1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 15, 2024

സ്വന്തം ലേഖകൻ: ലോകസഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്താനുദ്ദേശിച്ച് കൊണ്ടുവരുന്ന ‘ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പ്’ നിയമം 2034 വരെ നടപ്പിലായേക്കില്ലെന്ന് സൂചന. പാര്‍ലമെന്റില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിക്കാനിരിക്കെ അതിലെ വിവരങ്ങള്‍ പുറത്തായി. ബില്ലിലേത് എന്നവകാശപ്പെടുന്ന കോപ്പികള്‍ വെള്ളിയാഴ്ച രാത്രിമുതല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഇതിലെ വിവരങ്ങള്‍ പ്രകാരം ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നിയമം പ്രാബല്യത്തിലാകുന്നതിന് മുമ്പ് ഏതെങ്കിലും നിയമസഭയുടെ കാലാവധി കഴിയുന്ന സാഹചര്യമുണ്ടായാല്‍ അവിടെ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കും. ഇങ്ങനെ നിലവില്‍ വരുന്ന നിയമസഭയ്ക്ക് നിയമം പ്രാബല്യത്തിലാകുന്നതുവരെയോ അല്ലെങ്കില്‍ ലോകസഭയുടെ കാലാവധി കഴിയുന്നതുവരെയോ ആകും കാലാവധിയുണ്ടാകുക.

ഭരണഘടനയുടെ 129-ാം ഭേദഗതിയായാണ് ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ പാര്‍ലമെന്റില്‍ എത്തുക. ബില്ലിന് കേന്ദ്രമന്ത്രിസഭ നേരത്തെ അംഗീകാരം നല്‍കിയിരുന്നു. 2029ലാണ് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുക. എന്നാല്‍ ബില്ലിലെ വിവരങ്ങള്‍ അനുസരിച്ച് 2034ല്‍ മാത്രമേ നിയമസഭകളിലേക്കും ലോക്‌സഭയിലേക്കും ഒന്നിച്ച് തിരഞ്ഞെടുപ്പ് നടക്കു.

നിയമം പ്രാബല്യത്തിലായാല്‍ ലോക്‌സഭയുടെ കാലാവധി കഴിയുന്നതോടെ അതിനൊപ്പം സംസ്ഥാന നിയമസഭകളുടെയും കാലാവധി അവസാനിക്കും. നിയമം വരുന്നതിന് മുമ്പ് നിലവില്‍ വന്ന നിയമസഭകളും അതിന് ശേഷം വന്ന നിയമസഭകളും ലോക്‌സഭയുടെ കാലാവധി അവസാനിക്കുന്നതോടെ പിരിച്ചുവിടപ്പെടും. ഇതിന് ശേഷം ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ഒന്നിച്ച് തിരഞ്ഞെടുപ്പ് നടക്കും.

ഒന്നിച്ച് തിരഞ്ഞെടുപ്പ് നടക്കുന്നതിനെയാണ് ഇനി പൊതു തിരഞ്ഞെടുപ്പെന്ന് വിവക്ഷിക്കുക. ഏതെങ്കിലും നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടത്താന്‍ സാധിച്ചില്ലായെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആ വിവരം രാഷ്ട്രപതിയെ ഔദ്യോഗികമായി അറിയിക്കുകയും രാഷ്ട്രപതിയുടെ അനുമതിയോടെ മറ്റൊരു തിയതിയില്‍ അവിടെ തിരഞ്ഞെടുപ്പ് നടത്തുകയും വേണം.

ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന നിയമസഭയും ലോക്‌സഭയോടൊപ്പം കാലാവധി അവസാനിക്കും. ലോക്‌സഭയോ, സംസ്ഥാന നിയമസഭകളോ അഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് പിരിച്ചുവിടപ്പെടുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ പോലും പുതിയതായി വരുന്ന സഭയ്ക്ക് മുന്‍ സഭയുടെ ബാക്കിയുള്ള കാലാവധി മാത്രമേ ഉണ്ടാകു. അതായത് ഇടക്കാല തിരഞ്ഞെടുപ്പിന് സമാനമായ അവസ്ഥയാകും ഇക്കാര്യത്തിലുണ്ടാകുക. ഇങ്ങനെയാണ് ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പ് നിയമത്തേ പറ്റി പഠിക്കാന്‍ നിയോഗിച്ച രാം നാഥ് കോവിന്ദ് കമ്മിറ്റി നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നത്.

ലോകസഭയുടെ കാലാവധി അവസാനിക്കുന്നതിനൊപ്പം നിയമസഭയുടെ കേന്ദ്രഭരണ പ്രദേശങ്ങളിലെയും നിയമസഭകള്‍ പിരിച്ചുവിടപ്പെടും. ഒറ്റത്തവണ തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍ ആദ്യ ഘട്ടത്തില്‍ ലോകസഭയിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭകളിലേക്കുമാണ് ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തേണ്ടതെന്നും അതിന് ശേഷം മറ്റ് നിയമസഭകളുടെ തിരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് കോവിന്ദ് സമിതിയുടെ ശുപാര്‍ശയിലുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.