സ്വന്തം ലേഖകന്‍: ഗള്‍ഫ് മേഖലയിലേക്കുള്ള തിരക്ക് മുതലാക്കാന്‍ ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി വിമാനക്കമ്പനികള്‍. അവധിക്കാലം കഴിഞ്ഞ് ഗള്‍ഫിലേക്കു മടങ്ങുന്ന യാത്രക്കാരുടെ തിരക്ക് മുതലാക്കാന്‍ ടിക്കറ്റ് നിരക്ക് ആറിരട്ടിയിലധികമാണ് വിമാന കമ്പനികള്‍ ഉയര്‍ത്തിയത്. ബക്രീദും ഓണവും കഴിയുന്നതോടെ ഗള്‍ഫിലേക്ക് പ്രവാസികള്‍ കൂട്ടത്തോടെ മടങ്ങിപ്പോകുന്ന സമയം മുന്നില്‍ക്കണ്ടാണിത്.
ഓഗസ്റ്റ് 20 നു ശേഷം ഗള്‍ഫിലേക്ക് 35,000 മുതല്‍ 45,000 രൂപ വരെയാണ് ഈടാക്കുന്നത്. 24ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കൊച്ചിദുബായ് നിരക്ക് 41,000 രൂപയാണ്. ദുബായിലേക്കും ഷാര്‍ജയിലേക്കുമുള്ള കുറഞ്ഞ നിരക്ക് 35,000 രൂപയാണ്. കുവൈറ്റിലേക്ക് 46,000 രൂപ വരെ ചില ദിവസങ്ങളില്‍ വിമാന കമ്പനികള്‍ ഈടാക്കുന്നുണ്ട്. ഈ മാസം അവസാനമാകുമ്പോഴേയ്ക്കും നിരക്ക് ഇനിയും കൂടാനാണ് സാധ്യത.
ഈ പാതയില്‍ സെപ്റ്റംബര്‍ പകുതി വരെ വന്‍ തിരക്ക് പതിവാണ്. സാധാരണ സെപ്റ്റംബര്‍ ആദ്യ വാരമാണ് ഗള്‍ഫില്‍ സ്‌കൂള്‍ തുറക്കുന്നത്. ഗള്‍ഫിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആയതോടെ തിരക്കുണ്ടെങ്കിലും മുന്‍ വര്‍ഷങ്ങളിലേതുപോലെ ടിക്കറ്റ് കിട്ടാത്ത അവസ്ഥ നിലവിലില്ല. വിമാന കമ്പനികളുടെ നിരക്ക് ഉയര്‍ത്തല്‍ തടയാനായി സര്‍ക്കാര്‍ ഇടപെല്ല് വേണമെന്ന് ഏറെക്കാലമായുള്ള പ്രവാസികളുടെ ആവശ്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല