![](https://www.nrimalayalee.com/wp-content/uploads/2021/11/Kuwait-Covid-vaccine-Booster-Dose-Appointment.jpg)
സ്വന്തം ലേഖകൻ: കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം കുവൈത്തിൽ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നു പ്രധാനമന്ത്രി ശൈഖ് സ്വബാഹ് ഖാലിദ് അൽ സ്വബാഹ്. നിലവിൽ ആശ്വാസകരമായ ആരോഗ്യസാഹചര്യമാണ് രാജ്യത്തുള്ളതെന്നും മറ്റു ഗൾഫ് നാടുകളിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് ഭാഗികമായോ പൂര്‍ണമായോ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നില്ലെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
കുവൈത്ത് ആർമി ക്യാമ്പ് സന്ദർശിച്ച ശേഷം മാധ്യമങ്ങളുമായി സംസാരിക്കവെയാണ് പ്രധാനമന്ത്രി ശൈഖ് സ്വബാഹ് ഖാലിദ് അൽ ഹമദ് അസ്വബാഹ് ഇക്കാര്യം പറഞ്ഞത്. ഇതുവരെ ഒമിക്രോൺ വകഭേദത്തിന്റെ ഒറ്റ കേസുപോലും കുവൈത്തിൽ കണ്ടെത്തുകയോ റിപ്പോർട്ട് ചെയ്യപ്പെടുകയോ ചെയ്തിട്ടില്ല. നിലവിൽ രാജ്യത്തെ ആരോഗ്യസാഹചര്യം ഏറെ മെച്ചപ്പെട്ടതും ആശ്വാസം പകരുന്നതുമാണ്. ജിസിസി കൂട്ടായ്മയിലെ മറ്റു രാജ്യങ്ങളിലെ ആരോഗ്യസാഹചര്യങ്ങളും നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൾഫിൽ സൗദി യുഎഇ എന്നിവിടങ്ങളിലാണ് നിലവിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രാജ്യത്തെ ആരോഗ്യസാഹചര്യം വിലയിരുത്താൻ കഴിഞ്ഞ ദിവസം കുവൈത്ത് മിനിസ്റ്റീരിയൽ കമ്മിറ്റി യോഗം ചേർന്നിരുന്നു. ആഗോള തലത്തിലെ കൊറോണയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും രാജ്യ ത്ത് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചതായും യോഗാനന്തരം സർക്കാർ വക്താവ് താരിഖ് അൽ മസ്‌റം മാധ്യമങ്ങളെ അറിയിച്ചു.
വിദേശത്ത് നിന്നെത്തുന്നവരുടെ ട്രാവൽ ഹിസ്റ്ററി കർശനമായി പരിശോധിക്കാൻ വ്യോമയാന വകുപ്പിനു ആരോഗ്യമന്ത്രി ഡോ. ശൈഖ് ബസ്സിൽ അസ്വബാഹ് നിർദേശം നൽകിയതായും സർക്കാർ വക്താവ് കൂട്ടിച്ചേർത്തു. ഒമിക്രോൺ വൈറസ് വകഭേദം വിവിധ രാജ്യങ്ങളിൽ പടരുന്ന സാഹചര്യത്തിൽ കുവൈത്ത് ടൂറിസ്റ്റ് വിസ നടപടി കർശനമാക്കിയിരുന്നു.
കോവിഡ് സാഹചര്യം മെച്ചപ്പെട്ടതിനെ തുടർന്ന് 53 രാജ്യക്കാർക്കും ഏതെങ്കിലും ജി.സി.സി രാജ്യത്ത് ആറുമാസത്തിലേറെ താമസാനുമതിയുള്ള വിദേശികളിൽ ചില തിരഞ്ഞെടുത്ത തസ്തികയിൽ ജോലി ചെയ്യുന്നവർക്കും കുവൈത്ത് നവംബർ അവസാന വാരം മുതൽ ഓൺലൈനായി സന്ദർശക വിസ അനുവദിക്കാൻ തീരുമാനിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ പുതിയ വൈറസ് റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽനിന്നുള്ളവർക്ക് എളുപ്പത്തിൽ വിസ അനുവദിക്കില്ല.
ഒരാഴ്ചക്കിടെ 1200 ടൂറിസ്റ്റ് വിസയാണ് ആഭ്യന്തര മന്ത്രാലയം അനുവദിച്ചത്. ഇതിൽ ഭൂരിഭാഗവും 53 രാജ്യങ്ങളിൽനിന്നുള്ള ഓൺലൈൻ വിസ ആയിരുന്നു. ഏത് തരം വിസയിലുള്ളവരായാലും കുവൈത്തിലേക്ക് വരുന്നവരുടെ യാത്രാചരിത്രം പരിശോധിക്കാൻ ആരോഗ്യ മന്ത്രാലയം വ്യോമയാന വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. ഒമിക്രോൺ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ അടുത്തിടെ പോയവരാണെങ്കിൽ പ്രത്യേകം പരിശോധിക്കും. സ്വദേശികൾക്കും വിദേശികൾക്കും ഇത് ബാധകമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല