സ്വന്തം ലേഖകന്‍: കേരളീയര്‍ കാത്തിരിക്കുന്ന തിരുവോണത്തിന് ഇനി പത്തു ദിവസം. മലയാളികള്‍ക്ക് ഇനി ഓണത്തിരക്കിന്റെ നാളുകള്‍. മലയാളത്തിന്റെ മഹാബലി തമ്പുരാന് കേരളമൊട്ടാകെ വരവേല്‍പ്പേകിയാണ് മലയാളികള്‍ ഓണം കൊണ്ടാടുന്നത്. ജാതിഭേദമന്യേ കേരളത്തില്‍ എല്ലാവരും ആഘോഷിക്കുന്ന ഒരേയൊരു ആഘോഷം ഓണമാണെന്ന് തന്നെ പറയാം.
തിരുവോണദിവസം മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിനാണ് അത്തം മുതല്‍ ഒരുക്കങ്ങളാരംഭിക്കുന്നത്. ചിങ്ങമാസത്തിലെ അത്തംനാള്‍ മുതല്‍ തിരുവോണം വരെയുള്ള പത്തുദിവസങ്ങളില്‍ വീട്ടുമുറ്റത്ത് ഒരുക്കുന്ന പുഷ്പാലങ്കാരമാണ് അത്തപ്പൂവ്.
തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാന്‍ വേണ്ടിയാണ് പൂക്കളം ഒരുക്കുന്നത്. തൃക്കാക്കരവരെപോയി ദേവനെ പൂജിക്കാന്‍ എല്ലാ ജനങ്ങള്‍ക്കും സാധിക്കാതെ വന്നപ്പോള്‍ അവരവരുടെ മുറ്റത്ത് പൂക്കളം ഉണ്ടാക്കി അതില്‍ പ്രതിഷ്ഠിച്ച് തന്നെ ആരാധിച്ചുകൊള്ളുവാന്‍ തൃക്കാക്കരയപ്പന്‍ അനുവദിച്ചു എന്നാണ് ഐതിഹ്യം.
മുറ്റത്ത് അത്തം ഇടാന്‍ സ്ഥലമൊരുക്കി അതിനുശേഷം ചാണകം മെഴുകിയിട്ടാണ് പൂക്കളമൊരുക്കുന്നത്. ചിങ്ങത്തിലെ അത്തം നാള്‍ മുതലാ!ണ് പൂക്കളം ഒരുക്കാന്‍ തുടങ്ങുന്നത്. ആദ്യത്തെ ദിവസമായ അത്തംനാളില്‍ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകള്‍ മൂന്നാം ദിവസം മൂന്നിനം പൂവുകള്‍ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു.
ചോതിനാള്‍ മുതല്‍ മാത്രമേ ചെമ്പരത്തിപ്പൂവിന് പൂക്കളത്തില്‍ സ്ഥാനമുള്ളൂ. ഉത്രാടത്തിനാണു പൂക്കളം പരമാവധി വലിപ്പത്തില്‍ ഒരുക്കുന്നത്. മൂലം നാളില്‍ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്. എന്നാല്‍ ചിലയിടങ്ങളില്‍ ഒരു നിറത്തിലുള്ള പൂവില്‍ തുടങ്ങി പത്തു ദിവസം പത്തു നിറങ്ങളിലുള്ള പൂക്കള്‍കൊണ്ട് പൂക്കളം ഒരുക്കുന്നു.
ചാണകം മെഴുകിയ വെറും നിലം കൂടാതെ, മണ്ണുകൊണ്ട് നിര്‍മിച്ച ചാണകം മെഴുകിയ ചെറുമണ്ഡപവും പൂവിടുന്നതിന് ഉപയോഗിക്കുന്നുണ്ട്. ചിലയിടങ്ങളില്‍ പൂവിനുപകരം കല്ലുപ്പില്‍ പലനിറങ്ങള്‍ കൊടുത്തും അത്തം ഒരുക്കാറുണ്ട്. ചരിത്രപ്പെരുമയുടെ സ്മരണകള്‍ ഉണര്‍ത്തി തൃപ്പൂണിത്തുറയില്‍ അത്തച്ചമയഘോഷ യാത്ര ഇന്ന് നടക്കും. പ്രളയത്തെ തുടര്‍ന്ന്! കഴിഞ്ഞ വര്‍ഷം നടക്കാതെ പോയ ഘോഷയാത്ര ഇക്കുറി വര്‍ണാഭമായ രീതിയില്‍ നടത്താനാണ് നഗരസഭ കൗണ്‍സിലിന്റെ തീരുമാനം.
അത്താഘോഷം ഇന്നു രാവിലെ ഒന്‍പതിന് മന്ത്രി എകെ. ബാലന്‍ ഉദ്ഘാടനം ചെയ്യും. രാജഭരണ കാലത്ത് കൊച്ചി മഹാരാജാവ് പങ്കെടുത്തിരുന്ന അത്തച്ചമയത്തിന്റെ സ്മരണകളുയര്‍ത്തുന്നതാണ് കൊച്ചി രാജ്യത്തിന്റെ തലസ്ഥാന നഗരിയായ തൃപ്പൂണിത്തറയില്‍ നടക്കുന്ന അത്തം ഘോഷയാത്ര. പ്രളയം തളര്‍ത്തിയ നാളുകള്‍ക്ക് ശേഷം പ്രതീക്ഷയുമായി ഇനി പത്ത് നാള്‍ ഓണാഘോഷം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല