സോണി ജോസഫ്
.സ്‌പോര്‍ട്ട്‌സ് ഡേ ആഗസ്റ്റ് 25ന്
.പുരുഷവിഭാഗം ഷട്ടില്‍ ഷൂര്‍ണമെന്റ് ആവേശകരമായ അന്ത്യത്തിലേക്ക്
ലണ്ടന്‍ : നോര്‍വിച്ച് അസോസിയേഷന്‍ ഓഫ് മലയാളീസ് (NAM) ന്റെ ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി. അവധിക്കാലം ആഘോഷിക്കാനായി പോയവരെല്ലാം തിരികെ എത്തി തുടങ്ങിയതോടെ നോര്‍വിച്ചിലെ മലയാളികളും ഓണാഘോഷത്തിന്റെ ലഹരിയിലേക്ക്. ഓണഘോഷങ്ങളുടെ ഭാഗമായ സ്‌പോര്‍ട്‌സ് ഡേ ആഗസ്റ്റ് 25 ന് നടക്കും. നോര്‍വിച്ചിലെ ചരിത്ര പ്രസിദ്ധമായ ഈറ്റണ്‍ പാര്‍ക്കിലാണ് സ്‌പോര്‍ട്‌സ് ഡേ നടക്കുന്നത്. എണ്‍പത് കിലോമീറ്ററിലേറെ വിസ്തൃതിയുളള ഈ പാര്‍ക്കില്‍ സ്‌പോര്‍ട്ട്‌സ് ഡേ നടത്താന്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്ത് കഴിഞ്ഞതായി നാമിന്റെ ഭാരവാഹികള്‍ അറിയിച്ചു.
ആഗസ്റ്റ് 25 ന് രാവിലെ പത്ത് മുതല്‍ വൈകുന്നേരം മൂന്ന് മണിവരെയാണ് സ്‌പോര്‍ട്ട്‌സ് ഡേ ആഘോഷങ്ങള്‍ നടക്കുക. വടം വലി, ക്രിക്കറ്റ് മത്സരങ്ങള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുളള നിരവധി കായിക മത്സരങ്ങള്‍ എന്നിവ സ്‌പോര്‍ട്ട്‌സ് ഡേയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് നാം സംഘടിപ്പിച്ച പുരുഷവിഭാഗം ഷട്ടില്‍ ടൂര്‍ണമെന്റ് ആവേശകരമായ അന്ത്യത്തിലേക്ക്. യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയായിലെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന പുരുഷവിഭാഗം ഡബിള്‍സ് ടൂര്‍ണമെന്റില്‍ നിരവധി ടീമുകളാണ് ആവേശത്തോടെ പങ്കെടുത്തത്. ഫൈനലില്‍ ജോജോ പഴയാറ്റില്‍ – സിബി യോഹന്നാന്‍ സഖ്യം സുഭാഷ് – ബൈജു സഖ്യത്തെ നേരിടും. ആവേശകരമായ മത്സരത്തില്‍ റഫറിയായി എത്തുന്നത് സിജു മാത്യൂ ആയിരിക്കും.
നവംബര്‍ ഒന്നിനാണ് നാമിന്റെ ഓണാഘോഷപരിപാടികള്‍ നടക്കുക. ജീവിത തിരിക്കിനിടയില്‍ നഷ്ടപ്പെട്ടുപോയ ആ നല്ലകാലത്തിന്റെ സ്മൃതികളുണര്‍ത്തുന്ന ഒന്നായിരിക്കും നാമിന്റെ ഓണാഘോഷ പരിപാടികളെന്ന് നാമിന്റെ പ്രസിഡന്റ് ജയ്‌സണ്‍ ജോര്‍ജ്ജ് അറിയിച്ചു. ഓണാഘോഷത്തിന്റെ വിശദമായ കാര്യപരിപാടികള്‍ അധികം വൈകാതെ തന്നെ നാമിന്റെ വെബ്ബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. യുകെയിലെ എല്ലാ മലയാളികള്‍ക്കും ഐശ്വര്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും നല്ലൊരു ഓണക്കാലം ആശംസിക്കുന്നതായും അദ്ദേഹം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല