മാഞ്ചസ്റ്റര്‍: മോഷണം വ്യാപകമായതോടെ ഗ്രേറ്റര്‍ മാഞ്ചസ്ററിലെ മുഴുവന്‍ മലയാളി അസോസിയേഷനുകളെയും ഉള്‍പ്പെടുത്തി രൂപീകൃതമായ കേരളാ കമ്യൂണിറ്റി ആക്ഷന്‍ കൌണ്‍സില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. കേസ് നമ്പര്‍ ശേഖരിക്കുന്നതിനോടൊപ്പം വിവിധ അസോസിയേഷനുകള്‍ കേന്ദ്രീകരിച്ചുള്ള മാസ് പെറ്റീഷന്‍ നടപടികളും ആക്ഷന്‍ കൌണ്‍സില്‍ ആരംഭിച്ചു കഴിഞ്ഞു. ജനപ്രതിനിധികള്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും സമര്‍പ്പിക്കാനുള്ള ഓണ്‍ലൈന്‍ പെറ്റീഷനില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം.
ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പുവെയ്ക്കാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക.
കഴിഞ്ഞ ഒരു മാസക്കാലത്തിനുള്ളില്‍ രണ്ട് ഡസനോളം ചെറുതും വലുതുമായ മോഷണങ്ങളാണ് മാഞ്ചസ്ററില്‍ മലയാളി സമൂഹത്തിനുനേരെ അരങ്ങേറിയത്. മോഷണം വ്യാപകമായതോടെയാണ് മാഞ്ചസ്ററിലെ എല്ലാ അസോസിയേഷനുകളും സംഘടിച്ച് ആക്ഷന്‍ കൌണ്‍സിലിന് രൂപം നല്‍കിയത്. പന്ത്രണ്ടോളം അസോസിയേഷനുകള്‍ ആക്ഷന്‍ കൌണ്‍സിലിനു പിന്തുണയുമായി രംഗത്തുണ്ട്. മോഷണം ഏതുവിധത്തിലും തടയുക, പ്രശ്നങ്ങള്‍ യഥാസമയം അധികാരികളുടെ മുന്നില്‍ എത്തിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ആക്ഷന്‍ കൌണ്‍സില്‍ പ്രവര്‍ത്തിക്കുക.
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനുള്ളില്‍ ഗ്രേറ്റര്‍ മാഞ്ചസ്ററിലെ ഒന്‍പത് കൌണ്‍സിലുകളുടെ കീഴിലുണ്ടായ മോഷണ വിവരങ്ങളാണ് ആക്ഷന്‍ കൌണ്‍സില്‍ ശേഖരിക്കുന്നത്. ഓണ്‍ലൈന്‍ പെറ്റീഷനുകളും അസോസിയേഷനുകളും കേന്ദ്രീകരിച്ച് നടത്തിവരുന്ന മാസ് പെറ്റീഷനും ഇമെയിലിലൂടെയും അസോസിയേഷന്‍ വഴിയും ശേഖരിക്കുന്ന ലോഗ് നമ്പരുകളും (കേസ് നമ്പര്‍) സംയുക്തമായാണ് ജനപ്രതിനിധികള്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും സമര്‍പ്പിക്കുക.
മലയാളി അസോസിയേഷനുകളുടെ നേതൃത്വത്തില്‍ നടത്തുന്ന ഈ ശക്തമായ മുന്നേറ്റത്തില്‍ നിങ്ങള്‍ക്കും പങ്കാളികളാകാവുന്നതാണ്. നിങ്ങള്‍ക്കോ നിങ്ങളുടെ പരിചയക്കാര്‍ക്കോ ഉണ്ടായിട്ടുള്ള മോഷണം, കൊള്ള, വംശീയ അധിക്ഷേപം (വാക്കാലോ പ്രവര്‍ത്തിയാലോ) വീടിനോ, കാറിനോ മറ്റ് വസ്തുക്കള്‍ക്ക് നേരെയോ ഉണ്ടായിട്ടുള്ള ആക്രമണം ഉള്‍പ്പെടെ മലയാളി കമ്യൂണിറ്റിക്കു നേരെയോ ഉണ്ടായിട്ടുള്ള എല്ലാ ആക്രമണങ്ങളും ഇതിന്റെ പരിധിയില്‍ വരുന്നതാണ്.
ഇതിന് നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. ലോഗ് നമ്പര്‍ (കേസ് നമ്പര്‍), ഏത് തരത്തിലുള്ള ആക്രമണം ഈ രണ്ട് കാര്യങ്ങള്‍ kcac2011@gmail.com എന്ന വിലാസത്തിലോ 07886526706, 07809295451 എന്നീ ഫോണ്‍ നമ്പരിലോ സംഘാടകരെ അറിയിക്കുക. ഒപ്പം ഈ വാര്‍ത്തയ്ക്കൊപ്പം കൊടുത്തിരിക്കുന്ന ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പ് രേഖപ്പെടുത്തി ഈ മഹത്തായ ജനമുന്നേറ്റത്തില്‍ പങ്കാളികളാകണമെന്ന് സംഘാടകര്‍ അറിയിച്ചു. വ്യാപകമോഷണങ്ങള്‍ക്കും പിടിച്ച്പറികള്‍ക്കും ഇരയായതോടെയാണ് മാഞ്ചസ്റര്‍ മലയാളികള്‍ ഒത്തുചേര്‍ന്ന് ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല