ബ്രിട്ടന്‍ വീണ്ടും സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലേക്കാണോ? ഗ്രീസും യൂറോപ്പിലെ മറ്റു ചില രാജ്യങ്ങളും നേരിടുന്ന അതീവഗുരുതരമായ സാമ്പത്തിക പ്രതിസന്ധി യുകെയിലേക്കും പടരുന്നതിന്റെ സൂചനകളാണു പുറത്തുവരുന്നത്. ബ്രിട്ടനിലെ ആയിരക്കണക്കിനു കുടുംബങ്ങളുടെ ജീവിതം കുടുതല്‍ ദുഷ്‌കരമാകാനാണു സാധ്യത. മലയാളികള്‍ അടക്കം ആയിരക്കണക്കിനു പേര്‍ക്കു തൊഴില്‍ നഷ്ടമാകും. ഒന്നും ഉറപ്പിച്ച് പറയാന്‍ പറ്റാത്ത അവസ്ഥയാണിപ്പോള്‍. മാന്ദ്യം എന്ന പേടിസ്വപ്നം പിടിമുറുക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായെങ്കിലും ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന കണക്കുകള്‍ പ്രകാരം ബ്രിട്ടന് മാന്ദ്യത്തിലേക്ക് വഴുതാന്‍ ആറില്‍ ഒന്ന്‍ സാധ്യതയാണ് ഐ എം എഫ് കണക്കാക്കുന്നത്.
ഇപ്പോള്‍ത്തന്നെ സര്‍ക്കാരിന്റെ ചെലവുചുരുക്കല്‍ നയങ്ങളും വിലക്കയറ്റവും കൊണ്ടു പൊറുതിമുട്ടുന്ന യുകെയിലെ ഇടത്തരം കുടുംബങ്ങള്‍ക്ക് ഇനിയൊരു സാമ്പത്തികപ്രതിസന്ധി കൂടി താങ്ങാന്‍ കഴിയുമെന്നു തോന്നുന്നില്ല. യൂറോപ്യന്‍ രാജ്യങ്ങളുടെ കടബാധ്യത, രാജ്യാന്തര സാമ്പത്തിക രംഗത്തെ തിരിച്ചടി എന്നിവ ബ്രിട്ടീഷ് സാമ്പത്തികമേഖലയിലേക്കു പടര്‍ന്നുപിടിക്കുമെന്നാണ് സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ വര്‍ഷം സമ്പദ്‌വ്യവസ്ഥയില 1.1 ശതമാനം വളര്‍ച്ചയെ പ്രതീക്ഷിക്കാന്‍ വകയുള്ളൂ. അതേസമയം ബ്രിട്ടന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ വീണ്ടും മുങ്ങിത്താഴാന്‍ 17 ശതമാനം സാധ്യതയും കാണുന്നു.
ബ്രിട്ടന്റെ ഇപ്പോഴത്തെ ഈ പരിതാപകരമായ അവസ്ഥയ്ക്ക് ബ്രിട്ടീഷ് ജനത കുറ്റപ്പെടുത്തുന്നത് യൂറോപ്പിനെയാണ്. യൂറോപ്യന്‍ യൂണിയന്റെ ബുദ്ധിശൂന്യമായ നയങ്ങള്‍ യൂറോപ്പിനെ കെണിയിലാക്കിയിരിക്കുകയാണ് എന്നാണു ഭൂരിപക്ഷം ജനങ്ങളും അഭിപ്രായപ്പെടുന്നത്. ഗ്രീസിന്റെ കാര്യത്തില്‍ കാണിക്കുന്ന അശ്രദ്ധയും യൂറോപ്പിനെ അപകടത്തിലാക്കുമെന്നു വിദഗ്തര്‍ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. അതേസമയം ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി നിക്ക് ക്ലെഗ് പഴിക്കുന്നത് ഫ്രാന്‍സിനെയും ജര്‍മനിയെയുമാണ്. ഗ്രീസിനും സ്പെയിനിനും ഇറ്റലിക്കും വന്‍ കടബാധ്യത ഉണ്ടായത് അവര്‍ കാരണമാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
ഒത്തൊരുമിച്ചു നേരിട്ടാല്‍ മാത്രമേ യൂറോപ്പിന് എന്തെങ്കിലും ഗുണം ലഭിക്കുകയുള്ളൂ എന്ന് ഐ എം എഫ് മേധാവി ക്രിസ്ടിന്‍ ലഗര്ടെ പറഞ്ഞു. ഇങ്ങനെ പോകുകയാണെങ്കില്‍ യുഎസും യുകെയും കുടുതല്‍ കറന്‍സി അച്ചടിക്കെന്റി വരും. ഇത്പോറൊപ്പം തന്നെ ജര്‍മന്‍ കമ്പനി ആയസിമെന്‍സ് 435 മില്യന്‍ പൌണ്ട് ബാങ്ക് സൊസൈറ്റി ജനറലില്‍ നിന്നും പിന്‍വലിച്ചത് ആശങ്കകള്‍ വര്‍ദ്ടിപ്പിച്ചിട്ടുണ്ട്. അവര്‍ ആ പണം യുറോപ്യന്‍ സെന്‍ട്രല്‍ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ട് എങ്കിലും നിക്ഷേപങ്ങളല്ല കുഴപ്പം, തെറ്റായ നയങ്ങളാണെന്ന് എന്നാണ് പാരിസിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്തായാലും ഇരട്ടമാന്ദ്യം ബ്രിട്ടനെ ഏതു നിമിഷവും ബാധിചെക്കാം എന്നു ഉറപ്പാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല