിഴയില്ലാതെ വിസ പുതുക്കാനുള്ള അവസരം സെപ്തംബര്‍ ഒന്നു വരെ മാത്രമായിരിക്കുമെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഈ അവസരം പ്രവാസികളും സ്ഥാപനങ്ങളും പരമാവധി ഉപയോഗപ്പെടുത്തി, പുതുക്കാതെ കിടക്കുന്ന വര്‍ക്ക് പെര്‍മിറ്റുകള്‍ ആഗസ്ത് 31ഓടെ തന്നെ പുതുക്കണമെന്നും മന്ത്രാലയം പ്രസാവനയില്‍ അറിയിച്ചു.
അതിനിടെ, വിദേശികളുടെ വിസകള്‍ക്കുള്ള ഫീസ് നിരക്ക് കുറച്ച നടപടി ഈ വര്‍ഷം ജൂണ്‍ ഒന്നു മുതല്‍ നിലവില്‍ വരുമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഒമാന്‍ ഭരണധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കഴിഞ്ഞ ദിവസം വിസ ഫീസ് നിരക്കുകള്‍ കുത്തനെ കുറച്ചത്. തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമുള്ള സ്വദേശിവല്‍ക്കരണ തോത് പൂര്‍ണമായി നടപ്പാക്കിയ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്ക് പ്രത്യേകമായി 30 ശതമാനം ഫീസിളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
പുതിയ നിരക്കനുസരിച്ച് ഏറ്റവും ഉയര്‍ന്ന വിഭാഗത്തില്‍ ജോലി എടുക്കുന്നവരുടെ വിസ നിരക്ക് 301 റിയാലായി കുറച്ചിരുന്നു. നേരത്തേ ഇത് 2001 റിയാലായിരുന്നു. 74 തസ്തികകളാണ് ഈ വിഭാഗത്തില്‍ വരുന്നത്. അതേസമയം, സര്‍ക്കാര്‍ നിര്‍ദേശിച്ച സ്വദേശിവല്‍ക്കരണ തോതനുസരിച്ച് ജീവനക്കാരെ നിയോഗിച്ച സ്ഥാപനങ്ങളില്‍ നിന്ന് 211 റിയാല്‍ മാത്രമേ ഈടാക്കുകയുള്ളൂ. ഇടത്തരം വിഭാഗത്തില്‍പ്പെട്ട തൊഴില്‍ വിസകള്‍ക്കുള്ള പുതുക്കിയ നിരക്ക് 251 റിയാലായും കുറച്ചു. 601 റിയാല്‍ മുതല്‍ 1001 റിയാല്‍ വരെയായിരുന്നു ഈ വിഭാഗത്തില്‍ ഇതുവരെ ഈടാക്കിയിരുന്ന ഫീസ് നിരക്ക്. എന്നാല്‍ സ്വദേശിവല്‍ക്കരണ തോത് പൂര്‍ണ തോതില്‍ നടപ്പിലാക്കിയ കമ്പനികളില്‍ നിന്ന് 176 റിയാല്‍ മാത്രമാണ് വിസ ഫീസായി ഈടാക്കുക.
മൂന്നാം വിഭാഗത്തില്‍ പെട്ട ചെറുകിട മേഖലയിലെ തൊഴില്‍ വിസ നിരക്ക് 201 റിയാലായി കുറച്ചിട്ടുണ്ട്. നേരത്തെ ഈ വിഭാഗത്തില്‍ നിന്ന് 301 റിയാല്‍ മുതല്‍ 361 റിയാല്‍ വരെയാണ് ഈടാക്കിയിരുന്നത്. ഈ വിഭാഗത്തില്‍ പെട്ട കമ്പനികളില്‍ സ്വദേശിവല്‍ക്കരണ തോത് പുര്‍ത്തിയാക്കിയ സ്ഥാപനങ്ങള്‍ 141 റിയാല്‍ നല്കിയാല് മതിയാവും. പുതിയ പ്രഖ്യാപനത്തിന്റെ ഭാഗമായി വീട്ടുജോലിക്കാരുടെ വിസ നിരക്കും കുറിച്ചിരുന്നു. ഒന്നു മുതല്‍ മൂന്നു വരെ തൊഴിലാളികള്‍ക്ക് വിസ ഫീസ് 141 റിയാലില്‍ നിന്ന് 101 റിയാലായാണ് കുറച്ചത്.
മൂന്നിലധികം ജീവനക്കാരുണ്ടെങ്കില്‍ ഫീസ് 241ല്‍ നിന്ന് 141 ആയും കുറച്ചു. കൃഷിക്കാരുടെ വിസ ഫീസ് 201 റിയാലില്‍ നിന്ന് 141 ആയി കുറച്ചിട്ടുണ്ട്. മൂന്നില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ 241 ആണ് പുതിയ ഫീസ്. നേരത്തേ ഇത് 301 റിയാലായിരുന്നു. ഇതോടൊപ്പം റിയാദ് കാര്‍ഡുള്ള ചെറുകിട ഇടത്തരം സംരംഭങ്ങളിലെ വിദേശ ജീവനക്കാരുടെ ഫീസിലും കുറവ് വരുത്തി. അഞ്ച് വരെ പേര്‍ക്ക് 101 റിയാലും ആറു മുതല്‍ 10 വരെ പേര്‍ക്ക് 151 റിയാലുമാണ് പുതിയ ഫീസ്.
അതേസമയം, വിദേശികളുടെ വിസ ഫീസ് നിരക്ക് കുറച്ച നടപടി രാജ്യം തുടരുന്ന സ്വദേശിവല്‍ക്കരണത്തെ ഒരു വിധത്തിലും ദോഷകരമായി ബാധിക്കില്ലെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി മന്ത്രാലയം രംഗത്തെത്തിയത്.
രാജ്യത്തെ തൊഴില്‍ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ഉത്തേിജിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നിരക്ക് കുറച്ചിരിക്കുന്നതെന്ന് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ശെയ്ഖ് നാസര്‍ ബിന്‍ അമീര്‍ അല്‍ ഹുസ്നി പറഞ്ഞു. തൊഴില്‍ മേഖല ശക്തിപ്പെടുന്നത് കൂടുതല്‍ ഒമാനികള്‍ക്ക് ജോലി ലഭിക്കാന്‍ അവസരം സൃഷ്ടിക്കുകയാണ് ചെയ്യുക. കൂടുതല്‍ ഒമാനികളെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഫീസ് ഇളവ് നല്‍കിയത് സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല