1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2015

ബോബന്‍ സെബാസ്റ്റ്യന്‍: വോക്കിംഗ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം ഈ മാസം പന്ത്രണ്ടാം തിയതി ഷീര്‍വാട്ടറിലുള്ള ബിഷപ്പ് ഡേവിഡ് ബ്രൌണ്‍ ഹാളില്‍ വച്ചു നടത്തപ്പെട്ടു. പ്രസ്തുത പരിപാടിയിലെ വര്‍ദ്ധിച്ച ജനപങ്കാളിത്തം വോക്കിങ്ങിലുള്ള എല്ലാവരും അതിശയത്തോടെ സംസാരിക്കുന്നത് ഒരു പുതു കാഴ്ചയായി മാറി. അത്തപ്പൂക്കളമത്സരത്തോടെ രാവിലെ ഒന്‍പതുമണിയോടുകൂടെ ആരംഭിച്ച ആഘോഷപരിപാടികള്‍ വര്‍ദ്ധിച്ച ആവേശത്തോടെയാണ് വോക്കിങ്ങിലെ മലയാളികള്‍ സ്വീകരിച്ചത്. തുടര്‍ന്ന് നടന്ന വടംവലി മത്സരവും വളരെ വാശിയേറിയതും എല്ലാവരെയും ആകാംക്ഷയുടെ മുള്‍മുനയില്‍ നിറുത്തുന്നതുമായിരുന്നു. പുരുഷന്മാരോടൊപ്പം സ്ത്രീകളും വടംവലി മത്സരത്തില്‍ പങ്കുചേര്‍ന്നത് വളരെയധികം ആഹ്ലാദകരമായിരുന്നു. അപ്പോള്‍ എത്തിച്ചേര്‍ന്ന വോക്കിംഗ് എം.പി ശ്രീ. ജോനാതന്‍ ലോര്‍ഡ് വടം വലിക്കാന്‍ ഉള്ള ആഗ്രഹം പ്രകടിപ്പിക്കുകയും, മത്സരത്തില്‍ ജയിച്ച ടീമുമായി ഒരു സൗഹൃദമത്സരത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. തുടര്‍ന്ന് എല്ലാവരെയും അഭിസംബോധന ചെയ്തു സംസാരിച്ച എം.പി, എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നു.

സറെ കൌണ്ടി കൌണ്‍സിലര്‍ ശ്രീ. ബെന്‍ കരാസ്‌കോ, വോക്കിംഗ് ബോറോ കൌണ്‍സിലര്‍ ശ്രീ താഹിര്‍ അസീസ് എന്നിവരും ഓണാശംസകള്‍ നേരുകയും വോക്കിംഗ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന് തങ്ങളുടെ പിന്തുണ അറിയിക്കുകയും ചെയ്തു.

എന്തെല്ലാം താളങ്ങളുണ്ടെങ്കിളും മലയാളി എന്നും ചെണ്ടമേളത്തിന് കാതോര്‍ക്കും എന്നത് ഒരു സത്യം തന്നെയാണ്. MAUK യുടെ ശിങ്കാരിമേളത്തോടെ അവസാനിച്ച ചെണ്ടമേളം എല്ലാവരെയും
ഓണാഘോഷത്തിന്റെ ഉന്നതിയില്‍ എത്തിച്ചു. ഇതു കേരളനാട്ടില്‍ ഓണാഘോഷത്തില്‍ പങ്കെടുക്കുന്ന പ്രതീതി എല്ലാവരിലും ഉണ്ടാക്കിയെന്നത് മറക്കാനാവാത്ത ഒരു അനുഭവമാണ്. ഈ സമയം വേദിയിലേക്കെത്തിയ മുഖ്യാഥിതി ആനന്ദ് മീഡിയ ചെയര്‍മാന്‍ ശ്രീ ശ്രീകുമാറിനെ താലപ്പൊലിയുടെ അകമ്പടിയോടുകൂടെ അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ. ജോയി പൗലോസും മറ്റു കമ്മിറ്റി അംഗംങ്ങളും ചേര്‍ന്നു സ്വീകരിച്ചു. തുടര്‍ന്ന് ശ്രീ. ജോയി പൗലോസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ അസോസിയേഷന്‍ സെക്രട്ടറി ശ്രീ. ലിയോ മാത്യു സ്വാഗതം ആശംസിച്ചു.

ഓണാഘോഷം ഉത്ഘാടനം ചെയ്തു സംസാരിച്ച ശ്രീ. ശ്രീകുമാര്‍ ഓണത്തിന്റെ പ്രത്യേകതയും അതിന്റെ ഇന്നത്തെ പ്രാധാന്യവും എടുത്തു പറഞ്ഞു. വോക്കിംഗ് കാരുണ്യ ചാരിറ്റി പ്രസിഡണ്ട് ശ്രീ. ജയിന്‍ ജോസഫ് എല്ലാവര്‍ക്കും നന്ദി അറിയിച്ചു. തുടര്‍ന്നു നടന്ന വര്‍ണ്ണവൈവിധ്യമാര്‍ന്ന കലാപരിപാടികളില്‍ തിരുവാതിരകളി, മ്യുസിക്, കുട്ടികളുടെ ഡാന്‍സ് എന്നിവ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഭാരതീയ വിദ്യാഭവനില്‍നിന്നുമെത്തിയ കുട്ടികള്‍ എല്ലാവരുടെയും അകമഴിഞ്ഞ കൈയ്യടി നേടി. നീനയും ആശയും ചേര്‍ന്നവതരിപ്പിച്ച ഡാന്‍സ് ഒരു പുതിയ അനുഭവമായിരുന്നു.

ഈ വര്‍ഷത്തെ GCSE പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കു കരസ്ഥമാക്കിയ ഫെമിയ വര്‍ഗീസിന് പ്രത്യേകം കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കി അസോസിയേഷന്‍ ആദരിച്ചു. വോക്കിങ്ങിലെ കുട്ടികള്‍ക്കായി അസോസിയേഷന്റെ നേതൃത്വത്തില്‍ ആരംഭിക്കാനിരിക്കുന്ന ഡാന്‍സ് സ്‌കൂളിന്റെ ഉത്ഘാടനവും ഇതിനോടനുബന്ധിച്ചു നടന്നു. റാഫിള്‍ നറുക്കെടുപ്പില്‍ വിജയികളായവര്‍ക്ക് അസോസിയേഷന്‍ എക്‌സിക്യുട്ടിവ് അംഗംങ്ങള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ദേശിയഗാനത്തോടെ അവസാനിച്ച ഓണാഘോഷം വോക്കിങ്ങിലെ
മലയാളികള്‍ക്കു എന്നും മനസ്സില്‍ സൂക്ഷിക്കാനുള്ള ഒരനുഭവമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.