സ്വന്തം ലേഖകന്‍: സ്വദേശിവല്‍ക്കരണം കര്‍ക്കശമാക്കി ഒമാന്‍, ജോലി നഷ്ടമാകുക നാനൂറോളം നഴ്‌സുമാര്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ക്ക്.വിദേശികള്‍ക്ക് പകരം സ്വദേശി നഴ്‌സുമാരെ നിയമിക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലെത്തിയതായി ആരോഗ്യ മന്ത്രാലയം വക്താവിനെ ഉദ്ധരിച്ച് ഔദ്യോഗിക ദിനപത്രമായ ‘ഒമാന്‍ അറബിക്’ റിപ്പോര്‍ട്ട് ചെയ്തു.
ഇതിനായി സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയില്‍ നിന്നും മറ്റ് സ്വകാര്യ സര്‍വകലാശാലകളില്‍ നിന്നുമുള്ള ഇരുനൂറ് പേരെ മന്ത്രാലയം ഇതിനോടകം അഭിമുഖം നടത്തിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. സ്വദേശിവത്കരണ നടപടികളുടെ ഭാഗമായി 415 വിദേശി നഴ്‌സ്മാര്‍ക്ക് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് 80 വിദേശി ഡോക്ടര്‍മാര്‍ക്ക് കൂടി തൊഴില്‍ നഷ്ടമാകുമെന്ന് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പുറത്തുവന്നത്.
സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന 80 മുതിര്‍ന്ന ഡോക്ടര്‍മാര്‍ക്ക് പകരം സ്വദേശികളെ നിയമിക്കുമെന്ന് ഔദ്യോഗിക പത്രമായ ഒമാന്‍ ഒബ്‌സര്‍വര്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം തന്നെ വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കും. ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ പരീക്ഷ സ്വദേശി ഡോക്ടര്‍മാര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിന്റെ ഫലം വരുന്ന മുറക്ക് പുതിയ നിയമനങ്ങള്‍ ഉണ്ടാകും.
മലയാളികള്‍ അടക്കമുള്ള നഴ്‌സുമാര്‍ക്ക് ഇതിനോടകം നോട്ടീസ് ലഭിച്ചതായാണ് വിവരം. മൂന്ന് മാസം മുമ്പ് ലഭിച്ച നോട്ടീസ് പ്രകാരം അടുത്ത മാസം ഒന്ന് വരെ മാത്രമാണ് ജോലിയില്‍ തുടരാന്‍ കഴിയൂ. ആരോഗ്യ രംഗത്തെ സ്വദേശിവത്കരണം 65 ശതമാനത്തിലേക്ക് ഉയര്‍ന്നതോടെ ഒമാനില്‍ ശേഷിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല