സ്വന്തം ലേഖകൻ: ഒമിക്രോണ്‍ വകഭേദം മൂലമുള്ള കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുമ്പോൾ മറ്റൊരു കോവിഡ് തരംഗത്തെ നേരിടാന്‍ തയാറെടുക്കുകയാണ് ഇന്ത്യ. എന്നാല്‍ അതിവേഗം പടരുന്ന ഈ പുതു വകഭേദം മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് ശ്വാസകോശത്തിന് കാര്യമായ ആഘാതമുണ്ടാക്കുന്നില്ല എന്ന കാര്യം ആരോഗ്യവിദഗ്ധരുൾപ്പ ടെയുള്ളവർക്ക് ആശ്വാസം പകരുന്നുണ്ട്.
ശ്വാസനാളിയില്‍ ഡെല്‍റ്റയെ അപേക്ഷിച്ച് 70 മടങ്ങ് വേഗത്തില്‍ ഒമിക്രോണ്‍ വൈറസ് പെരുകുന്നതായി ഹോങ്കോങ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. കോശങ്ങളില്‍ പെരുകി ഉയര്‍ന്ന തോതിലെത്താന്‍ അണുബാധയ്ക്ക് ശേഷം 48 മണിക്കൂറാണ് ഒമിക്രോണിന് വേണ്ടത്. ഒമിക്രോണിലെ അൻപതോളം വരുന്ന ജനിതക വ്യതിയാനങ്ങള്‍ മനുഷ്യ കോശങ്ങളില്‍ വേഗത്തില്‍ പ്രവേശിക്കാനും പെരുകാനും വൈറസിനെ സഹായിക്കുന്നു. എന്നാല്‍ മുന്‍വകഭേദങ്ങളെ അപേക്ഷിച്ച് രോഗതീവ്രത രൂക്ഷമല്ലാത്തതിന് കാരണം ഒമിക്രോണ്‍ ശ്വാസകോശത്തിന് കാര്യമായ ആഘാതം ഉണ്ടാക്കാത്തതിനാലാണെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
അമേരിക്കയിലെയും ജപ്പാനിലെയും ഒരു സംഘം ശാസ്ത്രജ്ഞര്‍ എലികളില്‍ നടത്തിയ ഗവേഷണമാണ് ഇത് സംബന്ധിച്ച തെളിവുകള്‍ നിരത്തുന്നത്. ശ്വാസകോശത്തിന് കുറഞ്ഞ തോതിലുള്ള നാശം മാത്രം വരുത്തുന്ന ഒമിക്രോണ്‍ മൂലം കാര്യമായ ഭാരക്കുറവും എലികളില്‍ ഉണ്ടായില്ല. ഇവ ബാധിച്ച എലികള്‍ മരണപ്പെടാനുള്ള സാധ്യതയും കുറവാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി.
ശ്വാസകോശത്തിലെ കോശസംയുക്തങ്ങള്‍ക്കുള്ളില്‍ ഡെല്‍റ്റയെയും മറ്റ് വകഭേദങ്ങളെയും അപേക്ഷിച്ച് കാര്യമായ അണുബാധയും ഒമിക്രോണ്‍ ഉണ്ടാക്കുന്നില്ല. ശ്വാസകോശ നാളിയില്‍ ഒമിക്രോണ്‍ ഉണ്ടാക്കുന്ന വൈറല്‍ ലോഡിനെ പറ്റിയും ഗവേഷണങ്ങള്‍ പുരോഗമിക്കുകയാണ്. അതേ സമയം മൊഡേര്‍ണ, ജോണ്സണ് ആന്‍ഡ് ജോണ്സണ്, ഫൈസര്‍ തുടങ്ങിയവയുടെ വാക്സിനുകള്‍ നല്കുന്ന പ്രതിരോധത്തെ വെട്ടിച്ചു രക്ഷപ്പെടാന്‍ ഒമിക്രോണിന് സാധിക്കുന്നതായി ഇതിനോടകം പുറത്ത് വന്ന ഗവേഷണ റിപ്പോര്‍ട്ടുകളിൽ സൂചനയുണ്ട്.
കൊറോണയുടെ വകഭേദങ്ങളിൽ ഒമിക്രോണാണോ ആദ്യമുണ്ടായത് ഐഎച്ച്യുവാണോ ആദ്യമുണ്ടായത് എന്ന ചോദ്യവും ശക്തമാണ്. ആദ്യം കണ്ടെത്തിയത് ഐഎച്ച്യുവാണ് (ബി.1.640.2). നവംബറിൽ തന്നെ കണ്ടെത്തിയ വകഭേദത്തിന്റെ അതേസ്വഭാവത്തോടെ ഒരു പുതിയ ഉപഭേദം (ലീനിയജ്) കൂടി കഴിഞ്ഞ ആഴ്ച കണ്ടെത്തി. ഇതോടെയാണ് ഐഎച്ച്യു ലോകശ്രദ്ധ പിടിച്ചുപറ്റിയത്.
ഒമിക്രോണിനു മുൻപേ തന്നെ ഈ വകഭേദം ഉണ്ടെന്നതും ഇത്രയും നാളായിട്ടും കേസെണ്ണം കാര്യമായി ഉയർന്നിട്ടില്ലെന്നതുമാണ് ഐഎച്ച്യു അപകടകാരിയല്ലെന്ന പ്രാഥമിക നിഗമനങ്ങൾക്കു പിന്നിൽ. എന്നാൽ വുഹാനിൽ കണ്ടെത്തിയ ആദ്യ കൊറോണ വൈറസുമായുള്ള താരതമ്യപ്പെടുത്തുമ്പോൾ 46 ജനിതക മാറ്റങ്ങൾ സംഭവിച്ചുവെന്നതു പ്രധാനം തന്നെയാണ്.
തെക്കൻ ഫ്രാൻസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഐഎച്ച്യു മെഡിറ്ററേനീ ഇൻഫെക്ഷനിലെ ഗവേഷകരാണ് പുതിയ വകഭേദത്തെക്കുറിച്ചുള്ള ആദ്യ റിപ്പോർട്ടുകൾ നൽകിയത്. അതുകൊണ്ട് നിലവിൽ ഇതിനെ ‘ഐഎച്ച്യു’ എന്നു വിളിക്കുന്നത്. മറ്റു രാജ്യങ്ങളിൽ ഇതിന്റെ സാന്നിധ്യം ഇതുവരെയില്ല. നവംബർ 24ന് ലോകാരോഗ്യ സംഘടന ആശങ്ക നൽകുന്നത് എന്നു പ്രഖ്യാപിച്ച ഒമിക്രോൺ ആകട്ടെ നൂറിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു. നാലു ലക്ഷത്തോളം കേസുകളും അറുപതിൽ പരം മരണവും ഒമിക്രോൺ വഴി ലോകത്ത് റിപ്പോർട്ട് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല