സ്വന്തം ലേഖകൻ: പുതിയ കോവിഡ് വകഭേദമായ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോവിഡിനെതിരെ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്ന് നിര്‍ദേശവുമായി പൊതുജനാരോഗ്യ മന്ത്രാലയം. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് ആറുമാസം പിന്നിട്ടവര്‍ ഉടന്‍ തന്നെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതിനായി മുന്നോട്ട് വരണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
ഇതിനോടകം തന്നെ രണ്ട് ലക്ഷത്തോളം ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായി മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ് മാസം അവസാനത്തിലാണ് ആരോഗ്യമന്ത്രാലയം ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ അംഗീകാരം നല്‍കിയത്. ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ വിതരണം സെപ്തംബര്‍ മധ്യത്തോടെയാണ് ആരംഭിച്ചത്.
കഴിഞ്ഞ ദിവസം വരെ രാജ്യത്ത് 1,98,733 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തിട്ടുണ്ട്. കോവിഡിനെതിരെ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച് ആറുമാസം പിന്നിട്ടവര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതിന് യോഗ്യരാണെന്ന് മന്ത്രാലയം മുമ്പ് അറിയിച്ചിരുന്നു. ആറ് മാസം പിന്നിടുന്നതോടെ വാക്‌സിന്‍ മൂലം നേടിയ പ്രതിരോധശേഷി ആളുകളില്‍ കുറഞ്ഞുവരുന്നതായി ക്ലിനിക്കല്‍ പരിശോധനയില്‍ തെളിയിച്ചതിനെ തുടര്‍ന്നാണിത്.
കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് ആറ് മാസത്തിന് ശേഷം ഖത്തറിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ വാക്‌സിന്‍ സ്വീകരിക്കുന്നത് നല്ലതായിരിക്കുമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവും പുതിയ ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതും ജനങ്ങള്‍ സുരക്ഷ ഉറപ്പാക്കണം. മാത്രമല്ല, ഇതിനായി വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ മുന്നോട്ട് വരണമെന്നും മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
ഖത്തറിലെ ജനങ്ങളില്‍ 85.8 ശതമാനം പേരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു. 12 വയസ്സില്‍ താഴെ ഉള്ളവരും മറ്റു ഗുരുതര രോഗങ്ങള്‍ മൂലം ഇളവ് നല്‍കിയവരുമാണ് വാക്‌സിന്‍ സ്വീകരിക്കാന്‍ ബാക്കിയുള്ളത്. അഞ്ച് മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ജനുവരിയില്‍ രാജ്യത്ത് എത്തുമെന്ന് അധികൃതര്‍ മുമ്പ് അറിയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല