![](https://www.nrimalayalee.com/wp-content/uploads/2021/11/New-Covid-Varian-Omicron-South-Africa.jpg)
സ്വന്തം ലേഖകൻ: കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോൺ വേഗത്തിൽ പകരുമോ, ഡെൽറ്റ പോലെയുള്ള മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഗുരുതരമായ അവസ്ഥയ്‌ക്ക് കാരണമാകുമോ എന്നതിൽ വ്യക്തത വന്നിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ പഠനങ്ങൾ നടത്തേണ്ടത് ആവശ്യമാണ്. ഒരു തവണ ബാധിച്ചവരിലും വീണ്ടും രോഗം വരാനുള്ള സാധ്യത ഇതോടെ കൂടിയിരിക്കുകയാണ്. എന്നാൽ ഇപ്പോൾ ലഭ്യമായ അംഗീകൃത വാക്‌സിനുകൾ രോഗി മരണത്തിലേക്ക് പോകാവുന്ന അവസ്ഥയിൽ നിന്നും പ്രതിരോധിക്കുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
ഒമിക്രോണിനെ കുറിച്ച് ലോകാരോഗ്യ സംഘടന പറയുന്ന പ്രധാന കാര്യങ്ങൾ ഇവയാണ്,
ഒമിക്രോൺ ബാധിച്ചവരുടെ ലക്ഷണങ്ങൾ കൊറോണയുടെ മറ്റ് വകഭേദങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് പറയാൻ സാധിക്കില്ല. ഒമിക്രോണിന്റെ ലക്ഷണങ്ങൾ വ്യത്യസ്തമാണെന്ന് സ്ഥിരീകരിക്കാൻ കഴിയുന്ന ഒരു തെളിവും ലഭിച്ചിട്ടില്ല. ഇതിനെ കുറിച്ച് കൃത്യമായ ധാരണ കിട്ടാൻ ആഴ്ചകളോ, മാസങ്ങളോ വേണ്ടി വന്നേക്കുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
പ്രതിരോധം തുടരുക എന്നതാണ് പ്രധാനം. കൊറോണയ്‌ക്കെതിരായ ജാഗ്രത തുടരണം. ഡെൽറ്റ ഉൾപ്പെടെ കൊറോണയുടെ ഏതൊരു വകഭേദവും മരണത്തിന് വരെ കാരണമായേക്കും.
രോഗം വരാനുള്ള സാധ്യത ഒമിക്രോൺ വർധിപ്പിച്ചതായാണ് പ്രാഥമിക വിവരങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
നിലവിലുള്ള പിസിആർ ടെസ്റ്റുകൾ വഴി ഒമിക്രോൺ സാന്നിദ്ധ്യം കണ്ടെത്താനാകും. എന്നാൽ നിലവിലുള്ള വാക്‌സിനുകൾ ഒമിക്രോണിനെ പ്രതിരോധിക്കുമോ എന്നതിൽ കൂടുതൽ പഠനം നടത്തേണ്ടതുണ്ട്.
അതീവ ഗുരുതരാവസ്ഥ സൃഷ്ടിക്കുന്നതാണ് ഒമിക്രോൺ വകഭേദം. ഇതിനെതിരെ ജനങ്ങളും രാജ്യങ്ങളും ജാഗ്രത പുലർത്തണം.
ഇതിനിടെ കാനഡയും ഓസ്ട്രേലിയും അടക്കമുള്ള കൂടുതൽ രാജ്യങ്ങളിൽ ഒമിക്രോൺ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ പടര്‍ന്നു പിടിക്കുന്ന വകഭേദം ഇതിനോടകം പല ആഫ്രിക്കൻ രാജ്യങ്ങളിലും എത്തിയിട്ടുണ്ട്. ഫ്രാൻസ്, ഇസ്രയേൽ, ഹോങ്ങോങ്, ബെൽജിയം, ഓസ്ട്രിയ, ഡെന്മാക്ക്, ജര്‍മനി, ചെക്ക് റിപബ്ലിക്ക്, ബോട്സ്വാന തുടങ്ങി പന്ത്രണ്ടോളം രാജ്യങ്ങളിലും ഒമിക്രോൺ വകഭേദം കണ്ടെത്തിയിട്ടുണ്ട്.
കടുതൽ രാജ്യങ്ങളിലേയ്ക്ക് വൈറസ് എത്താതിരിക്കാൻ വിവിധ ലോകരാജ്യങ്ങള്‍ യാത്രാനിയന്ത്രണങ്ങൾ അടക്കം പ്രഖ്യാപിച്ചിടുണ്ട്. അതേസമയം, തുടക്കത്തിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചവരിൽ ഗുരുതര രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് ദക്ഷിണാഫ്രിക്കയിൽ ആദ്യം രോഗം കണ്ടെത്തിയ ഡോക്ടര്‍മാരിൽ ഒരാളായ സൗത്ത് ആഫ്രിക്കൻ മെഡിക്കൽ അസോസിയേഷൻ അധ്യക്ഷ ഡോ. ആഞ്ചലിക് കോട്സീ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല