വര്‍ദ്ധിച്ഛുവരുന്ന ജീവിതപ്രാരാബ്ധങ്ങള്‍ക്കിടയിലേക്ക്, പൗരന്മാരെ വലയ്ക്കാനായി ബാങ്കുകളും ശ്രമം ആരംഭിച്ചതോടെ യു.കെയിലെ ജീവിതം കൂടുതല്‍ ദുസ്സഹമാകാനുള്ള സാധ്യതകള്‍ തെളിഞ്ഞുവരുന്നു. യൂറോപ്പിലാകമാനം പുതിയൊരു ഭൂതം പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്, 2008 -09 കാലഘട്ടത്തില്‍ ഒന്നു മുഖം കാണിച്ഛ് പോയിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധി അത്രതന്നെ ജനജീവിതത്തെ കുഴപ്പത്തിലാക്കുകയുണ്ടായില്ല. ഓഹരിവിപനിയിലെല്ലാം പണം നിക്ഷേപിച്ചിരുന്നവരായിരുന്നു അന്ന് ദുരിതത്തിന് കൂടുതലും ഇരയാക്കപ്പെടുകയുണ്ടായത്, എന്നാലിതാ പുതിയ ഭൂതം ബ്രിട്ടനെയും വിഴുങ്ങാന്‍ വായും പൊളിച്ചെത്തിക്കഴിഞ്ഞിരിക്കുന്നു.
വളരെയധികം കഷ്ടപ്പെട്ടിട്ടാണ് പലരും ഒരു വീട് സ്വന്തമാക്കാനായി, ബാങ്കുകളില്‍നിന്നും മോര്‍ട്ട് ഗേജ് എടുക്കുന്നത്, എന്നാല്‍ ആകര്‍ഷകമായ പരസ്യങ്ങളും വാഗ്ദാനങ്ങളും കാണിച്ച് പ്രലോഭിപ്പിച്ച് കുടുക്കില്‍പ്പെടുത്തുന്നതുപോലെയായി ഇപ്പോള്‍ ബാങ്കുകളുടെ കൂട്ടായ തീരുമാനം. ആദ്യഘട്ടമായി ഭൂരിഭാഗം ഓഹരികളും സര്‍ക്കാര്‍ കൈയ്യാളുന്ന ഹാലിഫാക്സ് ഈ മാസം മുതല്‍ പലിശ നിരക്ക് അര ശതമാനം ഉയര്‍ത്തിയിരിക്കുകയാണ്. പെട്ടെന്ന് ഇത്തരത്തിലൊരു തീരുമാനത്തിലെത്താന്‍ കമ്പനിയെ പ്രേരിപ്പിച്ച ഘടകം യൂറോപ്പിലെ സാമ്പത്തികപ്രതിസന്ധിയാണത്രെ!!? ആറുമാസത്തോളമായി യൂറോപ്പില്‍ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഈ പ്രതിസന്ധി ബ്രിട്ടനെയും മലര്‍ത്തിയടിച്ചേക്കാമെന്നതിന്റെ ആദ്യപടിയായിരിക്കുമോ ഈ പലിശ വര്‍ദ്ധനവ്.
എന്തുതന്നെയായാലുംഹാലിഫാക്സ് മോര്‍ട്ട് ഗേജ് എടുത്ത 8,55,000 കുടുംബങ്ങളെയാണ് ഈ പ്രതിസന്ധി പിടികൂടാന്‍ പോകുന്നത്. മാത്രമല്ല, മറ്റ് പ്രശസ്ത സ്ഥാപനങ്ങളായ കോഓപ്പറേറ്റീവ്, ക്ലിഡെസ്‌റ്റെയില്‍/യോര്‍ക്ക്‌ഷെയര്‍, വണ്‍ അക്കൗണ്ട് തുടങ്ങിയ സ്ഥാപനങ്ങളും ഹാലിഫാക്‌സിനെ പിന്തുടര്‍ന്ന് ഈ മാസം മുതല്‍ പലിശ വര്‍ദ്ധിപ്പിക്കുകയാണ് ഇതോടെ ബ്രിട്ടനിലെ 80 ശതമാനം കുടുംബങ്ങളെയും ഈ പ്രതിസന്ധി രൂക്ഷമായി ബാധിയ്ക്കുമെന്നുറപ്പാണ്. യൂറോയുടെ വില പിടിച്ഛുനിര്‍ത്താന്‍ കഴിയാത്തതിനാല്‍ ലോകബാങ്ക് കഴിഞ്ഞാഴ്ച നടത്തിയ അടിയന്തിരയോഗത്തില്‍ ബ്രിട്ടന്‍ 300മില്ല്യണ്‍ പൗണ്ടിന്റെ ധനസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ ബ്രിട്ടനില്‍ പൊതുവികാരം ശക്തമായിരിക്കുകയാണ്. അതിനിടയ്ക്ക് ചില സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ ഒഴിഞ്ഞ ടിഫിന്‍ ബോക്‌സുമായാണ് വന്നതെന്ന വാര്‍ത്ത ജനങ്ങളെയാകെ സ്തബ്ധരാക്കിയിരുന്നു. സാമ്പത്തികപ്രതിസന്ധിയുടെ ദോഷങ്ങള്‍ സാധാരണക്കാര്‍ക്കിടയിലേക്ക് എത്തിതുടങ്ങിയതിന്റെ തെളിവുകളായിട്ടാണ് സാമ്പത്തികശാസ്ത്രജ്ഞര്‍ ഈ വാര്‍ത്തയോട് പ്രതികരിച്ചത്.
പുതിയ സംഭവവികാസങ്ങള്‍ ജനജീവിതത്തെ ബാധിക്കുമ്പോള്‍ സ്വാഭാവികമായും ജനങ്ങള്‍ ആദ്യം കുറവുവരുത്തുന്നത് ഭക്ഷണത്തില്‍ തന്നെയായിരിക്കും. ഇതോടെ ജനതയുടെ ആയൂരാരോഗ്യത്തിനും ദോഷങ്ങള്‍ സംഭവിച്ചുതുടങ്ങും. കഴിഞ്ഞ ബജറ്റിനുശേഷം ബ്രിട്ടീഷ്‌സര്‍ക്കാരിന്റെ രേഖ കീഴ്‌പ്പോട്ടാണ് എന്നതിനാല്‍ തന്നെ പുതിയ സംഭവവികാസങ്ങള്‍ ഇതിന്റെ ആക്കം വര്‍ദ്ധിപ്പിക്കുമെന്നും ഉറപ്പാണ്. ബ്രിട്ടനില്‍ മറ്റൊരു വാള്‍സ്ട്രീറ്റിനുള്ള സാധ്യതയിലേക്കാണോ കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നതെന്നാണ് ഇപ്പോള്‍ പല കേന്ദ്രങ്ങളില്‍ നിന്നുമുള്ള സംശയം!!?
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല