സ്വന്തം ലേഖകൻ: രാജ്യത്ത് കൂടുതൽ പേര്‍ക്ക് കൊവിഡ് 19 ഒമിക്രോൺ വകഭേദം സ്ഥിരീകരിക്കുന്നതിനിടെ ബൂസ്റ്റര്‍ ഡോസ് വാക്സിൻ വിതരണം സംബന്ധിച്ച് നിലപാട് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ഡൽഹി ഹൈക്കോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ വാക്സിൻ വിതരണം സംബന്ധിച്ച് നിലപാട് അറിയിച്ചത്. രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് വാക്സിൻ വിതരണം ചെയ്യാനുള്ള മാര്‍ഗനിര്‍ദേശങ്ങളൊന്നും വിദഗ്ധ സമിതികളിൽ നിന്ന് ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ, നാഷണൽ എക്സ്പര്‍ട്ട് ഗ്രൂപ്പ് ഓൺ വാക്സിൻ അഡ്മിനിസ്ട്രേഷൻ ഫോര്‍ കൊവിഡ് 19 എന്നീ സമിതികള്‍ കൊവിഡ് 19 വാക്സിൻ ഡോസ് സംബന്ധിച്ച് പഠനങ്ങള്‍ നടത്തുന്നുണ്ടെന്നും ബൂസ്റ്റര്‍ ഡോസ് വിതരണം സംബന്ധിച്ച് ഇവര്‍ കൂടുതൽ തെളിവുകള്‍ ശേഖരിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
നിലവിൽ രണ്ട് ഡോസ് വാക്സിൻ രാജ്യത്ത് എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതിനാണ് മുൻഗണന കൊടുക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കേരളം അടക്കമുള്ള പല സംസ്ഥാനങ്ങളിലും രണ്ടാം ഡോസ് വാക്സിനേഷൻ ഏകദേശം പൂർത്തിയായിട്ടുണ്ടെങ്കിലും പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കോടിക്കണക്കിനു പേർക്ക് വാക്സിൻ കിട്ടാനുണ്ട്.
“കൊവിഡ് 19 വാക്സിൻ നല്‍കുന്ന പ്രതിരോധശേഷി എത്ര നാള്‍ നീണ്ടുനിൽക്കുമെന്നുള്ള കൃത്യമായ വിവരം ഇപ്പോള്‍ ലഭ്യമല്ല. ഇതു കുറച്ചു കാലത്തിനു ശേഷം മാത്രമേ മനസ്സിലാകൂ.” കേന്ദ്രം കോടതിയെ അറിയിച്ചു. ബൂസ്റ്റര്‍ ഡോസ് ആവശ്യമായി വരുമെങ്കിൽ അത് എന്നത്തേയ്ക്ക് വിതരണം ചെയ്യാൻ സാധിക്കുമെന്നു വ്യക്തമാക്കണമെന്ന് കഴിഞ്ഞ മാസം ഡൽഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോടു ചോദിച്ചിരുന്നു. ഇതിനു മറുപടിയായാണ് കേന്ദ്രസര്‍ക്കാരിൻ്റെ പ്രതികരണം.
ഒമിക്രോൺ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്യണമെന്ന ആവശ്യം രാജ്യത്ത് ശക്തമായത്. ഇതിനോടകം യുകെ ഉള്‍പ്പെടെ പല രാജ്യങ്ങളും ബൂസ്റ്റര്‍ ഡോസ് വാക്സിൻ വിതരണം ചെയ്യാനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ്. ഒമിക്രോൺ വകഭേദത്തിന് രോഗവ്യാപനശേഷി കൂടുതലാണെന്നും നിലവിലുള്ള വാക്സിനുകളെ അതിജീവിക്കാൻ സാധ്യത കൂടുതലാണെന്നുമാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്.
അതേസമയം, ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്യേണ്ടി വന്നാൽ ആദ്യം നല്‍കിയ രണ്ട് വാക്സിനുകളിൽ നിന്ന് വ്യത്യസ്തമായ പ്ലാറ്റ്ഫോമിലുള്ള വാക്സിൻ നല്‍കണമെന്ന് രാജ്യത്തെ വാക്സിൻ വിതരണം സംബന്ധിച്ച് പഠനങ്ങള്‍ നടത്തുന്ന എൻടിഎജിഐ ധാരണയിലെത്തിയെന്ന് മുൻപ് ദേശീയമാധ്യമമായ ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതു സംബന്ധിച്ച്ഇന്ത്യ രാഷ്ട്രീയതീരുമാനം എടുക്കില്ലെന്നും രണ്ട് വിദഗ്ധസമിതികളുടെയും ശുപാര്‍ശ അനുസരിച്ചായിരിക്കും തീരുമാനമെടുക്കുക എന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ലോക്സഭയെ അറിയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല