ഐശ്വര്യത്തിന്റെയും നന്‍മയുടെയും പൂവിളികളുയര്‍ത്തി വീണ്ടും ഒരു ഓണം കൂടി വന്നെത്തിയിരിക്കുന്നു. സമതയുടെ ഗൃഹാതുരസ്മരണകളയവിറക്കി ഓണനിനവുകളിലൂടെ നമുക്കും സഞ്ചരിക്കാം. ഓണനിലാവിന്റെ തെളിമയില്‍ ലോകത്തെ മുഴുവന്‍ മലയാളികളും മനസുകൊണ്ട് ഒത്തൊരുമിക്കുന്ന വേളയില്‍. എം ടി തന്റെ കണ്ണാന്തളിപ്പൂക്കളുടെ കാലത്തില്‍ പറയുന്നു പോലെ “വടക്കേ പാടത്ത് നെല്ല് പാലുറയ്ക്കാന്‍ തുടങ്ങുമ്പോള്‍ താന്നിക്കുന്നു തൊട്ടു പറക്കുളം മേച്ചില്‍പ്പുറം വരെ കണ്ണാന്തളിപ്പൂക്കള്‍ തഴച്ചു വളര്‍ന്നു കഴിയും. ഇളംറോസ് നിറത്തിലുള്ള പൂക്കള്‍ തലകാട്ടിത്തുടങ്ങും. ആ പൂക്കളുടെ നിറവും ഗന്ധവും തന്നെയായിരുന്നു പുന്നെല്ലരിയുടെ ചോറിനും…”. തുമ്പയ്ക്കും മുക്കുറ്റിക്കുമൊപ്പം കുന്നായകുന്നുകളിലൊക്കെ കണ്ണാന്തളി തഴച്ചു വളര്‍ന്നുനിന്ന ഒരു കാലം മുതിര്‍ന്ന പ്രവാസികളുടെ ഓര്‍മ്മകളില്‍ ഇന്നും പൂവിട്ടുനില്‍ക്കുന്നു. ദൂരദേശത്താണെങ്കിലും ദേശത്താണെങ്കിലും മലയാളികള്‍ക്ക് ഓണം ഗൃഹാതുരതയുടെ ഉത്സവം തന്നെയാണ്. കഴിഞ്ഞു പോയ കാലത്തേക്ക് ഓര്‍മ്മകള്‍ കൊണ്ടുരു മടക്കയാത്ര നാം മലയാളികള്‍ നടത്തുന്നു.
കുടുംബത്തിലെ എല്ലാ അംഗങ്ങളും ബന്ധുക്കളും പരിചയക്കാരും പുത്തന്‍ വസ്ത്രങ്ങള്ള്‍ ധരിച്ച് ഒരുമിച്ചിരുന്ന് കഴിക്കുന്ന ഓണസദ്യ തന്നെ മനസ്സ് കുളിര്‍പ്പിക്കുന്ന ഒരു അനുഭവമാണ്. ഇടവഴികളലങ്കരിക്കുന്ന തുമ്പയും തെച്ചിയും മുക്കുറ്റിയും പേരറിയാപ്പൂക്കളും, സപ്തവര്‍ണ്ണങ്ങളില്‍ പാറിപ്പറക്കുന്ന പൂത്തുമ്പികളും, കൈകൊട്ടിക്കളിയുടെ വള കിലുക്കവും, പുലികളിയുടെ ആര്‍പ്പു വിളികളും, ഊരു ചുറ്റുന്ന കുമ്മാട്ടിയും, ആഞ്ഞു തുഴയെറിയുന്ന വള്ളം കളിയും, മത്സരബുദ്ധിയോടെ വടം വലിയും പിന്നെയും ഒട്ടേറെ നാടന്‍ കളികളുടെ ആരവത്തോടെയും കൊച്ചു കേരളം ഒരുങ്ങി നില്‍ക്കുമ്പോള്‍ നാം പ്രവാസികള്‍ പോലും പരിമിതികള്‍ക്കുള്ളില്‍ നിന്ന് ആഘോഷിക്കുന്ന മലയാളിയുടെ ഗൃഹാതുരസ്മരണയുണര്‍ത്തുന്ന വര്‍ണ്ണക്കാഴ്ചയാണു ഓണം.. പത്തു നാളുകളിലെ ഈ വര്‍ണ്ണങ്ങളൊപ്പിയെടുത്ത് അടുത്ത വര്‍ഷത്തേക്കായുള്ള കാത്തിരുപ്പാണ് പിന്നെ.. ആനുകാലിക സംഭവങ്ങള്‍ മനസ്സ് നോവിക്കുമ്പോഴും പൊയ്പ്പോയ നല്ല കാലത്തിന്‍റെ സ്മരണ പുതുക്കിയെത്തുന്ന ഓണം മലയാളിക്ക് ആശ്വാസമാകുന്നു..
“ മാവേലി നാടു വാണീടും കാലം…
മാനുഷരെല്ലാരുമൊന്നു പോലെ…”
ഓണത്തെക്കുറിച്ച് ചിന്തിക്കുന്ന മലയാളിയുടെ മനസ്സിലാദ്യമോടിയെത്തുന്നത് ഈ ഈരടികളാവും. കള്ളപ്പറയും ചെറുനാഴിയും ഇല്ലാത്ത, കള്ളത്തരങ്ങളില്ലാത്ത, ചതിയും പൊളിവചനങ്ങളുമില്ലാത്ത, സമ്പല്‍സമൃദ്ധിയുടെ പ്രതീകമായ മാവേലി രാജ്യം നഷ്ടബോധത്തിന്റെ നെടുവീര്‍പ്പായി സുമനസ്സുകളിലിന്നും നിലനില്‍ക്കുന്നു. തലമുറകളിലൂടെ സഞ്ചരിച്ച് നാമിന്ന് ആ മണ്മറഞ്ഞ നല്ല കാലത്തിന്റെ വിപരീതധ്രുവത്തിലാണു എത്തിനില്‍ക്കുന്നത്..
മൂല്യച്യുതി സംഭവിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ വര്‍ത്തമാനകാല സമൂഹത്തില്‍, അതിന്റെ തിക്തഫലങ്ങളില്‍ മനം നൊന്ത ഏത് മനസ്സാണു അവതാരപ്പിറവിക്ക് കൊതിക്കാതിരിക്കുക? ദൈവപുത്രനായ് കാത്തിരിക്കാതിരിക്കുക? പ്രവാചക വചനത്തിനായ് ചെവിയോര്‍ക്കാതിരിക്കുക? അപ്പോഴൊക്കെയും ആശ്വാസത്തിന്റെ കുളിര്‍തെന്നലായി മനസ്സിലേക്കോടിയെത്തുക പൊയ്പ്പോയ മാവേലി നാടിന്റെ മധുരസ്മരണകളാണ്… മാവേലി രാജ്യവും വറ്റാത്ത സ്നേഹത്തിന്നുറവകളും തിരികെത്തരാന്‍ ഈ ഓര്‍മ്മകള്‍ക്കെങ്കിലുമാകട്ടെ എന്നാശ്വസിക്കാന്‍ മാത്രമേ നമുക്കിനി കഴിയൂ..
എല്ല്ലാ മാന്യ വായനക്കാര്‍ക്കും എന്‍ ആര്‍ ഐ മലയാളിയുടെ ഹൃദയം നിറഞ്ഞ പൊന്നോണാശംസകള്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല