സ്വന്തം ലേഖകൻ: വിദേശികളുടെ പരിഷ്കരിച്ച തൊഴിൽ വിസ നിരക്കുകൾ ബുധനാഴ്ച മുതൽ പ്രാബല്യത്തിൽവരും. ഒമാനിലെ വിദേശികൾക്ക് എറെ അനുഗുണമാവുന്നതാണ് പുതിയ നിരക്കുകൾ. ഇതോടൊപ്പം തൊഴിൽ പെർമിറ്റുകൾ പുതുക്കാത്തവർക്കുള്ള പിഴയും ഒമാൻ സർക്കാർ എടുത്തുകളഞ്ഞു. ഉയർന്ന നിരക്ക് അടക്കമുള്ള കാരണങ്ങളാൽ വിസയും തൊഴിൽ പെർമിറ്റും പുതുക്കാൻ കഴിയാത്തവർക്ക് അടുത്ത സെപ്റ്റംബർ ഒന്നുവരെ പിഴയില്ലാതെ പുതുക്കാൻ അവസരം നൽകുന്നതും വിദേശികൾക്ക് അനുഗ്രഹമാണ്.
ഉയർന്ന വിസനിരക്ക് കാരണം ഒമാൻ ഉപേക്ഷിച്ചുപോയ പലരും വിസിറ്റ് വിസയിലും മറ്റുമായി ഒമാനിൽ തിരിച്ചെത്തുന്നുണ്ട്. ഇതോടെ പ്രധാന നഗരങ്ങളിൽ അടഞ്ഞുകിടക്കുകയായിരുന്ന നിരവധി വ്യാപാര സ്ഥാപനങ്ങൾ വീണ്ടും തുറന്ന് പ്രവർത്തിക്കാനും തുടങ്ങി. വിസ നിരക്കുകൾ പുതുക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച ഒരു ദിവസത്തത്തേക്ക് ഇലക്ട്രോണിക്സ് സേവനങ്ങൾ തൊഴിൽ മന്ത്രാലയം നിർത്തിവെച്ചിട്ടുണ്ട്.
നേരത്തേ മാനേജർ, പ്രസിഡന്റ്, സ്പെഷലിസ്റ്റ്, കൺസൾട്ടന്റ് അടക്കമുള്ള ഉയർന്ന തസ്തികക്ക് 2000 റിയാലായിരുന്നു തൊഴിൽ പെർമിറ്റ് നിരക്ക്. ചെറിയ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ഇത്തരം തസ്തികയിലുള്ളവർക്ക് ഈ നിരക്കുകൾ നൽകാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ ഇത്തരം തസ്തികയിലുള്ള നിരവധിപേരാണ് ഒമാൻ ഉപേക്ഷിച്ച് രാജ്യംവിട്ടത്. നിരവധിപേർ തൊഴിൽ പെർമിറ്റ് നിരക്കുകൾ കുറവുള്ള തസ്തികകളിലേക്ക് മാറുകയും ചെയ്തിരുന്നു.
പുതിയ നിരക്കുകൾ നിലവിൽ വരുന്നതോടെ കൂടുതൽപേർ ഒമാനിലേക്ക് തിരിച്ചുവരും. തൊഴിൽ പെർമിറ്റ് നിരക്കുകൾ കുറഞ്ഞതോടൊപ്പം സ്വദേശിവത്കരണം പൂർത്തിയാക്കിയ കമ്പനികൾക്ക് വിദേശികളുടെ വിസ നിരക്കുകൾക്ക് 30 ശതമാനം ഇളവ് പ്രഖ്യാപിച്ചത് കമ്പനികൾക്കും അനുഗ്രഹമാകും. ഈ ആനുകൂല്യം കുടുതൽ സ്വദേശികൾക്ക് തൊഴിലവസരം സൃഷ്ടിക്കും.
പുതിയ തൊഴിൽ പെർമിറ്റ് നിരക്കുകൾ വ്യാപാര മേഖലയടക്കം എല്ലാ മേഖലക്കും പുത്തൻ ഉണർവ് നൽകാൻ തുടങ്ങിയതായി വ്യാപാര മേഖലയിലുള്ളവർ പറയുന്നു. പുതിയ പ്രഖ്യപനമുണ്ടായപ്പോൾതന്നെ നിരവധിപേർ തിരിച്ചുവരാൻ തുടങ്ങി. അതോടൊപ്പം നിരവധി പുതിയ വിസക്കാരും എത്തുന്നു.
പൊതുവേ റുവി അടക്കമുള്ള നഗരങ്ങളിൽ തിരക്ക് വർധിച്ചതായി വ്യാപാരികൾ പറയുന്നു. സ്പോൺസറില്ലാതെതന്നെ നിക്ഷേപം നടത്താനുള്ള സംവിധാനവും നിരവധിപേർ ഉപയോഗപ്പെടുത്തുന്നുണ്ട്.
പുതിയ നിരക്കനുസരിച്ച് ഏറ്റവും ഉയർന്ന വിഭാഗത്തിൽ ജോലി എടുക്കുന്നവരുടെ വിസ നിരക്ക് 301 റിയാലായിരിക്കും. കഴിഞ്ഞ വർഷം മേയ് ഒന്നുമുതൽ നിലവിൽവന്ന നിരക്കനുസരിച്ച് 2001 റിയാലാണ് ഇതുവരെ വിസ ഫീസായി ഈടാക്കിയിരുന്നത്. 74 തസ്തികകളാണ് ഈ വിഭാഗത്തിൽ വരുന്നത്. സർക്കാർ നിർദേശിച്ച സ്വദേശിവത്കരണ തോത് പൂർണമായി നടപ്പാക്കിയ സ്ഥാപനങ്ങളിൽനിന്ന് 211 റിയാലാണ് ഈടാക്കുക.
ഇടത്തരം വിഭാഗത്തിൽ ജോലി ചെയ്യുന്നവരുടെ വിസ നിരക്ക് 251 ആയാണ് കുറച്ചത്. സ്പെഷലൈസ്ഡ് വിഭാഗത്തിൽപെട്ടവരും സാങ്കേതിക മേഖലകളിലും ജോലി ചെയ്യുന്നവരാണ് ഇതിൽപെടുന്നത്. 601 റിയാൽ മുതൽ 1001 റിയാൽ വരെയായിരുന്നു ഈ വിഭാഗത്തിൽ ഇതുവരെ ഈടാക്കിയിരുന്നത്. സ്വദേശിവത്കരണ തോത് പൂർത്തിയാക്കിയ കമ്പനികളിൽനിന്ന് 176 റിയാൽ മാത്രമാണ് ഈടാക്കുക.
മൂന്നാം വിഭാഗത്തിൽപെട്ടവരുടെ വിസ നിരക്ക് 201 റിയാലായി കുറച്ചു. നേരത്തെ ഈ വിഭാഗത്തിൽനിന്ന് 301 റിയാൽ മുതൽ 361 റിയാൽ വരെയാണ് ഈടാക്കിയത്. സ്വദേശിവത്കരണ തോത് പൂർത്തിയാക്കിയ സ്ഥാപനങ്ങൾ 141 റിയാൽ നൽകിയാൽ മതിയാവും. വീട്ടുജോലി വിസകൾക്കും മറ്റും 101 റിയാലാണ് പുതിയ നിരക്ക്. നേരത്തെ ഈ വിഭാഗത്തിൽനിന്ന് 141 റിയാലാണ് ഈടാക്കിയിരുന്നത്. കൃഷിക്കാരുടെ വിസ ഫീസ് 201 റിയാലിൽനിന്ന് 141 ആയി കുറച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല