ഉസാമ ബിന്‍ ലാദന്റെ യൂറോപ്പിലെ പ്രതിനിധി എന്നറിയപ്പെടുന്ന അബു ഖത്താദ ജയില്‍മോചിതനായി. ബ്രിട്ടനിലെ ലോംഗ് ലാര്ട്ടിന് ജയിലില്‍ നിന്നു ഇയാളെ വിട്ടയച്ചതായി അധികൃതര്‍ അറിയിച്ചു. പ്രാദേശികസമയം, ഇന്നലെ രാത്രി 9.15നാണ് വിവാദ പ്രസംഗകനായ ഖത്താദയെ മോചിപ്പിച്ചത്. ആറു വര്‍ഷത്തെ ജയില്‍ശിക്ഷയ്ക്കു ശേഷമാണ് ഖത്താദയെ വിട്ടയച്ചത്. അതേസമയം, ഖത്താദയുടെ മോചനം ബ്രിട്ടീഷ് സര്‍ക്കാരിനു സുരക്ഷ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും എന്നാല്‍ ഇയാളെ ജോര്‍ദാനിലേയ്ക്കു ഉടന്‍ നാടുകടത്തില്ലെന്നും സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്.
സ്വദേശമായ ജോര്‍ദാന്‍ ഉള്‍പ്പെടെ ഏഴു രാജ്യങ്ങളില്‍ ഖത്താദയ്ക്കെതിരെ തീവ്രവാദകേസുകള്‍ നിലവിലുണ്ട്. ജോര്‍ദാനിലേയ്ക്കു നാടുകടത്തിയാല്‍ ഇയാള്‍ വിവിധ കേസുകളില്‍ പീഡിപ്പിക്കപ്പെടുമെന്ന നിഗമനത്തിലാണ് യൂറോപ്യന്‍ മനുഷ്യാവകാശകോടതി നാടുകടത്തല്‍ തടഞ്ഞത്. അതേസമയം, കര്‍ശന ജാമ്യവ്യവസ്ഥകളിലാണ് ഖത്താദയെ മോചിപ്പിച്ചിരിക്കുന്നത്. വീട്ടുതടങ്കലിലാക്കുന്ന ഖത്താദയ്ക്കു ദിവസം രണ്ടു മണിക്കൂര്‍ മാത്രമാണ് വീടിനു പുറത്തിറങ്ങാന്‍ കഴിയൂ.
മുസ്ലീം ദേവാലയത്തില്‍ പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കുക, പ്രസ്താവനകള്‍ നടത്തുക, മൊബൈല്‍, ഇന്റര്‍നെറ്റ് ഉപയോഗം തുടങ്ങിയവയ്ക്കു കോടതി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മക്കളെ സ്കൂളിലാക്കുന്നതിനും വിലക്കുണ്ട്. ലൊക്കേഷന്‍ ട്രേസര്‍ ബ്രേസ്ലറ്റ് ധരിക്കണമെന്നും നിബന്ധനയില്‍ പറയുന്നു. ആനുകൂല്യങ്ങളും വക്കീല്‍ഫീസും ജയില്‍ ചെലവുകളും അടക്കം പ്രതിവര്‍ഷം പത്തുലക്ഷം ഡോളറായിരുന്നു ഖത്താദയ്ക്കു സുരക്ഷ ഒരുക്കാന്‍ സര്‍ക്കാര്‍ ചെലവിട്ടിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല