ഏറെ കൊട്ടിഘോഷിക്കപ്പെട്ട് തീയേറ്ററുകളിലെത്തിയ ഓണച്ചിത്രങ്ങള്‍ പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊപ്പമെത്തിയില്ലെന്ന് റിപ്പോര്‍്ട്ടുകള്‍. ഓണം റിലീസിനായി എത്തിയ മൂന്ന് സിനിമകളില്‍ ഒരെണ്ണത്തിന് മാത്രമാണ് അല്‍പ്പമെങ്കിലും പ്രതീക്ഷ പുലര്‍ത്താനായത്. ഇനി പുറത്തിറങ്ങാനിരിക്കുന്ന മോഹന്‍ലാല്‍ ജോഷി ടീമിന്റെ റണ്‍ ബേബി റണിലാണ് പ്രേക്ഷകരുടെ പ്രതീക്ഷ. മമ്മൂട്ടിയുടെ താപ്പാന, ദിലീപിന്റെ മിസ്റ്റര്‍ മരുമകന്‍, ഫഹദ് ഫാസിലിന്റെ ഫ്രൈഡേ, മോഹന്‍ലാലിന്റെ റണ്‍ ബേബി റണ്‍ എന്നിവയാണ് ഓണത്തിന് റിലീസ് ചെയ്യാനിരുന്ന ചിത്രങ്ങള്‍. ഇതില്‍ റണ്‍ ബേബി റണ്‍ ഓണത്തിന്റെ തലേന്ന് മാത്രമേ തീയേറ്ററുകളിലെത്തു. ബാക്കിയുളളവയുടെ കാര്യത്തില്‍ തീരുമാനമായി കഴിഞ്ഞു.
ഓണച്ചിത്രങ്ങളില്‍ ഫ്രൈഡേ ആയിരുന്നു ആദ്യമെത്തിയത്. അന്‍പതിലേറെ താരങ്ങള്‍ അണിനിരന്ന ഈ കൊച്ചുചിത്രം ആവറേജിലും മുകളില്‍ നിലവാരം പുലര്‍ത്തുന്നതാണ്. ഫഹദ് ഫാസില്‍, ആന്‍ അഗസ്റ്റിന്‍, നെടുമുടി വേണു, ടിനി ടോം, പ്രകാശ് ബാര, ശശി കലിംഗ എന്നിവരാണ് പ്രധാനതാരങ്ങള്‍. നജിം കോയയുടെ തിരക്കഥയില്‍ ലിജിന്‍ ജോസ് എന്ന നവാഗതനാണ് ചിത്രമൊരുക്കിയത്. മോശമല്ലാത്ത ചിത്രമെന്ന പേരു നേടി ഫ്രൈഡേ തിയറ്ററില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്.
എന്നാല്‍ മമ്മൂട്ടി നായകനായ താപ്പാന വളരെ മോശം റിപ്പോര്‍ട്ടുകളാണ് നേടിയിരിക്കുന്നത്. ജെ. സിന്ധുരാജിന്റെ തിരക്കഥയില്‍ ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രത്തിന് സാധാരണ നിലവാരം പോലുമില്ലെന്നാണ് റിപ്പോര്‍്ട്ടുകള്‍. ചാര്‍മി, മുരളി ഗോപി, സുരേഷ് കൃഷ്ണ, സജിത ബേട്ടി എന്നിവരാണു പ്രധാന താരങ്ങള്‍. കെട്ടുറപ്പില്ലാത്ത തിരക്കഥയും മോശം സംവിധാനവും ചിത്രത്തിന് തിരിച്ചടിയാപ്പോള്‍ മമ്മൂട്ടിയുടെ പ്രകടനം തികച്ചും നിലവാരം ഇല്ലാത്തത് ആയിരുന്നുവെന്നാണ് വിമര്‍ശകരുടെ അഭിപ്രായം.
മായാമോഹിനിക്കു ശേഷം ദിലീപ് നായകനായ മിസ്റ്റര്‍ മരുമകന്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ വിളമ്പുകയാണ്. സനൂഷ ആദ്യമായി നായികയാകുന്ന ചിത്രത്തില്‍ ഖുശ്ബു, ഭാഗ്യരാജ്, നെടുമുടി വേണു, ബിജു മേനോന്‍, ബാബുരാജ്, ഷീല എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. സിബി കെ. തോമസ് ഉദയ് കൃഷ്ണയുടെ തിരക്കഥയില്‍ സന്ധ്യ മോഹന്‍ ആണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. നാടക ട്രൂപ്പിന്റെ ഉടമയായ അശോക് രാജ് ആയിട്ടാണ് ദിലീപ് അഭിനയിക്കുന്നത്. ആള് എല്‍എല്‍ബിയാണെങ്കിലും നാടകമാണ് ഇഷ്ട വിനോദം. കുടുംബപ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന രീതിയിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. എങ്കിലും ദിലീപിന്റെ പതിവ് ശൈലി ആവര്‍ത്തന വിരസത ഉണ്ടാക്കുന്നുണ്ട്. ഉല്‍സവകാല വിനോദമെന്ന നിലയില്‍ കുടുംബങ്ങള്‍ കാണുമെന്ന് ഉറപ്പുള്ള ചിത്രമാണ് മിസ്റ്റര്‍ മരുമകന്‍.
മോഹല്‍ലാല്‍ ജോഷി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന റണ്‍ ബേബി റണ്‍ ഓണത്തിന്റെ തലേദിവസമാണ് തിയറ്ററില്‍ എത്തുക. ഇനി പ്രേക്ഷകരുടെ എല്ലാ പ്രതീക്ഷയും റണ്‍ ബേബി റണിലാണ്. ചാനലുകള്‍ തമ്മിലുള്ള കിടമല്‍സരമാണ് പ്രമേയം. സച്ചിയുടെ ആദ്യ സ്വതന്ത്ര തിരക്കഥയാണിത്. അമല പോള്‍ ആണ് നായിക. ലാല്‍ ചാനല്‍ റിപ്പോര്‍ട്ടറായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ജോഷി ചിത്രത്തിലെ എല്ലാ ചേരുവകളും ഉള്ള ചിത്രമായിരിക്കും റണ്‍ ബേബി റണ്‍. കേരളത്തിലും പുറത്തുമായി നൂറിലേറെ തിയറ്ററിലാണ് ചിത്രം എത്തുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല