1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 8, 2024

സ്വന്തം ലേഖകൻ: യൂണിവേഴ്സിറ്റി ഓഫ് സെന്‍ട്രല്‍ ലങ്കാഷയര്‍ (യുക്ലാന്‍), ഡി മോണ്ട്‌ഫോര്‍ട്ട് യൂണിവേഴ്സി, നോട്ടിംഗ്ഹാം ട്രെന്റ് യൂണിവേഴ്സിറ്റി എന്നെ യൂണിവേഴ്സിറ്റികളില്‍ സ്റ്റുഡന്റ് വീസ സ്പോണ്‍സര്‍ഷിപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുന്നതിനെതിരെ കടുത്ത നടപടികളുമായി മുന്നോട്ട് പോകാന്‍ ഒരുങ്ങുകയാണ് ബ്രിട്ടീഷ് ഹോം ഹൗസ് എന്ന് ടൈംസ് ഹൈയ്യര്‍ ഏഡ്യൂക്കേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അവരുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും, കൂടുതല്‍ നിയമലംഘനങ്ങള്‍ ഒഴിവാക്കുന്നതിനും, അവരുടേ സ്‌പോണ്‍സര്‍ഷിപ്പ് ലൈസന്‍സുകള്‍ നഷ്ടപ്പെടാതെ സംരക്ഷിക്കുന്നതിനും ഉദ്ദേശിച്ചുള്ള ഈ നടപടികള്‍ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ്.

ഇത്തരം നടപടികള്‍ക്കുള്ള കാരണങ്ങള്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും, വീസ നിരാകരിക്കുന്ന നിരക്ക്, സ്റ്റുഡന്റ് എന്റോള്‍മെന്റ്, കോഴ്സ് പൂര്‍ത്തിയാക്കുന്ന നിരക്ക് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇതിന് കാരണം എന്ന് അനുമാനിക്കുന്നു,. മൂന്ന് മുതല്‍ ആറ് മാസം വരെ നീണ്ടു നില്‍ക്കുന്ന തെറ്റു തിരുത്തല്‍ നടപടികള്‍ക്കായിരിക്കും ഈ യൂണിവേഴ്സിറ്റികള്‍ വിധേയരാവുക. ഇത് വലിയ യൂണിവേഴ്സിറ്റികള്‍ക്കും ആശങ്കക്ക് കാരണമായിരിക്കുകയാണ്.

ബ്രിട്ടീഷ് ഉന്നത വിദ്യാഭ്യാസ മേഖല, അതിന്റെ നിലനില്‍പ്പിനായി പ്രധാനമായും ആശ്രയിക്കുന്നത് വിദേശ വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള, കൂടുതലായി ഈടാക്കുന്ന ട്യൂഷന്‍ ഫീസിനെയാണ്. നൂറു കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഹോം ഓഫീസിന്റെ സ്റ്റുഡന്റ് സ്‌പോണ്‍സര്‍ റെജിസ്റ്ററില്‍ ഉള്ളത്. മേല്‍ പരാമര്‍ശിച്ച സ്ഥാപനങ്ങള്‍ ഒഴിച്ചാല്‍, ഓക്സ്‌ഫോര്‍ഡ് ഇന്റര്‍നാഷണല്‍ കോളേജ് ബ്രൈറ്റണ്‍ മാത്രമാണ് ഇപ്പോള്‍ നടപടിക്ക് വിധേയമാകുന്നത്.

ബ്രിട്ടീഷ് വിദ്യാഭ്യാസ മേഖല അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍, വിദേശ വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള വരുമാനത്തെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യം എടുത്തു പറഞ്ഞുകൊണ്ട് ഡി മോണ്ട്‌ഫോര്‍ട്ട് യൂണിവേഴ്സിറ്റി, യു കെ ഹോം ഓഫീസിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതേസമയം, ഇത് സാധാരണ നടക്കാറുള്ള ഓഡിറ്റിംഗ് മാത്രമാണെന്ന് പറഞ്ഞ നോട്ടിംഗ്ഹാം ട്രെന്റ് യൂണിവേഴ്സിറ്റി, കൂടുതല്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. യുക്ലാന്‍ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം, ഇമിഗ്രേഷന്‍ സിസ്റ്റം ദുരുപയോഗം ചെയ്യുന്നത് തടയുവാന്‍, ഹോം ഡിപ്പാര്‍ട്ട്‌മെന്റിന് ഉത്തരവാദിത്തമുണ്ടെന്ന് ഹോം ഓഫീസ് വക്താവ് അറിയിച്ചു. എന്നാല്‍, മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ ഇതുവരെ രണ്ട് യൂണിവേഴ്സിറ്റികളുടെ സ്‌പോണ്‍സര്‍ഷിപ് ലൈസന്‍സുകള്‍ മാത്രമാണ് റദ്ദ് ചെയ്തിട്ടുള്ളത്. 2012 ല്‍ ലണ്ടന്‍ മെട്രോപോളിറ്റന്‍ യൂണിവേഴ്സിറ്റിയുടെയും 2018 ല്‍ ബിര്‍മ്മിംഗ്ഹാം ന്യൂമാന്‍ യൂണിവേഴ്സിറ്റിയുടെയും ലൈസന്‍സുകള്‍ റദ്ദാക്കിയിരുന്നു. പിന്നീട് ഇവ പുനസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.